പ്രളയനഷ്ടം 860 കോടി; വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും: എം.എം. മണി

തൊടുപുഴ∙ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി എം.എം. മണി. റഗുലേറ്ററി കമ്മിഷനാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു.

നിര്‍ദേശം മുന്നണി നയത്തിന് എതിര്

വൈദ്യുതി നിരക്കു വർധിപ്പിക്കാനുള്ള വൈദ്യുതി ബോർഡിന്റെ നിർദേശം ഇടതുമുന്നണി നയത്തിനെതിര്. വൻകിടക്കാരിൽനിന്നു കൂടുതൽ വർധന ഇൗടാക്കി ഇടത്തരം ഉപയോക്താക്കളെ പരമാവധി ദ്രോഹിക്കാതെ വിടുകയെന്നതാണു മുന്നണി നയം. എന്നാൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇളവും ചെറുകിടക്കാർക്ക് അധികഭാരവും നൽകാനാണു ബോർഡിന്റെ ശുപാർശ. ചെറുകിടക്കാർക്ക് 20% വർധന നിർദേശിക്കുമ്പോൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു നിരക്കു കുറയുകയാണ്.

നിരക്കു വർധന അടുത്തമാസം പ്രഖ്യാപിക്കാനിരിക്കെ വൈദ്യുതി റഗുലേറ്ററി കമ്മിഷനു മുന്നിൽ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്ന താരിഫിനെതിരെ ആക്ഷേപം വ്യാപകമാണ്. വൈദ്യുതി ഉപയോഗം പരമാവധി നിരുൽസാഹപ്പെടുത്താനായിരുന്നു മുൻകാലങ്ങളിൽ ബോർഡിന്റെ ശ്രമം.

എന്നാൽ ഉപയോഗം പ്രോൽസാഹിപ്പിക്കുന്നതാണ് ഇപ്പോൾ ബോർഡിനു ലാഭം. കുറഞ്ഞ ചെലവിൽ വൈദ്യുതിവാങ്ങി കൂടിയ വിലയ്ക്കു വിൽക്കാം. 40 യൂണിറ്റ്് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇക്കുറിയും നിരക്കുവർധനയിൽനിന്ന് ഒഴിവാക്കി. 41 യൂണിറ്റ് മുതൽ 50 യൂണിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 ആക്കാനാണു ശുപാർശ. 51– 100 യൂണിറ്റുകാർക്കു നിലവിലുള്ള 3.40 രൂപ 4.20 രൂപയാകും. ഗാർഹിക ഉപയോക്താക്കളിൽ ബഹുഭൂരിപക്ഷവും ഇൗ വിഭാഗത്തിലാണ്.

എന്നാൽ 151 മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ നിരക്ക് 6.10 രൂപയിൽ നിന്ന് 5.80 രൂപയായി കുറയ്ക്കാനാണു നിർദേശം. 201 മുതൽ 250 യൂണിറ്റ് വരെയുള്ളവർക്കും കുറവുണ്ട്. 7.30 രൂപ 6.50 രൂപയായി കുറയും. 301–350 വിഭാഗത്തിൽ നിലവിലെ നിരക്കിൽ 10 പൈസയുടെ വർധനയൊഴിച്ചാൽ മറ്റു സ്ലാബുകളിലും നിരക്കു കുറയുകയാണ്.