മിഷേലിനെ കൊണ്ടു വന്നത് ആര്, സുഷമയോ ഡോവലോ? സര്‍ക്കാരിൽ ചേരിപ്പോര്

സുഷമ സ്വരാജ്, അജിത് ഡോവൽ

ന്യൂഡല്‍ഹി ∙ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ യുഎഇയില്‍നിന്നു വിട്ടുകിട്ടാനുള്ള നടപടിക്കു ചുക്കാന്‍ പിടിച്ചതു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആണെന്ന അവകാശവാദം സര്‍ക്കാരിലെ ചേരിപ്പോരിനു പുതിയ തെളിവായി.

'ഓപ്പറേഷന്‍ യൂണികോണ്‍' എന്നു പേരിട്ട നടപടിയിലൂടെ മിഷേലിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള എല്ലാ കാര്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കിയതു ഡോവലാണെന്നും സിബിഐ ഡയറക്ടറുടെ ചുമതലയുള്ള എം.നാഗേശ്വര റാവുവിനായിരുന്നു ഏകോപനച്ചുമതലയെന്നുമാണു സിബിഐ ഇന്നലെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. 

ജോയിന്റ് ഡയറക്ടര്‍ എ. സായി മനോഹറുടെ നേതൃത്വത്തിലുള്ള സംഘം ദുബായിലുണ്ടായിരുന്നുവെന്നും ഇവര്‍ അറിയിച്ചു. സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ പദവിയില്‍നിന്നു നീക്കപ്പെട്ട രാകേഷ് അസ്താനയുടെ പക്ഷക്കാരനാണു സായി മനോഹര്‍. മിഷേല്‍ വിഷയത്തില്‍ യുഎഇയുമായി നയതന്ത്രതലത്തില്‍ ചര്‍ച്ചയ്ക്കു മുന്‍കൈയെടുത്തതു വിദേശകാര്യ മന്ത്രാലയമാണെങ്കിലും അതു സിബിഐ അംഗീകരിച്ച മട്ടില്ല.

ബ്രിട്ടീഷ് പൗരനായ മിഷേലിനെ മൂന്നാമതൊരു രാജ്യത്തുനിന്നു ഇന്ത്യയിലേക്കു കൊണ്ടുവരികയെന്ന ഏറെ ശ്രമകരമായ ദൗത്യമാണ് ഇന്ത്യന്‍ അധികൃതര്‍ക്കുണ്ടായിരുന്നത്. മിഷേലിനെ വിട്ടു നല്‍കണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടത് 2017 മാര്‍ച്ചിലാണ്. മിഷേല്‍ ദുബായ് പൊലീസിന്റെ പിടിയിലായെങ്കിലും ജാമ്യം ലഭിച്ചു.

എന്നാല്‍ പാസ്‌പോര്‍ട് പിടിച്ചുവച്ചതോടെ രാജ്യം വിടാന്‍ കഴിയാത്ത അവസ്ഥയായി. മിഷേലിനെതിരേ ഇന്ത്യ നിരത്തുന്ന തെളിവുകള്‍ ദുര്‍ബലമാണെന്ന നിലപാടാണ് ആദ്യം യുഎഇ കോടതി സ്വീകരിച്ചത്.  തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സിബിഐ ജോയിന്റ് ഡയറക്ടര്‍ സായ് മനോഹറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം ഇതിനായി രൂപീകരിച്ചു. രഹസ്യാന്വേഷണ വിഭാഗമായ റോയില്‍നിന്നുള്ളവരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. 

താന്‍ ബ്രിട്ടീഷ് പൗരനായതു കൊണ്ട് ഇന്ത്യക്കു വിട്ടു നല്‍കരുതെന്ന വാദമാണ് മിഷേല്‍ യുഎഇ കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ സെപ്റ്റംബറില്‍ ഈ വാദം തള്ളിയ കോടതി ജാമ്യം റദ്ദാക്കി. നവംബര്‍ 19നു മിഷേലിനെ ഇന്ത്യക്കു വിട്ടു നല്‍കാന്‍ കോടതി ഉത്തരവിട്ടെങ്കിലും സര്‍ക്കാരിന്റെ അനുമതി ആവശ്യമായിരുന്നു. ഇതോടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നീക്കങ്ങള്‍ ശക്തമാക്കിയെന്നാണു റിപ്പോര്‍ട്ട്.

ഏറെ നാളുകളായി കടുത്ത സമ്മര്‍ദമാണ് വിദേശകാര്യ മന്ത്രാലയം യുഎഇ സര്‍ക്കാരിനു മേല്‍ ചെലുത്തിയതെന്നാണു റിപ്പോര്‍ട്ട്. മിഷേല്‍ സല്‍വാര്‍ കമ്മിസും തൊപ്പിയും ധരിച്ച് യുഎഇയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി മൂന്നു മാസം മുമ്പ്് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യുഎഇ അധികൃതര്‍ക്കു വിവരം നല്‍കി. കോടതി നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഒരുവട്ടം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് യുഎഇയില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.