Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമൻ ടീമിനൊപ്പം ഇനിയില്ലെന്ന് മെസൂട് ഓസിൽ; വംശീയാധിക്ഷേപം മൂലമെന്ന് വിശദീകരണം

ozil

മ്യൂനിക്ക് ∙ തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനൊപ്പം ചിത്രമെടുത്തതിന്റെ പേരിൽ വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയനായ ജർമൻ മിഡ്ഫീൽഡർ മെസൂട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. റഷ്യ ലോകകപ്പിന്റെ കിക്കോഫിനു മുൻപേ തുടങ്ങി ആദ്യ റൗണ്ടിൽ ജർമനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ– കായിക വിവാദത്തിനൊടുവിലാണ് നടപടി. ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാൽ രാജി വയ്ക്കുന്നുവെന്ന് ഞായറാഴ്ച അർധരാത്രിയോടെ ഓസിൽ പ്രഖ്യാപിച്ചു. എന്നാൽ, ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിന്റെ താരമായ ഓസിൽ ക്ലബ് ഫുട്ബോളിൽ തുടരും. കാൽപന്തുകളിയിലെ ഏറ്റവും മികച്ച പ്ലേ മേക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് ഇരുപത്തൊൻപതുകാരനായ ഓസിൽ.  ജർമനിക്കായി 92 കളിയിൽ 23 ഗോൾ നേടിയിട്ടുണ്ട്.

തുർക്കി വംശജരായ ഓസിലും സഹതാരം ഇൽക്കേ ഗുൻഡോഗനും തുർക്കി പ്രസിഡന്റ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. ആരാധകർ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എന്നാൽ, ഇതുവരെ മാപ്പു പറയാൻ കൂട്ടാക്കാതിരുന്ന ഓസിൽ,  ഇന്നലെയാണ്  വിശദീകരണം പുറത്തുവിട്ടത്.

‘‘എർദോഗാനൊപ്പമുള്ള ചിത്രം എന്നെ സംബന്ധിച്ച് രാഷ്ട്രീയ നിലപാടോ തിരഞ്ഞെടുപ്പ് നയപ്രഖ്യാപനമോ അല്ല. എന്റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ്. ഞാനൊരു പ്രഫഷനൽ ഫുട്ബോൾ കളിക്കാരനാണ്. അതിനപ്പുറം ഒന്നുമില്ല. എന്നാൽ, ചിത്രമെടുത്തതിന്റെ പേരിൽ ജർമൻ ഫുട്ബോൾ അസോസിയേഷൻ ഉൾപ്പെടെ ഒട്ടേറെ മേഖലയിൽനിന്ന് എതിർപ്പുണ്ടായി. ഇനിയും ജർമനിയുടെ ജഴ്സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെന്നു മനസ്സിലായി. 2009ൽ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറിയതു മുതൽ ഇതുവരെ നേടിയതെല്ലാം സകലരും മറന്നുപോയിരിക്കുന്നു. വംശീയാധിക്ഷേപത്തിൽ അഭിരമിക്കുന്നവരെ ഫിഫ പോലെ വിശാല കാഴ്ചപ്പാടുള്ള സംഘടനകളിൽ ഉൾപ്പെടുത്തരുത്. വിവിധ വംശപാരമ്പര്യമുള്ളവരുടെ കളിയാണു ഫുട്ബോൾ. ഈ സാഹചര്യത്തിൽ, ജർമൻ ദേശീയ ടീമിൽ തുടരുന്നതിൽ അർഥമില്ല. വലിയ ഹൃദയഭാരത്തോടെ തന്നെയാണ് ഈ തീരുമാനമെടുത്തത് – ഓസിൽ കത്തിൽ വിശദമാക്കി.

ലോകകപ്പിൽനിന്ന് ജർമനിയുടെ പുറത്താകലിനെത്തുടർന്ന് ഓസിലിനെതിരെ ജനരോഷം ശക്തമായിരുന്നു. ടീം മാനേജർ ഒളിവർ ബിയറോഫും ഓസിലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് രംഗത്തു വന്നിരുന്നു. ഇതേത്തുടർന്നു രംഗത്തു വന്ന ഓസിലിന്റെ പിതാവ് മകനോടു കളി നിർത്താൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

related stories