സെന്റിനലി സമൂഹം കുടിയേറ്റ നയത്തിന്റെ മാതൃകയെന്ന് ഓസ്ട്രേലിയൻ സെനറ്റർ

കാൻബറ ∙ ആൻഡമാൻ നിക്കോബാറിലെ ഉത്തര സെന്റിനൽ ദ്വീപിൽ അമേരിക്കൻ വംശജൻ ജോൺ അലൻ ചൗ ഗോത്രവർഗക്കാരുടെ അമ്പേറ്റു മരിച്ച സംഭവത്തെകുറിച്ചുള്ള ചർച്ചകൾ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. ജോൺ ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. സംഭവത്തെക്കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു പല അഭിപ്രായങ്ങളാണ് ഉയരുന്നത്. ഒറ്റപ്പെട്ട സമൂഹത്തിലേക്ക് അതിക്രമിച്ചു കയറി മരണം ഏറ്റുവാങ്ങിയ ജോണ്‍ ചൗവിന്റെ പ്രവൃത്തിയെ കുറിച്ചും അഭിപ്രായങ്ങൾ പലതാണ്. ചിലർ, ദശാബ്ദങ്ങളായ സംസ്കാരങ്ങളെ തച്ചുടക്കാനുള്ള പാശ്ചാത്യ പ്രവണതയുടെ പ്രതിനിധിയായി ചൗവിനെ കാണുമ്പോൾ മറ്റു ചിലർ ഒരു വിഭാഗം ആളുകളുടെ രക്തസാക്ഷിയായി ആണ് അദ്ദേഹത്തെ കാണുന്നത്.

എന്നാൽ സെന്റിനലി സമൂഹത്തെ കുടിയേറ്റ നയത്തിന്റെ മാതൃകകളായി കാണുന്നുവെന്നുള്ളതാണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. ഓസ്ട്രേലിയൻ സെനറ്റ് അംഗം പോളിൻ ഹാൻസനാണ് ഇത്തരത്തിൽ ഒരു അഭിപ്രായവുമായി മുൻപോട്ടു വന്നത്. ഓസ്ട്രേലിയയിലേക്കുള്ള  കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം അവതരിപ്പിക്കുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് സെന്റിനലി സമൂഹത്തെ ദേശീയ കുടിയേറ്റ നയത്തിന്റെ മാതൃകകളായാണ് താൻ കാണുന്നതെന്നു പോളിൻ പറഞ്ഞത്. ‘ഞാൻ ഒരിക്കലും സെന്റിനലി നിവാസികളെ വംശീയവാദികളായി ചിത്രീകരിക്കില്ല, അവരുടെ പ്രവൃത്തിയെ കുറ്റപ്പെടുത്തുകയുമില്ല. കുടിയേറ്റ നയത്തിൽ അവർക്കാണ് ശരിയായ ആശയമുള്ളത്.’– പോളിൻ പറഞ്ഞു.

പോളിൻ ഹാൻസൻ

ഇവിടെയുള്ള പല ആളുകൾക്കും അംഗീകരിക്കാൻ സാധിക്കാത്ത ഒരു വസ്തുത ഉത്തര സെന്റിനലിയിലെ ഒറ്റപ്പെട്ട സമൂഹം നമ്മളെ പഠിപ്പിച്ചു. കുടിയേറ്റം ഒരു സമൂഹത്തിന്റെ സംസ്കാരത്തെയും ജീവിതരീതിയെയും അപ്പാടെ തകർക്കുന്നു. സെന്റിനലി സമൂഹത്തിന്റെ സംസ്കാരത്തെ തകർക്കണമെന്നു വാദിക്കുന്ന ഒരാളെപ്പോലും ചിലപ്പോൾ കണ്ടെത്താൻ സാധിക്കില്ലെന്നു പോളിൻ പറഞ്ഞു. ഓസ്ട്രേലിയയുടെ കുടിയേറ്റ നയവും അത്തരത്തിലുള്ളതായിരിക്കണമെന്നും അവർ പറഞ്ഞു.

1990–ൽ സെനറ്റ് അംഗമായതു മുതൽ രാജ്യത്തു നടക്കുന്ന കുടിയേറ്റത്തിനെതിരെ ശക്തമായി പ്രതികരിക്കുന്ന ആളാണ് പോളിൻ ഹാൻസൻ. ഓസ്ട്രേലിയൻ വംശജർ അല്ലാത്തവർ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനെ പോളിൻ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ മാസം, ദേശീയ ഗാനത്തിന് എഴുന്നേൽക്കാൻ വിസമ്മതിച്ച കുടിയേറ്റക്കാരിയായ ഒമ്പതു വയസ്സുകാരിയോട് പോളിൻ കയർത്തത് വിവാദമായിരുന്നു. ‘നിങ്ങളുടെ സാംസ്കാരിക പശ്ചാത്തലം എന്തുതന്നെയായാലും നമ്മെളെല്ലാവരും ഓസ്ട്രേലിയക്കാരാണ്’– ആ പെൺകുട്ടിയോട് പോളിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.