ഭാര്യയുടെ വാക്കു കേട്ട്‌ വാഹനങ്ങൾക്ക് തീയിട്ടു; ഭർത്താവ് അറസ്റ്റിൽ

രാഹുൽ രാജ്

കൊച്ചി∙ വ്യക്തി വിരോധം തീർക്കാൻ ഭർത്താവിനെക്കൊണ്ട് വാഹനങ്ങൾക്ക് തീയിടീച്ചു, ഒടുവിൽ ഭർത്താവ് പൊലീസ് പിടിയിലായി. പച്ചാളം സെന്റ് ആന്റണീസ് ചർച്ച് ഗ്രൗണ്ടിനു സമീപമുള്ള സായി പ്രസാദിന്റെ വാഹനങ്ങൾക്കാണ് തീയിട്ടത്. പോർ‍ച്ചിൽ കിടന്നിരുന്ന കാറും രണ്ട് ബൈക്കുകളും കത്തി നശിച്ചു. കേസിൽ ആലുവ തായിക്കാട്ടുകര കാട്ടിൽ പറമ്പിൽ രാഹുൽ രാജിനെ (26) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയും വീട്ടുടമയുമായുള്ള മുൻ വൈരാഗ്യമാണ് പ്രതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ നാലാം തിയതി രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ഫയർ ഫോഴ്സ് ഉടൻ സ്ഥലത്തെത്തി തീ കെടുത്തിയതിനാലാണു വൻ നാശനഷ്ടം ഒഴിവായത്. നോർത്ത് പോലീസ് കേസെടുത്തതിനെ തുടർന്ന് ഫോറൻസിക് വിദഗ്ധരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വഷണം നടത്തിയിരുന്നു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വെളുത്ത ഹെൽമെറ്റ്‌ ധരിച്ച ഏകദേശം 25 വയസ്സ് പ്രായം വരുന്ന ഒരു യുവാവ് ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ എത്തി കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുന്ന ദൃശ്യങ്ങൾ കണ്ടെത്തി.

പരാതിക്കാരും ബന്ധുക്കളും തമ്മിൽ സ്വത്തു തർക്കം കോടതിയിൽ നിലവിൽ ഉള്ളതിനാൽ തുടർന്ന് ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വഷണത്തിൽ യാതൊരു തുമ്പും ലഭിച്ചില്ലെന്നു പൊലീസ് പറയുന്നു. തുടർന്ന് ഇവരോട് വിരോധമുള്ള എല്ലാവരെയും കേന്ദ്രീകരിച്ചു നടത്തിയ അന്വഷണത്തിൽ ആണ് പ്രതി പിടിയിലായത്.

സംഭവ സമയത്ത് ഇയാൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഹെൽമെറ്റ്‌, ബുള്ളറ്റ് എന്നിവ പോലീസ് കണ്ടെടുത്തു. എറണാകുളം അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജിയുടെ നിർദ്ദേശപ്രകാരം നോർത്ത് എസ്എച്ച്ഒ കെ.ജെ. പീറ്റർ, എസ്ഐമാരായ വിബിൻദാസ്, അനസ്, എസ്‍സിപിഒ വിനോദ് കൃഷ്ണ, സിപിഒ അജിലേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.