റഫാൽ രേഖകൾ എവിടെ?; എജിയെയും സിഎജിയെയും വിളിപ്പിക്കും: മല്ലികാർജുൻ ഖാർഗെ

മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി∙ റഫാൽ ഇടപാടിൽ അന്റോർണി ജനറലിനെയും (എജി) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെയും (സിഎജി) വിളിച്ചുവരുത്തുമെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി(പിഎസി) അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇടപാട് പിഎസി പരിശോധിച്ചെന്നു സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു. റിപ്പോർട്ട് പൊതുയിടത്തിൽ ഉണ്ടെന്നു സർക്കാർ പറയുന്നു. എന്നാൽ എവിടെയാണ്? മറ്റ് അംഗങ്ങളുമായി വിഷയം ചർച്ച ചെയ്യുമെന്നും ഖാർഗെ പറഞ്ഞു.

റഫാൽ ഇടപാട് സംബന്ധിച്ചു സിഎജിയുടെ റിപ്പോർട്ട് പിഎസി പരിശോധിച്ചെന്നും റിപ്പോർട്ടിന്റെ ചെറിയൊരു ഭാഗമാണു പാർലമെന്റിനു നൽകിയതെന്നുമാണു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളിക്കൊണ്ടുള്ള വിധിന്യായത്തിൽ സുപ്രീംകോടതി പറയുന്നത്. റഫാൽ വിഷയത്തിൽ ഏതെങ്കിലും റിപ്പോർട്ട് ലഭിച്ചതായി പാർലമെന്റ് രേഖകകളില്ല. പാർലമെന്റാണു റിപ്പോർട്ട് പിഎസിയുടെ പരിശോധനയ്ക്കു വിടുന്നത്. ഈ പൊരുത്തകേടുകളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

വിഷയത്തിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പിഎസി സിഎജിയുടെ റിപ്പോർട്ട് കണ്ടിട്ടില്ല. ഒരുപക്ഷേ പിഎംഒ (പ്രൈംമിനിസ്റ്റർ ഓഫിസ്) കണ്ടിരിക്കുമെന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. റഫാലിൽ അന്വേഷണം വേണമെന്ന ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ അംബാനിയെ സഹായിച്ചെന്നു തെളിയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.