ലോക്സഭയിലേക്കു മത്സരിക്കുമെന്ന് അസ്ഹറുദ്ദീൻ; തെലങ്കാനയിലേത് ധാർഷ്‌ട്യമുള്ള മുഖ്യമന്ത്രി

ഹൈദരാബാദ്∙ ന്യൂനപക്ഷം എല്ലായിപ്പോഴും കോൺഗ്രസിനൊപ്പമാണെന്നും തെലങ്കാനയിലും അക്കാര്യത്തിൽ മാറ്റമൊന്നുമുണ്ടായിരിക്കില്ലെന്നും ടിപിസിസി വർക്കിങ് പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ. ഇത്തവണത്തെ തിരഞ്ഞെടുപ്പു ഫലം ഇതിനു തെളിവായിരിക്കും.

ഹൈദരാബാദ് മേഖലയിലെ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിൽ എഐഎംഐഎം പാർട്ടിക്കുള്ള സ്വാധീനം കോൺഗ്രസിനെ ആശങ്കപ്പെടുത്തുന്നില്ല. ജനങ്ങളുടെ ചോദ്യങ്ങളെ ധാർഷ്ട്യത്തോടെ നേരിടുന്ന മുഖ്യമന്ത്രിയാണു തെലങ്കാനയിലേത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സെക്കന്ദരാബാദില്‍നിന്നു മല്‍സരിക്കുമെന്നും അസ്ഹറുദ്ദീന്‍ ‘മനോരമ ന്യൂസി’നോട് പറഞ്ഞു.

തെലങ്കാനയിൽ പാർട്ടി വലിയ ഉത്തരവാദിത്തമാണ് ഏൽപിച്ചിരിക്കുന്നത്. എല്ലാ പാർട്ടികൾക്കും അവരുടേതായ അജൻഡകളുണ്ട്. എന്നാൽ തന്റെ ലക്ഷ്യം കോൺഗ്രസിനു വേണ്ടി പരമാവധി പ്രവർത്തിക്കുകയെന്നതാണ്. മറ്റുള്ളവർ ചെയ്യുന്നതു ശ്രദ്ധിക്കാറില്ല. ന്യൂനപക്ഷ വിഭാഗക്കാരോടു കോൺഗ്രസിനു പറയാനുള്ളത് തന്നിലൂടെ പറയുമെന്നും അസ്ഹർ വ്യക്തമാക്കി.

തെലങ്കാനയിൽ ടിആർസ് വാഗ്ദാനം പാലിക്കാത്തതിനെ ജനം ചോദ്യം ചെയ്യുകയാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ജനങ്ങളോട് ആജ്ഞാപിക്കുന്നു. അതൊരു മുഖ്യമന്ത്രിക്കു ചേർന്ന രീതിയല്ല. ജനങ്ങളെ നിശബ്ദരാക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അസ്ഹർ പറഞ്ഞു.