കവിത നൽകിയത് എം.ജെ. ശ്രീചിത്രൻ; സ്വന്തം വരികളെന്നു പറഞ്ഞു: ദീപാ നിശാന്ത്

ദീപാ നിശാന്ത് (ചിത്രം: ഫെയ്സ്ബുക്)

തൃശൂർ ∙ കവിതാ വിവാദത്തിൽ വെളിപ്പെടുത്തലുമായി ദീപാ നിശാന്ത്. എസ്. കലേഷിന്റെ കവിത തനിക്കു നൽകിയത് എം.ജെ.ശ്രീചിത്രനാണെന്നും സ്വന്തം വരികളാണെന്ന് ശ്രീചിത്രൻ പറഞ്ഞിരുന്നെന്നും കേരളവർമ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് മനോരമ ന്യൂസിനോടു പറഞ്ഞു. കലേഷിനോടു മാപ്പു പറയുന്നു. താൻ കുറേക്കൂടി ജാഗ്രത കാട്ടേണ്ടതായിരുന്നു. പറ്റിയത് വലിയ പിഴവാണെന്നും ദീപാ നിശാന്ത് പറഞ്ഞു.

എഴുത്തുകാരിയെന്ന് അറിയപ്പെടാനല്ല കവിത പ്രസിദ്ധീകരിച്ചത്. മനുഷ്യൻ എത്ര സമർഥമായാണു കള്ളം പറയുന്നതെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞു. അധ്യാപിക, എഴുത്തുകാരി എന്ന നിലയിൽ സത്യസന്ധത പുലർത്തേണ്ടിയിരുന്നു. കലേഷ് കവിത മോഷ്ടിച്ചെന്നുപോലും തെറ്റിദ്ധരിച്ചുവെന്നും ദീപ നിശാന്ത് കൂട്ടിച്ചേർത്തു.

മോഷണം വിവാദമായതോടെ ദീപ നിശാന്തും എം.ജെ. ശ്രീചിത്രനും പരസ്യ ക്ഷമാപണം നടത്തിയിരുന്നു. തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഉത്തരവാദി താനാണെന്നതിനാൽ ക്ഷമ ചോദിക്കുന്നുവെന്നു ദീപ പറഞ്ഞിരുന്നെങ്കിലും ശ്രീചിത്രന്റെ പേര് പറഞ്ഞിരുന്നില്ല. അതേസമയം, തെറ്റു തിരുത്തി മുന്നോട്ടുപോകുമെന്ന് ശ്രീചിത്രൻ പ്രതികരിച്ചു. മറ്റു പരസ്യപ്രതികരണത്തിനും വിവാദങ്ങൾക്കും ഇല്ലെന്നും ശ്രീചിത്രൻ പറഞ്ഞു.

തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നതിൽ നിന്നാണ് വിവാദങ്ങളുടെ തുടക്കം. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ എന്ന പേരിൽ 2011 മാർച്ച് 4നാണ് കലേഷ് ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാൽ, ഓൾ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ മാഗസിനിൽ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്നപേരിൽ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകർത്തി നൽകിയതെന്നും ആരോപണം ഉയർന്നിരുന്നു.