‘സ്വകാര്യത’ ഇല്ലെന്ന്; കോളജിലെ 5 സിസിടിവി ക്യാമറ അടിച്ചുമാറ്റിയ വിദ്യാർഥികൾ പിടിയിൽ

തൃശൂർ ∙ ഗവ. എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ സിസിടിവി ക്യാമറകൾ തങ്ങളുടെ ‘സ്വകാര്യത’യ്ക്കു തടസമാകുന്നുവെന്നു കണ്ടപ്പോൾ നാലംഗ സീനിയർ വിദ്യാർഥിസംഘം ചെയ്തതു കടുംകൈ. ഒന്നരലക്ഷം രൂപ വിലമതിക്കുന്ന 5 ക്യാമറകളും രാത്രിയുടെ മറവിൽ വിദ്യാർഥിസംഘം അടിച്ചുമാറ്റി. എന്നാൽ, പരിസരത്തെ മറ്റൊരു കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ വിദ്യാർഥികളുടെ മോഷണം കയ്യോടെ പകർത്തപ്പെട്ടതാണ് പിടിക്കപ്പെടാൻ കാരണം. നാലുപേരെയും വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരുമാസം മുൻപായിരുന്നു സംഭവം. എൻജിനീയറിങ് കോളജിലെ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ജീവനക്കാരനും ബന്ധുക്കളും ചേർന്ന് 34 ലക്ഷം രൂപ മോഷ്ടിച്ചതു വിവാദമായിരുന്നു. അന്നു സിസിടിവി ക്യാമറയാണ് പ്രതിയെ കയ്യോടെ പിടികൂ‍ടിയത്. ഇതോടെ കോളജ് ഹോസ്റ്റലുകളിലടക്കം ക്യാമറകൾ സ്ഥാപിച്ചു. ക്യാമറ വച്ചതോടെ തങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുന്നതായി ചില വിദ്യാർഥികൾക്കു പരാതിയുണ്ടായിരുന്നു.

എന്നാൽ, ക്യാമറ മാറ്റാൻ കോളജ് അധികൃതർ തയാറായില്ല. ഇതോടെയാണ് ഹോസ്റ്റലിലെ സീനിയർ വിദ്യാർഥിസംഘം കടുംകൈക്കു മുതിർന്നത്. മുഖംമറച്ചുകൊണ്ടു സിസിടിവി ക്യാമറകൾ സംഘം അടിച്ചുമാറ്റി. വിദ്യാർഥികളാണ് സംഭവത്തിനു പിന്നിലെന്ന് അന്നേ വ്യക്തമായെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. മോഷ്ടിക്കപ്പെട്ട ക്യാമറകൾ ഹോസ്റ്റലിലെ ബി ബ്ലോക്കിൽ നിന്നു കണ്ടെടുത്തു.