കണ്ണൂരിന് ടേക്ക് ഓഫ്: അബുദാബിയിലേക്കുള്ള ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യം പറന്നുയരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു. ചിത്രം: സജീഷ് ശങ്കർ.

കണ്ണൂർ∙ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനം. തറികളുടെ താളത്തിനും തിറകളുടെ മേളത്തിനുമൊപ്പം ഇനി വിമാനങ്ങളുടെ ഇരമ്പവും കണ്ണൂരിന്റെ ഹൃദയതാളത്തിന്റെ ഭാഗമാകയാണ്. മട്ടന്നൂർ മൂർഖൻപറമ്പിലെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആദ്യയാത്രാവിമാനം ഇന്നു പറന്നുയർന്നു. രാവിലെ 9.55ന് ആദ്യവിമാനത്തിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്നു നിർ‌വഹിച്ചു. ടെർമിനലിന്റെ ഉദ്ഘാടനവും ഇരുവരും ചേർന്നു നിർവഹിച്ചിരുന്നു. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം കണ്ണൂരിൽനിന്ന് പറന്നുയർന്നത്. 

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങളെ വിമാനത്താവളത്തിലെത്തിക്കാൻ സൗജന്യ ബസ് സർവീസ് കിയാൽ (കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ്) തയാറാക്കിയിരുന്നു. ബിജെപിയും കോൺഗ്രസും ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള തൽസമയ വിവരങ്ങൾ ‘ലൈവ് അപ്ഡേറ്റ്സിൽ’ വായിക്കാം.