യുപിയിൽ കല്ലേറിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു; ആക്രമണം പ്രധാനമന്ത്രി പോയതിനു പിന്നാലെ

യുപിയിലെ ഗാസിപുരിൽ നിഷാദ് വിഭാഗത്തിലെ ആളുകൾ നടത്തിയ കല്ലേറ്. ചിത്രം: എഎൻഐ ട്വിറ്റർ

ലക്നൗ∙ ഉത്തർപ്രദേശിലെ ഗാസിപുരിൽ ആൾക്കൂട്ട ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നോഹാര പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുരേഷ് വൽസാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയിൽ പങ്കെടുത്തു മടങ്ങിയ ശേഷം ഉണ്ടായ കല്ലേറിലാണ് സുരേഷ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഉത്തരവാദികളായവരെ എത്രയും വേഗം കണ്ടെത്താനും നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കലക്ടറോടും പൊലീസ് മേധാവിയോടും നിർദേശിച്ചു.

സംഭവം ഇങ്ങനെ:

ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ സുരക്ഷാ ചുമതല നിർവഹിച്ച ശേഷം മടങ്ങിയ സുരേഷിനോട് സംവരണം ആവശ്യപ്പെട്ട് നിഷാദ് വിഭാഗത്തിലെ ആളുകള്‍ ദേശീയപാതയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലേക്ക് ചെല്ലാൻ ഉന്നത ഉദ്യോഗസ്ഥർ‌ നിർദേശിച്ചു. അവിടെയെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ വഴിയിൽ നിന്നു നീക്കാൻ ശ്രമിച്ചു. എന്നാൽ ഇതിനെ തുടർന്നു പ്രതിഷേധക്കാർ പൊലീസുകാർക്കിടയിലേക്ക് കല്ലേറ് ആരംഭിച്ചു. കല്ലേറിൽ പരുക്കേറ്റ സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മരിച്ച സുരേഷിന്റെ ഭാര്യയ്ക്കു 40 ലക്ഷവും മാതാപിതാക്കൾക്ക് 10 ലക്ഷം രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. ഈ മാസം സംസ്ഥാനത്തു ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് സുരേഷ് വൽസ്. ഈ മാസമാദ്യം ബുലന്ദ്ശഹറിൽ ഗോമാംസം കണ്ടെത്തിയതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ സുബോധ് കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.