ശബരിമലയിൽ ഭക്തർക്കൊപ്പം; വനിതാ മതിലിൽ അണിചേരും: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ ∙ ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിൽ അണിചേരുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ‌. ഇത് പരസ്പര സ്നേഹവും സഹകരണവും നിലനിർത്താൻ ഉപകരിക്കും. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും വനിതാമതിലിൽ പങ്കെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പം തന്നെയാണ്. നിലപാടില്‍ മാറ്റമില്ല. നവോത്ഥാനവും ശബരിമലയുമായി കൂട്ടിക്കുഴയ്ക്കരുത്. നവോത്ഥാനം പറയാൻ ആരു യോഗം വിളിച്ചാലും പോകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി.

വനിതാ മതിൽ വിജയിപ്പിക്കാൻ കഴിയുന്ന എല്ലാ സഹായവും ചെയ്യാൻ എസ്എൻഡിപി യോഗം കൗൺസില്‍ തീരുമാനമെടുത്തു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൗൺസിലിലെ 2 വനിതാ അംഗങ്ങളെ ചുമതലപ്പെടുത്തി. മുഴുവൻ അംഗങ്ങളും പങ്കെടുത്ത കൗൺസിൽ യോഗം ഐകകണ്ഠ്യേനയാണ് തീരുമാനമെടുത്തതെന്നു വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല പ്രശ്നം യോഗം ചർച്ച ചെയ്തില്ല. യുവതികളായ വിശ്വാസികൾ ശബരിമലയിൽ പോകില്ലെന്നാണു ഞങ്ങൾ കരുതുന്നതെന്നു വെള്ളാപ്പള്ളി പറഞ്ഞു. യോഗം കൗൺസിലായതിനാൽ വനിതാ മതിലിനെപ്പറ്റി ബിഡിജെഎസിന്റെ നിലപാട് ഇവിടെ ചർച്ച ചെയ്യേണ്ടതില്ലെന്നു പാർട്ടി ചെയർമാൻ കൂടിയായ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.