ബാർ കോഴക്കേസിൽ തുടരന്വേഷണം: വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി

കൊച്ചി∙ ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് സർക്കാരിന്റെ അനുമതി വേണോയെന്ന കാര്യത്തിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചു.

അഴിമതി നിരോധന നിയമപ്രകാരം മുൻകൂർ അനുമതി 2018 ൽ ആണ് നിലവിൽ വന്നതെന്നും 2014 ൽ രജിസ്റ്റർ ചെയ്ത ബാർ കേസിന് ഈ വ്യവസ്ഥ ബാധകമല്ലന്നും തുടരന്വേഷണം അനന്തമായി നീളുകയാണെന്നും കാണിച്ച് വി.എസ്. അച്യുതാന്ദൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. അതേസമയം തുടരന്വേഷണത്തിനെതിരെ കെ.എം. മാണി നൽകിയ ഹർജി പ്രസക്തമല്ലെന്നു കോടതി വ്യക്തമാക്കി. 

തുടരന്വേഷണത്തിന് സർക്കാരിന്റെ മുൻ‌കൂർ അനുമതി ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കട്ടെ എന്നായിരുന്നു വിജിലൻസ് നിലപാട്. തീരുമാനം കോടതിക്ക് വിടാൻ നിർദ്ദേശിച്ച്  ഗവർണർ സർക്കാരിനും വിജിലൻസ് ഡയറക്ടർക്കും അയച്ച കത്തും വിജിലൻസ് ഹാജരാക്കിയിരുന്നു.

സർക്കാർ അനുമതി നൽകിയിട്ടില്ലാത്തതിനാലാണ് നിലവിൽ മാണിയുടെ ഹർജി പ്രസക്തമല്ലാത്തത് എന്നാണ് കോടതി കോടതി നിലപാട്. കേസ് പരിഗണിക്കുന്നത് ജനുവരി അഞ്ചിലേക്ക് മാറ്റി.