സർക്കാർ ക്വാട്ടയിൽ പ്രവേശനം: കർണാടകത്തിൽ മലയാളി നഴ്സിങ് വിദ്യാർഥികള്‍ പുറത്ത്

മംഗളൂരു ∙ കോളജ് മാനേജ്മെന്റുകളും ഏജന്റുമാരും ചേർന്നു നടത്തിയ പ്രവേശന തട്ടിപ്പിന് ഇരയായി മലയാളികള‍ടക്കം നിരവധി നഴ്സിങ് വിദ്യാർഥികൾ. മംഗളൂരുവിലടക്കം കർണാടകത്തിലെ വിവിധ കോളജുകളിൽ നിന്നു വിദ്യാർഥികളെ കൂട്ടത്തോടെ പുറത്താക്കുന്നു. മംഗളൂരുവിലെ വിവിധ കോളജുകളിൽ മാസങ്ങൾക്കു മുമ്പ് പ്രവേശനം നേടിയ നിരവധി വിദ്യാർഥികളെ പുറത്താക്കി കഴിഞ്ഞു.

സ്വകാര്യ നഴ്സിങ് കോളജുകളിൽ 20 ശതമാനം സീറ്റ് സർക്കാർ ക്വാട്ടയാണ്. കർണാടകത്തിൽ നിന്നുള്ള വിദ്യാർഥികളെ സർക്കാർ കൗൺസിലിങ് നടത്തിയാണ് ഈ സീറ്റുകളിലേക്കു പ്രവേശനം. വർഷങ്ങളായി ഈ സീറ്റുകളിൽ ആവശ്യത്തിനു വിദ്യാർഥികൾ ഉണ്ടാകാറില്ല. ഈ സീറ്റുകളിലേക്കും മാനേജമെന്റ് പ്രവേശനം നടത്താറാണു പതിവ്. പ്രവേശന നടപടികൾ പൂർത്തിയാകുന്നതോടെ ഒഴിഞ്ഞു കിടക്കുന്ന മെറിറ്റു സീറ്റുകൾ സർക്കാറിന്റെ അനുമതി വാങ്ങിയാണു പ്രവേശനം സ്ഥിരീകരിക്കുന്നത്. എന്നാൽ ഇക്കാര്യങ്ങളൊന്നും വിദ്യാർഥികളെ അറിയിക്കാറില്ല.

ഇത്തവണയും സർക്കാർ ക്വാട്ടയിൽ വിദ്യാർഥികൾ വരില്ലെന്ന ധാരണയിൽ മാനേജ്മെന്റുകൾ നേരിട്ട് മുഴുവൻ സീറ്റിലും പ്രവേശനം നടത്തി. എന്നാൽ പതിവിൽ നിന്നു വ്യത്യസ്തമായി ഈ വർഷം സർക്കാർ ക്വാട്ടയിലെ സീറ്റുകളിൽ മിക്കവാറും വിദ്യാർഥികൾ ചേരുന്ന സാഹചര്യമാണ്. ഇതോടെ, മാനേജ്മെന്റ് പ്രവേശനം നൽകിയ വിദ്യാർഥികളെ പുറത്താക്കേണ്ട സ്ഥിതിയും സംജാതമായി.

സർക്കാർ ക്വാട്ടയിൽ രണ്ടും ഘട്ടം കൗൺസിലിങ് പൂർത്തിയായപ്പോൾ തന്നെ മംഗളൂരുവിലടക്കം മലയാളികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികളെ വിവിധ കോളജുകളിൽ നിന്നു പുറത്താക്കിക്കഴിഞ്ഞു. മൂന്നാം ഘട്ട കൗൺസിലിങ് തിങ്കളാഴ്ച നടക്കുകയാണ്. ഇതു കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ വിദ്യാർഥികളെ പുറത്താക്കുന്ന സാഹചര്യവുമുണ്ട്.

സർക്കാർ ക്വാട്ടയുടെ കാര്യം മറച്ചു വെച്ച് കോളജ് മാനേജ്മെന്റുകളും ഏജന്റുമാരും ചേർന്നു നടത്തിയ ക്രമക്കേടിനു വിദ്യാർഥികൾ ബലിയാടാകുന്ന സ്ഥിതിയാണ്. വിവിധ കോഴ്സുകളുടെ അധ്യയന വർഷം പകുതിയോളം പിന്നിട്ടു കഴിഞ്ഞ സ്ഥിതിക്ക് ഈ വിദ്യാർഥികൾക്ക് മറ്റൊരിടത്തും പ്രവേശനം പോലും ലഭിക്കാതെ ഒരു വർഷം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.