റഫാൽ അഴിമതിയിൽ സർക്കാരിനെതിരെ പ്രതിപക്ഷം; പാർലമെന്റ് പ്രക്ഷുബ്ധമാകും

ന്യൂഡൽഹി∙ റഫാല്‍ കേസില്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചു കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്‍റില്‍ ഇന്നു പ്രതിപക്ഷം പടനീക്കം നടത്തും. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെതിരെ അവകാശലംഘനത്തിനു സിപിഎമ്മും ആര്‍ജെഡിയും മുന്നോട്ടുവന്നിട്ടുണ്ട്.

വിമാനവിലയെക്കുറിച്ചുള്ള വിവരങ്ങള്‍ സിഎജി പരിശോധിച്ചതാണെന്നും സിഎജി റിപ്പോര്‍ട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയില്‍ വന്നതാണെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പിഎസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയത്. വിധിയിലെ പിഴവ് തിരുത്തണമെന്ന അപേക്ഷയുമായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കയാണ്.

ജെപിസി അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം കൂടുതല്‍ ശക്തമായി പാര്‍ലമെന്‍റില്‍ ഉന്നയിക്കും. പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിഷേധം ഉയരാനാണ് സാധ്യത. അതിനിടെ, മുത്തലാഖ് നിരോധന ബില്‍ വീണ്ടും കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.