ഛത്തീസ്ഗഡിൽ ഭൂപേഷ് ബാഗേൽ മുഖ്യമന്ത്രിയാകും; കാർഷിക കടം എഴുതിത്തള്ളും

ഭൂപേഷ് ബാഗേൽ (കോൺഗ്രസ് ട്വീറ്റ് ചെയ്ത ചിത്രം)

റായ്പുര്‍∙ അനിശ്ചിതത്വം അവസാനിച്ചു; ഛത്തീസ്ഗഡിൽ പിസിസി അധ്യക്ഷൻ ഭൂപേഷ് ബാഗേൽ തന്നെ മുഖ്യമന്ത്രിയാകും. റായ്പുരിൽ മുതിർന്ന നേതാക്കളുമായുള്ള കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ തുടർ ചർച്ചകൾക്കൊടുവിലാണു തീരുമാനം. നാളെയാണു സത്യപ്രതിജ്ഞ.

വാഗ്ദാനം നൽകിയതു പ്രകാരം സംസ്ഥാനത്തെ കർഷകരുടെ വായ്പ എഴുതിത്തള്ളുന്ന നടപടിയിലൂടെ ഭരണം ആരംഭിക്കുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രി പദം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടുമായി പ്രതിപക്ഷ നേതാവ് ടി.എസ്. സിങ്ദേവ്, മുതിർന്ന നേതാക്കളായ താമ്രധ്വജ സാഹു, ചരൺദാസ് മഹന്ത് എന്നിവരും രംഗത്തുണ്ടായിരുന്നു. നാലു പേരും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയും നടത്തി. പ്രിയങ്ക വാധ്‌രയും യോഗത്തിൽ പങ്കെടുത്തിരുന്നു.