കീഴാറ്റൂർ: ജനങ്ങളെ കബളിപ്പിച്ച ബിജെപി മാപ്പു പറയണമെന്നു പി. ജയരാജൻ

കണ്ണൂർ ∙ ദേശീയപാതയിൽ കീഴാറ്റൂർ ബൈപാസിനു സ്ഥലം ഏറ്റെടുക്കുന്നതിന് കേന്ദ്രം അന്തിമവിജ്ഞാപനം പുറത്തിറക്കിയ സാഹചര്യത്തിൽ, ജനങ്ങളെ കബളിപ്പിച്ചതിനു ബിജെപി മാപ്പു പറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. കീഴാറ്റൂർ വിഷയത്തിന്റെ പേരിൽ സിപിഎമ്മിനെ ഒതുക്കാം എന്ന ധാരണയോടെ വിരുദ്ധ ശക്തികളാകെ ഒത്തുചേർന്നിരുന്നു.

കീഴാറ്റൂരിൽ നന്ദിഗ്രാം ആവർത്തിക്കുമെന്നു ജമാ അത്തെ ഇസ്‌ലാമിയുടെ മുഖപത്രമെഴുതി. സിംഗൂരിലെ മണ്ണ് കീഴാറ്റൂരിലെത്തിച്ചു ബിജെപിയും സിപിഎമ്മിനെതിരെ പ്രചാരണം നടത്തി. ദേശീയ നിർവാഹക സമിതിയംഗത്തിന്റെ നേതൃത്വത്തിൽ ബിജെപി കർഷകരക്ഷാ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്രം ഇടപെടുമെന്ന വ്യാജ വാഗ്ദാനം നൽകിയ ബിജെപി യഥാർഥത്തിൽ കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. വി.എം. സുധീരനെപ്പോലെയുള്ള കോൺഗ്രസ് നേതാക്കളും കീഴാറ്റൂർ സമരത്തെ പിന്തുണച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇനി കീഴാറ്റൂരിലെ സമരത്തിനു പ്രസക്തിയില്ലെന്നും സമരം അവസാനിപ്പിച്ചു വയൽക്കിളികളെ പിരിച്ചുവിടണമെന്നും ദേശീയപാത വികസിപ്പിക്കേണ്ടത് ആവശ്യമായതിനാൽ തെറ്റായ നിലപാട് തിരുത്തി എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും ദേശീയപാതാ വികസനത്തിനു മുന്നോട്ടുവരണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.