മുത്തലാഖ് ബിൽ തുലാസിൽ; അവതരിപ്പിക്കാനായില്ല, രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ലോക്സഭ പാസാക്കിയ മുത്തലാഖ് ബിൽ ഇന്നു രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല. കാവേരി ജലതർക്ക വിഷയത്തിൽ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ എംപിമാർ നടത്തിയ ബഹളത്തെത്തുടർന്ന് സഭ ഇന്നത്തേക്കു പിരിയുകയായിരുന്നു. പുതുവർഷത്തിന്റെ അവധിയും കഴിഞ്ഞ് രണ്ടാം തീയതിയെ ഇനി സഭ സമ്മേളിക്കൂ. രാവിലെ സഭ ചേർന്നയുടനെ ബഹളമയമായതിനെത്തുടർന്ന് രണ്ടുമണിവരെ നിർത്തിവച്ചിരുന്നു. രണ്ട് മണിക്കു ചേർന്നെങ്കിലും 2.15 വീണ്ടും 15 മിനിറ്റുകൂടി സഭ നിർത്തിവച്ചു. 2.30ന് സഭ ചേർന്നെങ്കിലും ബഹളം ശമിക്കാത്തതിനാൽ ഇന്നത്തേക്കു പിരിയുകയായിരുന്നു. അണ്ണാ ഡിഎംകെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ചില ഡിഎംകെ അംഗങ്ങളും പ്രതിഷേധവുമായി സീറ്റിൽനിന്ന് എഴുന്നേറ്റു നിന്നു. ശൂന്യവേളയിൽ വിഷയം പരിഗണിക്കാം എന്ന് ഉപാധ്യക്ഷന്‍ ഹരിവംശ് അറിയിച്ചെങ്കിലും അതു ചെവിക്കൊള്ളാൻ അണ്ണാ ഡിഎംകെ അംഗങ്ങൾ തയാറായില്ല.

ഇന്നു സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദേശിച്ച് ബിജെപിയും കോൺഗ്രസും എംപിമാർക്കു വിപ്പ് നൽകിയിരുന്നു. അണ്ണാ ഡിഎംകെ അംഗങ്ങളെ ഇളക്കിവിടുന്നതു കേന്ദ്രമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. രാവിലെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ േചംബറിൽ പ്രതിപക്ഷാംഗങ്ങള്‍ യോഗം ചേർന്ന് ഇന്നു സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്തിരുന്നു. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി ബിജെപി പ്രസിഡന്റ് അമിത് ഷാ, ധനമന്ത്രി അരുൺ ജയ്റ്റ്ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവരുടെ യോഗവും നടന്നു. മുത്തലാഖ് ബില്ലിന്മേലുള്ള വാദപ്രതിവാദങ്ങളും രാജ്യസഭയിലെ ചർച്ചയും വിശദമായി ചുവടെ വായിക്കാം.