തകർന്നേക്കുമെന്ന ചൊവ്വാപേടിയിൽനിന്ന് നിക്ഷേപകരെ കരകയറ്റി വിപണി

വിപണികൾ പ്രതീക്ഷിക്കാത്ത സെമിഫൈനൽ തിരഞ്ഞെടുപ്പു ഫലം, റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിനു പിന്നാലെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിൽനിന്ന് സുർജിത് ഭല്ലയുടെ അപ്രതീക്ഷിത രാജി... ദലാൽ സ്ട്രീറ്റിൽ ചോരയൊലിക്കുന്ന ചൊവ്വ വീണ്ടും സംജാതമാകാനുള്ള സാധ്യതകളെല്ലാമുണ്ടായിട്ടും  വ്യാപാരാന്ത്യത്തിൽ പ്രതീക്ഷയുടെ തിരിച്ചുവരവായിരുന്നു ഇന്ന്.

തുടക്കത്തിൽ വൻ നഷ്ടം നേരിട്ടെങ്കിലും തിരഞ്ഞെടുപ്പു ഫലം വിപണികൾ വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ അംഗീകരിച്ചു. 2013 ൽ നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം വിപണികൾ വൻ ആഘോഷമാക്കിയിരുന്നു.

വലിയ നേട്ടങ്ങളില്ലെങ്കിലും 190 പോയിന്റ് ഉയർച്ച സെൻസെക്സിലും 60 പോയിന്റ് ഉയർച്ച നിഫ്റ്റിയിലുമുണ്ട്. 1.20 രൂപയോളം മൂല്യത്തകർച്ച നേരിട്ട രൂപയും വ്യാപാരാവസാനത്തിൽ നില മെച്ചപ്പെടുത്തി. നഷ്ടത്തിന്റെ തോത് അവസാന മണിക്കൂറുകളിൽ 50 പൈസയിലേക്കു കുറഞ്ഞു.

∙വിപണിയിൽ അതിജീവനം

നഷ്ട സാധ്യതകൾ മാത്രമായിരുന്നു വ്യാപാരം തുടങ്ങിയപ്പോൾമുതൽ വിപണിയിലുണ്ടായിരുന്നത്. വിദേശവിപണികളിൽ ഇന്നലെയുണ്ടായ നഷ്ടമായിരുന്നു ആദ്യ ഘടകം. കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു വ്യക്തമായ തെളിവായി ഗവർണർ ഉർജിത് പട്ടേലിന്റെ രാജി ഇന്നും നിക്ഷേപകരെ ബാധിക്കുമെന്ന് ഇന്നലത്തന്നെ വിദഗ്ധർ കണക്കുകൂട്ടിയിരുന്നു.

ബാങ്കിങ് ഓഹരികളിൽനിന്നു നിക്ഷേപകർ അകലുമെന്ന പ്രവചനവുമുണ്ടായിരുന്നു. രാവിലെ എട്ടു മണിക്ക് വോട്ട് എണ്ണിത്തുടങ്ങിയപ്പോൾമുതൽ വ്യക്തമായ കോൺഗ്രസിന്റെ മുന്നേറ്റം ഒരു മണിക്കൂറിനുശേഷം തുറന്ന വിപണിയെ വൻതോതിൽ ബാധിച്ചു. 300 പോയിന്റായിരുന്നു ആദ്യ മണിക്കൂറിൽ സെൻസെക്സിൽ നഷ്ടം. രൂപ വീണ്ടും ഡോളറിനെതിരെ 72 നിലവാരത്തിലേക്ക് ഇടിഞ്ഞു. നഷ്ടം രണ്ടു ശതമാനത്തിലേറെ. ഇതിനിടെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിൽ നിന്ന് രാജിവച്ചുകൊണ്ടുള്ള സുർജിത് ഭല്ലയുടെ പ്രസ്താവന പുറത്തെത്തിയത്.

പ്രതിസന്ധികൾ റിസർവ് ബാങ്കിൽ മാത്രമല്ലെന്ന സൂചന വീണ്ടും വിപണികളിൽ നിരാശയുണ്ടാക്കി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അഞ്ചിൽ ഒരു സംസ്ഥാനം പോലും ബിജെപി നേടില്ലെന്ന സൂചന ലഭിച്ചുകൊണ്ടേയിരുന്നു. തിരഞ്ഞെടുപ്പു ഫലം വൻതോതിൽ വിപണികളെ സ്വാധീനിക്കുമെന്നും 1,000 പോയിന്റ് വരെ സെൻസെക്സിൽ ഇടിവുണ്ടായേക്കുമെന്നും വിദഗ്ധർ വിലയിരുത്തി. എന്നാൽ പ്രതിസന്ധി ഘടകങ്ങളെയെല്ലാം അതിജീവിച്ചു വ്യാപാരാന്ത്യത്തിൽ വിപണികൾ തിരിച്ചുകയറി. നിഫ്റ്റി മിഡ്ക്യാപ് സൂചികയിൽ 1.6 ശതമാനമാണ് ഇന്നത്തെ നേട്ടം.

∙ആശങ്കവേണ്ട വരും ദിവസങ്ങളിലും

മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ നിർണായക സംസ്ഥാനങ്ങൾ ബിജെപിയെ കൈവിട്ടിട്ടും വിപണികൾ നടത്തിയ മുന്നേറ്റം നൽകുന്ന പ്രതീക്ഷ ചെറുതല്ല. 10,500 എന്ന നിർണായക നിലവാരത്തിലാണ് നിഫ്റ്റി ഇന്നു വ്യാപാരം അവസാനിപ്പിച്ചത്. പണപ്പെരുപ്പത്തോത്, വ്യാവസായിക ഉൽപാദന സൂചിക എന്നീ കണക്കുകൾ വരുംദിവസങ്ങളിൽ പുറത്തു വരും.

പുതിയ റിസർവ് ബാങ്ക് ഗവർണറുടെ തിരഞ്ഞെടുപ്പും വരുംദിവസങ്ങളിൽ പ്രതീക്ഷിക്കണം. ഈ ഘട്ടങ്ങളിലൊക്കെയും വിപണികളിൽ വലിയ ഇടിവുകൾ ഉണ്ടാകില്ലെന്ന ശുഭ സൂചനയാണ് ഇന്നത്തെ പ്രകടനം നൽകുന്നത്. അടുത്ത ദിവസം നടക്കുന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ പണനയ അവലോകന യോഗവും ബ്രെക്സിറ്റ് തീരുമാനങ്ങളും രാജ്യാന്തര വിപണികളെ ബാധിച്ചാലും ഇന്ത്യൻ സൂചികകളെ കാര്യമായി ബാധിച്ചേക്കില്ല.