നവജ്യോത് സിദ്ദുവിന് ഇവിടത്തേക്കാൾ സ്നേഹം പാക്കിസ്ഥാനിൽ കിട്ടുന്നു: കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, നവജ്യോത് സിങ് സിദ്ദു

അമൃത്‍സർ ∙ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവിന് ഇന്ത്യയില്‍ ലഭിക്കുന്നതിനെക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും പാക്കിസ്ഥാനിൽ ലഭിക്കുന്നുണ്ടെന്നാണു തോന്നുന്നതെന്നു കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ. പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പിൽ മൽസരിച്ചാൽ സിദ്ദു ജയിക്കുമെന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാന്‍റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണു കേന്ദ്രമന്ത്രിയുടെ പരിഹാസം. കർതാർപുർ– ഗുരുദാസ്പുർ സിഖ് തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാനിലെ ശിലാസ്ഥാപന ചടങ്ങിനിടെയായിരുന്നു സിദ്ദുവിനെ ഇമ്രാൻ പുകഴ്ത്തിയത്.

‘പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാമെന്ന വാഗ്ദാനമാണ് ഇമ്രാൻഖാൻ സിദ്ദുവിനു നൽകിയത്. അദ്ദേഹത്തിന് ഇവിടെ ലഭിക്കുന്നതിനെക്കാൾ കൂടുതൽ സ്നേഹവും ബഹുമാനവും പാക്കിസ്ഥാനിൽ ലഭിക്കുന്നുണ്ടെന്നാണു തോന്നുന്നത്. വളരെ നല്ല ബന്ധങ്ങള്‍ അദ്ദേഹത്തിന് അവിടെയുണ്ട്’ – ഹർസിമ്രത് കൗർ ആരോപിച്ചു. തന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനു സിദ്ദുവിന് ഇന്ത്യയിൽ ഏറെ വിമർശനം കേൾക്കേണ്ടിവന്നെന്നാണ് അറിഞ്ഞതെന്നും സമാധാനത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹത്തെ എന്തിനാണു വിമർശിച്ചതെന്നു മനസ്സിലാകുന്നില്ലെന്നുമായിരുന്നു ഇമ്രാൻ ഖാൻ പറഞ്ഞത്. സിദ്ദുവിനു പാക്കിസ്ഥാനിൽ വന്നു തിരഞ്ഞെടുപ്പിൽ മൽസരിക്കാമെന്നും വിജയം ഉറപ്പാണെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടിരുന്നു.

കർതാർപുർ– ഗുരുദാസ്പുർ സിഖ് തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാനിലെ ശിലാസ്ഥാപനം ചരിത്രപരവും വൈകാരികവുമായ നിമിഷമായിരുന്നുവെന്നു ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ചരിത്രവും അത്ഭുതവും കൺമുന്നിൽ സംഭവിക്കുന്നതാണ് ഞാൻ കണ്ടത്. ഇന്ത്യയിലും പാക്കിസ്ഥാനിലും ഏറെ സന്തോഷമുണ്ടാക്കിയ കാര്യമാണിത്. ബെർലിൻ മതിൽ നിലംപതിക്കാമെങ്കിൽ, ഉത്തര – ദക്ഷിണ കൊറിയകള്‍ക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാമെങ്കിൽ, ജർമനിക്കും ഫ്രാൻസിനുമിടയിലെ പ്രശ്നങ്ങൾക്കു സമാധാനം കാണാമെങ്കിൽ നമുക്കിടയിൽ നിലനിൽക്കുന്ന വെറുപ്പിന്റെ മതിലും തകർന്നു വീഴണം– കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.