റഫാലിൽ അവകാശലംഘന നോട്ടിസ്: ലോക്സഭയിൽ അനുരാഗ് താക്കൂർ, രാജ്യസഭയിൽ ബിനോയ് വിശ്വം

ന്യൂഡൽഹി∙ റഫാൽ വിഷയത്തിൽ സിപിെഎ അംഗം ബിനോയ് വിശ്വം രാജ്യസഭയിൽ അവകാശലംഘനത്തിനു നോട്ടിസ് നൽകി. റഫാൽ വിമാനങ്ങളുടെ വിലവിവരം സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പിഎസിക്കു മുന്നിൽ വച്ചെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു കാട്ടിയാണ് നോട്ടിസ്. അത്തരമൊരു റിപ്പോർട്ട് ഉണ്ടെങ്കിൽ ആദ്യം പാർലമെന്റിലാണ് അതു വയ്ക്കേണ്ടതെന്നും പിഎസിക്കു മുന്നിലല്ലെന്നും നോട്ടിസിൽ പറയുന്നു.

അതേസമയം, വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സഭയ തെറ്റിദ്ധരിപ്പിക്കുകയാണെന്നു കാട്ടി ബിജെപി നേതാവ് അനുരാഗ് താക്കൂർ ലോക്സഭയിൽ അവകാശ ലംഘന നോട്ടിസ് നൽകിയിട്ടുണ്ട്. രാഹുൽ മാപ്പ് പറയണമെന്നാണും ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 20ന് ലോക്സഭയിൽ ബിജെപി സർക്കാരിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ സംസാരിക്കവെ രാഹുൽ നടത്തിയ പരാമർശങ്ങൾ ആധാരമാക്കിയാണ് അനുരാഗ് താക്കൂറിന്റെ നോട്ടിസ്.