ബുലന്ദ്ശഹറിൽ ഇന്‍സ്പെക്ടറെ കൊന്ന സംഭവത്തില്‍ സൈനികൻ പിടിയിൽ

പിടിയിലായ സൈനികന്‍ ജീതേന്ദ്ര മാലിക്, കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ്

ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ ഇൻസ്പെക്ടർ സുബോധ് കുമാറിനെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന സൈനികനെ സൈന്യം തടവിലാക്കിയതായി റിപ്പോർട്ട്. ജിതേന്ദ്ര മാലിക് എന്ന ജീതു ഫൗജിയുടെ സ്വന്തം യൂണിറ്റാണ് അദ്ദേഹത്തെ തടവിലാക്കിയത്. ഇയാളെ സൈന്യം യുപി പൊലീസിനു കൈമാറും. സംഭവത്തിനുശേഷം വെള്ളിയാഴ്ചയാണ് ഇയാൾ സോപോറിലുള്ള സ്വന്തം യൂണിറ്റിൽ തിരിച്ചെത്തിയത്.

കുറ്റവാളിയെ കണ്ടെത്താൻ എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് സൈന്യം അറിയിച്ചിരുന്നു. ഗ്രാമവാസികളുടെ മൊഴിയിൽനിന്ന് ജീതു ഫൗജിയാണെന്ന് കണ്ടെത്തിയതായി മീററ്റ് സോൺ ഈജി റാം കുമാർ പറഞ്ഞിരുന്നു. മഹാവു ഗ്രാമവാസിയാണ് ജീതു. ചോദ്യം ചെയ്യലിനുശേഷം മാത്രമേ കൊലയിൽ ഇയാളുടെ പങ്കു കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്നും കുമാർ പറഞ്ഞു.

അതേസമയം ജീതുവിനെ അറസ്റ്റു ചെയ്യാൻ ഉത്തർപ്രദേശ് പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് ശ്രീനഗറിലെത്തിയിട്ടുണ്ട്. അറസ്റ്റു രേഖപ്പെടുത്തിയതിനുശേഷം ഇയാളെ ബുലന്ദ്ശഹർ കോടതിയിൽ ഹാജരാക്കും. പട്ടാളത്തിൽ നിന്ന് അവധിയിൽ വന്ന ഇയാൾ സുബോധ് കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് സംഭവ സമയത്ത് ഉണ്ടായിരുന്നു. എന്നാൽ സംഭവത്തിനുശേഷം തിരക്കിട്ടു ജമ്മുവിലേക്കുമടങ്ങി. ഇയാളുടെ ജ്യേഷ്ഠനും പട്ടാളത്തിലാണ്. ഇതേസമയം, മാലിക്കിനെ തേടി വീട്ടിൽ വന്ന പൊലീസ് സംഘം മോശമായി പെരുമാറിയതായി അമ്മയും ഭാര്യ പ്രിയങ്കയും ആരോപിച്ചു.