ഒ.കെ.വാസു മലബാർ ദേവസ്വം പ്രസിഡന്റ്; വോട്ടെടുപ്പിൽ വിട്ടുനിന്ന് വി.ടി.ബൽറാം

ഒ.കെ.വാസു, വി.ടി.ബൽറാം

തിരുവനന്തപുരം ∙ മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളിലെ അംഗങ്ങളെ തിരഞ്ഞെടുത്തു ഹിന്ദു എംഎല്‍എമാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒ.കെ.വാസുവിനെയും അംഗമായി പി.പി.വിമലയെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതി വിഭാഗം അംഗത്തിന്റെ ഒഴിവിലേക്ക് അഡ്വ. എന്‍.വിജയകുമാറിനെയും തിരഞ്ഞെടുത്തു.

ആകെ 76 ഹിന്ദു എംഎല്‍എമാരില്‍ 72 പേര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 61 വോട്ടുകള്‍ വീതം എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു ലഭിച്ചു. യുഡിഎഫിന് 11 വോട്ടുകളും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് എം.കെ.ശിവരാജന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്നു. സര്‍വീസില്‍നിന്നും സെക്രട്ടേറിയറ്റിലെ അഡീ. സെക്രട്ടറി റാങ്കില്‍ നിന്നും വിരമിക്കുമ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ സെക്രട്ടറിയുമായിരുന്നു. നിലവില്‍ പട്ടികജാതി ക്ഷേമ സമിതിയുടെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റും കേരള പ്രീപ്രൈമറി ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന ട്രഷററും തിരുവനന്തപുരം കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും അയ്യങ്കാളി ട്രസ്റ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയുമാണ്.

യുഡിഎഫില്‍നിന്നു മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കു പടന്നയില്‍ പ്രഭാകരന്‍, കെ.രാമചന്ദ്രന്‍ എന്നിവരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്  കെ.പ്രിയംവദയുമാണു മത്സരിച്ചത്. ഭരണപക്ഷത്തുനിന്നു സിപിഎം അംഗം കെ.വി.വിജയദാസും കേരള കോൺഗ്രസ്- ബി അംഗം കെ.ബി.ഗണേഷ് കുമാറും വോട്ടെടുപ്പിനെത്തിയില്ല. വിജയദാസ് കർഷകസംഘത്തിന്റെ പരിപാടിയുമായി ഡൽഹിയിലാണ്. ഗണേഷ് ഒഴിച്ചുകൂടാനാവാത്ത മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ എത്തിയില്ലെന്നാണു വിശദീകരണം.

അതേസമയം, കോൺഗ്രസ് അംഗം വി.ടി.ബൽറാം സ്ഥലത്തുണ്ടായിട്ടും വോട്ട് ചെയ്യാനെത്തിയില്ല. ഹിന്ദു അംഗമായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നു കാണിച്ചു വോട്ടെടുപ്പിൽനിന്ന് ഒഴിവാക്കാൻ അഭ്യർഥിച്ചു കത്ത് നൽകിയിരുന്നു. എന്നാൽ സാങ്കേതികമായി അതിനു കഴിയില്ലെന്നു നിയമസഭാ സെക്രട്ടേറിയറ്റ്  വിശദീകരിച്ചു. രഹസ്യബാലറ്റായതിനാൽ വിപ്പ് ഇല്ലായിരുന്നതു ബൽറാമിനു വിട്ടുനിൽക്കാൻ സൗകര്യവുമായി.