റയൽ – ബയൺ ക്വാർട്ടർ; ബാർസയ്ക്ക് യുവന്റസ്

സൂറിച്ച്∙ യൂവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡ് ക്വാർട്ടർ ഫൈനലിൽ ജർമൻ ടീമായ ബയൺ മ്യൂണിക്കിനെ നേരിടും. ബാർസിലോനയ്ക്ക് എതിരാളികൾ ഇറ്റലിയുടെ ചാംപ്യൻ ടീമായ യുവന്റസാണ്. അപ്രതീക്ഷിത അതിഥികളായ ഇംഗ്ലണ്ടിന്റെ ലെസ്റ്റർ സിറ്റി സ്പെയിനിലെ അത്‌ലറ്റിക്കോ മഡ്രിഡിനേയും ജർമനിയിലെ ബൊറൂസിയ ഡോർട്ട്മുണ്ട് ഫ്രാൻസിലെ എഎസ് മൊണാക്കോയേയും നേരിടും.

റയൽ നേരിടുന്നത് അവരുടെ മുൻ പരിശീലകൻ കാർലോസ് ആഞ്ചലോട്ടിയുടെ ടീമിനെയാണ്. ആദ്യ പാദം ബയണിന്റെ മൈതാനത്തു നടക്കും. റയലിനെ അവരുടെ പതിനൊന്നു യൂറോപ്യൻ കിരീട വിജയങ്ങളിൽ പത്തിലും പരിശീലിപ്പിച്ചിറക്കിയ കോച്ചാണ് ആഞ്ചലോട്ടി. 2014ൽ ബയണിന് ഏൽപിച്ച കനത്ത പ്രഹരവും ആ യാത്രയിലുണ്ട്. സെമിയുടെ രണ്ടാം പാദത്തിൽ അന്നു ബയണിനെ അവരുടെ മൈതാനത്ത് 4–0നാണു റയൽ തകർത്തത്. യൂറോപ്യൻ പോരാട്ടത്തിൽ സ്വന്തം മൈതാനത്തു ബയണിന് ഏറ്റ ഏറ്റവും കനത്ത തോൽവിയാണത്.

ബാർസ – യുവന്റസ് പോരാട്ടം 2015ലെ ഫൈനലിന്റെ ആവർത്തനമാണ്. അന്നു ബാർസ 3–1നു ജയിച്ചിരുന്നു. ഇത്തവണ ആദ്യപാദ പോരാട്ടം യുവന്റസിന്റെ മൈതാനത്താണ്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ അത്ഭുതം വിരിയിച്ചു കയറി വന്ന ലെസ്റ്റർ സിറ്റിയെ നേരിടുന്ന അത്‌ലറ്റിക്കോ മഡ്രിഡ് കഴിഞ്ഞ മൂന്നു വർഷത്തിൽ രണ്ടു തവണത്തേയും രണ്ടാം സ്ഥാനക്കാരാണ്. ആദ്യ പാദം അത്‌ലറ്റിക്കോയുടെ മൈതാനത്താണ്. അവിടെ ചരിത്രത്തിൽ ഒരു ഇംഗ്ലിഷ് ടീമും ജയിച്ചിട്ടില്ല എന്നതു തന്നെ ലെസ്റ്ററിനു വെല്ലുവിളിയാണ്. മാഞ്ചസ്റ്റർ സിറ്റിയെ തകർത്തു കയറിയ മൊണാക്കോ ബൊറൂസിയ ഡോർട്ട്മുണ്ടിനു ശരിക്കും വെല്ലുവിളിയായേക്കും.