സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ നായർ അന്തരിച്ചു

ന്യൂഡൽഹി ∙ സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ നായര്‍ (54) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഇന്ന് 12 മുതല്‍  മൂന്നു വരെ മൃതദേഹം ഗാസിയാബാദ്, ഇന്ദിരാപുരത്തുള്ള ഗോര്‍ഗ്രീന്‍ അവന്യുവിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. നാളെ തിരുവനന്തപുരം പട്ടത്തുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തൈക്കാട് വൈദ്യുത ശ്മശാനത്തില്‍ സംസ്കരിക്കും.

 കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, സുരേഷ് പ്രഭു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു

കേരള യൂണിവേഴ്‌സിറ്റിയില്‍നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1990 ലാണ് രാധാകൃഷ്ണന്‍ നായർ മാധ്യമ രംഗത്തെത്തുന്നത്. യുഎന്‍ഐയിലായിരുന്നു തുടക്കം. 95 ല്‍ സിഎന്‍ബിസിയില്‍ ചേര്‍ന്നു. പിന്നീട് സിഎന്‍എന്‍ ന്യൂസ് 18 ന്റെ എക്‌സിക്യൂട്ടിവ് എഡിറ്ററായി. നാലുവര്‍ഷമായി സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്ററാണ്. 

ഭാര്യ: ജോതി നായർ (ആദായനികുതി വകുപ്പ് ഓഫിസര്‍, ഡൽഹി). മക്കള്‍: കാര്‍ത്തിക, കീര്‍ത്തന.