ബുലന്ദ്ശഹർ ആൾക്കൂട്ട കൊല: ഇന്‍സ്‌പെക്ടറെ കൊന്ന സംഘത്തില്‍ സൈനികൻ?

ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്

ലക്നൗ∙ ബുലന്ദ്ശഹറിലെ ആൾക്കൂട്ട കൊലപാതകക്കേസ് വഴിത്തിരിവിൽ. പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ശ്രീനഗറിൽ സേവനം ചെയ്യുന്ന സൈനികൻ ജീത്തു ഫൗജി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്. ജീത്തുവിനെ കണ്ടെത്താൻ രണ്ടു പൊലീസ് സംഘങ്ങൾ ജമ്മു കശ്മീരിലേക്കു പോയിട്ടുണ്ട്.

ബുലന്ദ്ശഹറിലെ ആൾക്കൂട്ട ആക്രമണത്തിന്റെ വിവിധ വിഡിയോ ദൃശ്യങ്ങളിൽ ജീത്തു ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽതന്നെ കൊലപാതകത്തിനു പിന്നിൽ ഇയാളുടെ കൈയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയാറായില്ലെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അതിനിടെ, വിഡിയോ ദൃശ്യങ്ങളിൽനിന്നു ജീത്തു ആണ് അതെന്നു മനസ്സിലാക്കാനാകുന്നില്ലെന്നായിരുന്നു മാതാവ് രത്തൻ കൗറിന്റെ അഭിപ്രായം. പൊലീസ് വീട്ടിലെത്തി എല്ലാം വാരിവലിച്ചിട്ടു പരിശോധിച്ചെന്നും എന്നാൽ മകൻ കാർഗിലിലാണെന്നാണു മറുപടി പറഞ്ഞതെന്നും രത്തൻ കൗർ ദേശീയ മാധ്യമത്തോടു പറഞ്ഞു. മകനാണ് ഇൻസ്പെക്ടറെ കൊന്നതെന്നു വിശ്വസിക്കുന്നില്ല. അവൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു.

എന്നാൽ, കൊലപാതകം നടന്ന സമയത്ത് ജീത്തു ആക്രമണ സ്ഥലത്ത് ഉണ്ടായിരുന്നതായി മറ്റു കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാൾ തിരിച്ച് കശ്മീരിലേക്കു പോയത്. ‘സംഭവ സ്ഥലത്തുനിന്നെത്തിയ ജീത്തു, ‘നാടകം കാണൂ’ എന്നു പറഞ്ഞ് അന്നു വൈകുന്നേരം തന്നെ കശ്മീരിനു പോയി’ – ജീത്തുവിന്റെ ബന്ധു ചന്ദ്രാവതി അറിയിച്ചു.

അതേസമയം, പശുവിന്റെ ജഡാവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ആൾക്കൂട്ട ആക്രമണക്കേസിൽ നാലുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം നിയന്ത്രിക്കാനെത്തിയ സുബോധ് കുമാറിനെയും സംഘത്തെയും ആൾക്കൂട്ടം ആക്രമിക്കുകയായിരുന്നു. ഇതിന്റെ നിരവധി വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഒരു വിഡിയോയിൽ ജീത്തു ഫൗജിയോടു സാദൃശ്യമുള്ളയാൾ സുബോധ് കുമാറിനു സമീപം നിൽക്കുന്നതും വ്യക്തമാണ്.