ബ്രെക്സിറ്റ് ആഗോള സാമ്പത്തിക ക്രമത്തിനു ഗുണമാകും: തെരേസ മേ

തെരേസ മേ

ലണ്ടൻ∙ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബ്രെക്സിറ്റ് കരാർ ആഗോള സാമ്പത്തിക രംഗത്തിനു ഗുണകരമാകുമെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. അർജന്റീനയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ സംസാരിക്കവേയാണു ബ്രെക്സിറ്റ് ഉടമ്പടിയെ ലോക നേതാക്കൾക്കുമുന്നിൽ പ്രധാനമന്ത്രി ന്യായീകരിച്ചത്.

വിവിധ ലോക നേതാക്കളുമായി നേരിട്ടു കൂടിക്കാഴ്ച നടത്തി പുതിയ വ്യാപാര കരാറിനുള്ള പ്രാഥമിക ചർച്ചൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. പുതിയ കരാറുകൾ ഉറപ്പിക്കാനും അനിശ്ചിതത്വങ്ങൾ ഒഴിവാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബ്രെക്സിറ്റ് കരാറിലൂടെ ഇതു സാധ്യമാകുമെന്നും അവർ വ്യക്തമാക്കി. 

ബ്രിട്ടനെ യൂറോപ്യൻ യൂണിയനു പുറത്തെത്തിക്കുക എന്നതിനേക്കാളുപരി പ്രധാനമന്ത്രി എന്ന നിലയിൽ ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ട്. 40 വർഷങ്ങൾക്കു ശേഷം ആദ്യമായാണു ബ്രിട്ടനു സ്വതന്ത്രമായ ഒരു വ്യാപാരനയമുണ്ടാകുന്നത്. ഇതിലൂടെ മികച്ച ഭാവി ലക്ഷ്യമിട്ടുള്ള പല കരാറുകളും എത്രയുംവേഗം നടപ്പിലാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുമ്പോഴും രണ്ടാഴ്ചയ്ക്കുള്ളിൽ പാർലമെന്റിന്റെ പരിഗണനയ്ക്കു വരുന്ന ബ്രെക്സിറ്റ് ഉടമ്പടിക്ക് എംപിമാർ അംഗീകാരം നൽകുമോ എന്നാണു ലോകം ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഉടമ്പടിക്ക് അംഗീകാരം ലഭിക്കുക എളുപ്പമല്ലെന്നാണു വിലയിരുത്തൽ.