തെലങ്കാന തിരഞ്ഞെടുപ്പ്: രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയെ കാണാനില്ല

ചന്ദ്രമുഖി മുവ്വല

ഹൈദരാബാദ് ∙ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയെ ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായി. സിപിഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. വീട്ടിൽ നിന്ന് രാവിലെ കാണാതാകുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് കാണാതായ വിവരം മറ്റുളളവരെ അറിയിച്ചത്. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പ്രചാരണം നയിച്ചതിനു ശേഷം ഏറെ വൈകിയാണ് വീട്ടിലെത്തിയതെന്നും ഇന്ന് അതിരാവിലെ ഒരു പറ്റം ആളുകളോടൊപ്പം ചന്ദ്രമുഖി പുറത്തു പോയതായി സംശയിക്കുന്നതായി സുഹൃത്തുക്കൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. തെലുങ്കാനയിലെ ഹിജഡ സമിതി ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.

ആക്ടിവിസ്റ്റ് കൂടിയായ ചന്ദ്രമുഖി മുവ്വലയാണ് ഹൈദരാബാദിലെ ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. വിദ്വേഷ പ്രസംഗങ്ങളിലൂടെ വിവാദനായകനായ ബിജെപി എംഎല്‍എ രാജാ സിങ്ങിനെയാണ് ചന്ദ്രമുഖി നേരിടുന്നത്. രാജാ സിങ്ങിനെതിരെയുള്ള ചന്ദ്രമുഖിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ആവേശത്തോടെയാണ് തെലങ്കാനയിലെ പൊതുസമൂഹം സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടത്.  ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി മികച്ച കെട്ടുറപ്പോടെയും ചിട്ടയോടെയുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. രാജ്യത്ത് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഒരാളെ മത്സരിപ്പിക്കുന്നത്.

ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശത്തിനായി പോരാടുക എന്നതാണ് ലക്ഷ്യമെന്നും സമൂഹത്തിന് ദോഷകരമായി യാതൊന്നും ചെയ്യുകയില്ലെന്നും രാഷ്ട്രീയ നയത്തില്‍ മാറ്റം വരുത്താനാണു ശ്രമിക്കുന്നതെന്നും ചന്ദ്രമുഖി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.