വയൽക്കിളികൾക്കു നൽകിയ ഉറപ്പ് പാഴായി; കീഴാറ്റൂരില്‍ ബൈപാസ് വയലിലൂടെ തന്നെ

വയൽക്കിളികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ ബിജെപി നേതാക്കൾ (ഫയൽചിത്രം)

ന്യൂഡൽഹി/കണ്ണൂർ ∙ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ തീരുമാനം. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണം. ഇതോടെ ബദല്‍സാധ്യത പരിശോധിക്കുമെന്ന കേന്ദ്രത്തിന്‍റെയും ബിജെപിയുടെയും ഉറപ്പ് പാഴായി.

കണ്ണൂർ കീഴാറ്റൂരിലെ ബൈപാസ് അലൈൻമെന്റ് മാറ്റാൻ സാധ്യത കുറവാണെന്നു സംസ്ഥാന സർക്കാർ വിലയിരുത്തിയിരുന്നു. പുതിയ അലൈൻമെന്റ് ഉണ്ടാക്കുന്നതു ദേശീയപാതാ വികസനം സ്തംഭിപ്പിക്കുമെന്ന കേരളത്തിന്റെ ആശങ്ക ദേശീയപാതാ അതോറിറ്റി മേധാവികൾ ഉൾപ്പെടെയുള്ളവരെ അറിയിച്ചതുമാണ്. അലൈൻമെന്റ് മാറ്റാൻ സാധ്യതയില്ലെന്നാണു കേന്ദ്രം അനൗദ്യോഗികമായി പറഞ്ഞത്. സംസ്ഥാന സർക്കാരിനെ ഒഴിവാക്കി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ബിജെപി നേതാക്കളുമായും കീഴാറ്റൂരിൽ സമരം നടത്തുന്ന വയൽക്കിളികളുമായും ചർച്ച നടത്തിയതു വിവാദമായിരുന്നു.

അലൈൻമെന്റ് മാറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥർ നേരത്തേ തന്നെ നിതിൻ ഗഡ്കരിയെ ധരിപ്പിച്ചിരുന്നു. ഇക്കാര്യം മന്ത്രി സമരസമിതിയുമായുള്ള ചർച്ചയിലും ചൂണ്ടിക്കാട്ടി. കേരളത്തിൽ ദേശീയപാതാ വികസനം മുടങ്ങിക്കിടക്കുന്നതിന്റെ പ്രയാസങ്ങളും പങ്കുവച്ചു. പ്രായോഗികമായ എല്ലാ സാധ്യതകളും പരിശോധിച്ച ശേഷമാണു ജനജീവിതത്തെ ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കുന്ന ഈ അലൈൻമെന്റ് നിശ്ചയിച്ചത് എന്നാണ് അതോറിറ്റിയുടെ നിലപാട്.