പി.കെ.ശശിക്കെതിരെ കടുത്ത നടപടി വേണം: കേന്ദ്രനേതൃത്വത്തിന് വീണ്ടും വിഎസിന്റെ കത്ത്

വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം∙ ലൈംഗിക ആരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രനേതൃത്വത്തിനു കത്തയച്ചു. സ്ത്രീപക്ഷത്തുനിന്നുള്ള ശക്തമായ നടപടി പാര്‍ട്ടിയില്‍നിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം. പരാതിക്കാരിയായ പെണ്‍കുട്ടിയും കൂടുതല്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്തെ വീണ്ടും സമീപിച്ചു. അതേസമയം, പി.കെ. ശശി വിഷയം ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്തേക്കും.

ഇരയെ തള്ളി, ശശിക്കൊപ്പം സിപിഎം കമ്മിഷൻ

പി.കെ. ശശി എംഎൽഎ മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതി സിപിഎം അന്വേഷിച്ച് തെളിവില്ലെന്നു പറഞ്ഞു തള്ളുകയായിരുന്നുവെന്നു വ്യക്തമായി. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാകമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിൽ, മോശമായ ഫോൺ സംഭാഷണം എന്നതൊഴികെ മറ്റെല്ലാം കമ്മിഷൻ തള്ളിയെന്നാണു റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുവതിയുടെ പരാതി സ്വമേധയാ ഉള്ളതാണെന്നു കരുതാനാവില്ലെന്നുമാണ് സിപിഎം നിഗമനം. അന്വേഷണ കമ്മിഷൻ നിഗമനങ്ങളടക്കം ഉൾപ്പെടുത്തിയുള്ള സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നു.

‘മറ്റാരോടും തോന്നാത്ത പ്രത്യേക ഇഷ്ടമാണ് ’എന്നു ശശി ഫോണിൽ പറഞ്ഞതായാണു പരാതിയിൽ. ശശിയുടെ ഫോൺ സംഭാഷണത്തിൽ ‘ജാഗ്രതയും സദാചാരമര്യാദകളും പാലിക്കപ്പെട്ടില്ല’എന്നാണു കമ്മിഷൻ നിഗമനം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതിയും എ.കെ. ബാലനും അടങ്ങിയ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശശിയെ സിപിഎമ്മിൽനിന്ന് ആറുമാസത്തേക്കു സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

ആൾത്തിരക്കുള്ള മണ്ണാർക്കാട് ഏരിയാകമ്മിറ്റി ഓഫിസിൽ പകൽസമയം വാതിൽ തുറന്നിട്ട മുറിയിൽ തെറ്റായ ഉദ്ദേശ്യത്തോടെ ശശി പെരുമാറിയെങ്കിൽ അതു മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുമായിരുന്നു എന്നാണ് നിഗമനം. ആരോപിക്കുന്ന സംഭവത്തിനു ദൃക്സാക്ഷികളില്ലെന്നും കമ്മിഷൻ പറയുന്നു. പെൺകുട്ടി ഈ ഘട്ടത്തിലൊന്നും ആർക്കും പരാതി നൽകിയില്ല. തികച്ചും സന്തോഷവതിയായാണ് ആ ദിവസങ്ങളിൽ കാണപ്പെട്ടത്. സെൽഫിയെടുത്തും പി.കെ. ശശി അടക്കമുള്ളവരോടു സാധാരണ പോലെ സംസാരിച്ചുമാണ് നീങ്ങിയത്. 2017 ഡിസംബറിൽ നടന്നതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ച് 2018 ഓഗസ്റ്റിലാണു പരാതി നൽകിയത്. ഡിവൈഎഫ്ഐ ബ്ലോക്ക് വനിതാ കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ ആദ്യം നിശ്ചയിച്ച പരാതിക്കാരിയെ ശശി ഇടപെട്ടു മാറ്റിയെന്ന നീരസം അവർക്കുണ്ടായിരുന്നതായി മൊഴിയുണ്ട്. തെളിവുണ്ടാക്കാനാണു ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തതെന്നു പെൺകുട്ടിയുടെ തന്നെ മൊഴിയുണ്ട് – പെൺകുട്ടിയുടെ പരാതി തള്ളാനുള്ള കാരണങ്ങൾ കമ്മിഷൻ നിരത്തുന്നു.

റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ‘പൊതുവെ എനർജറ്റിക്കായ കുട്ടികളോട് തോന്നിയ വാത്സല്യമായിട്ടാണ്’ പി.കെ.ശശി വിശദീകരിച്ചത്. സംഭാഷണത്തിലെ തന്റെ പ്രയോഗങ്ങൾ തെറ്റിദ്ധാരണജനകമാണെന്ന കമ്മിഷന്റെയും സംസ്ഥാനകമ്മിറ്റിയുടെയും നിഗമനത്തോടു ശശി യോജിച്ചു. ലൈംഗിക അതിക്രമമോ പീഡനമോ നടന്നിട്ടില്ല. പാർട്ടിക്കകത്തുള്ള നേതാക്കൾ ഗൂഢാലോചനയ്ക്കു പിന്നിലുണ്ടെന്ന ശശിയുടെ പരാതിയെക്കുറിച്ചു കമ്മിഷൻ അന്വേഷിച്ചിട്ടില്ല. ജില്ലയിലെ പ്രശ്നങ്ങൾ സംസ്ഥാനകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാനേതൃത്വം പരിശോധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.