പൊലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകം: സൈനികനെ അറസ്റ്റ് ചെയ്തു

അറസ്റ്റിലായ സൈനികൻ ജിതേന്ദ്ര മാലിക്. ചിത്രം: എഎൻഐ ട്വിറ്റർ

ബുലന്ദ്ശഹര്‍∙ ഉത്തർപ്രദേശിൽ ആൾക്കൂട്ട ആക്രമണത്തിനിടെ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ സൈനികന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിത്തു ഫൗജി എന്നറിയപ്പെടുന്ന ജിതേന്ദ്ര മാലിക്കിനെ സൈന്യം പൊലീസിനു കൈമാറി. 36 മണിക്കൂറുകള്‍ നിരീക്ഷിച്ചശേഷമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ആളുകൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കുകയും കലാപത്തിനു പ്രേരിപ്പിക്കുകയും ചെയ്തതു സൈനികനാണെന്നു പൊലീസ് അറിയിച്ചു. കല്ലേറിൽ ജിതേന്ദ്ര മാലിക്കിനും പങ്കുണ്ട്. മാലിക് സംഭവ സ്ഥലത്തുള്ളതിന്റെ വിഡിയോ ലഭ്യമാണ്. എന്തിനാണു സൈനികന്‍ ആളുകളെ കുത്തിപ്പൊക്കുന്നത്? എന്തിനാണ് അയാൾ മുദ്രാവാക്യങ്ങൾ വിളിക്കുന്നത്?– യുപി പൊലീസ് ഉദ്യോഗസ്ഥൻ അനന്ദ് കുമാർ ചോദിച്ചു.

കേസിലെ മറ്റൊരു പ്രധാന പ്രതിയായ ബജ്റംഗ്ദൾ പ്രവർത്തകൻ യോഗേഷ് രാജിനെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഇൻസ്പെക്ടറുടെ കൊലപാതകത്തിൽ ദാദ്രിയിലെ മുഹമ്മദ് അഖ്‍ലാഖ് ആൾക്കൂട്ട കൊലപാതകത്തിന്റെ സ്വാധീനമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. പൊലീസിനു ലഭിച്ച ഫോട്ടോകളിൽ ജിതേന്ദ്ര മാലിക് ആണ് പ്രശ്നങ്ങൾക്കു നേതൃത്വം നൽകുന്നത്. ബജ്‍റംഗ്ദൾ നേതാവിന്റെ തൊട്ടടുത്തായാണ് ഇയാൾ നിന്നിരുന്നത്. ജിതേന്ദ്ര മാലിക്കിനെ കോടതിയിൽ ഹാജരാക്കും.