Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുഹയിൽപ്പെട്ട ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ തീവ്രശ്രമം; ഏഴു കി.മീ. തുരങ്കം നിർമിക്കുന്നു

thailand-cave-rescue വടക്കൻ ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. ചിത്രം: ട്വിറ്റർ

ബാങ്കോക്ക് ∙ വടക്കൻ തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിൽ വെള്ളം കയറിയ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ രക്ഷിക്കാൻ യുഎസിലും യുകെയിലും നിന്നു പ്രത്യേക സേനയെത്തി. തുരങ്ക നിർമാതാക്കളും മുങ്ങൽ വിദഗ്ധരും അടങ്ങിയ സംഘമാണ് എത്തിയത്. രക്ഷാപ്രവർത്തനം അ‍ഞ്ചാം ദിവസവും ഊർജിതമായി തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ഗുഹയ്ക്കുള്ളിലേക്കു സമാന്തര പാത നിർമിച്ചു കൊണ്ടിരിക്കുകയാണെന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന മേജർ ബഞ്ചാ ദുരിയപ്പൻ പറഞ്ഞു. മുങ്ങൽ വിദഗ്ധർ ഗുഹയ്ക്കുള്ളിൽ തിരച്ചിൽ നടത്തിയതായും അദ്ദേഹം പറഞ്ഞു.

ഗുഹയുടെ ഇടത്തു ഭാഗത്തു കൂടി ഏഴു കിലോമീറ്റർ ദൂരത്തിലാണു സമാന്തര പാത നിർമിക്കുന്നത്. കുടുങ്ങി കിടക്കുന്നവർ ഈ ഭാഗത്തുണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് ഇത്. വലത്തു ഭാഗത്തു കൂടിയും ഒരു കിലോമീറ്റർ ദൂരത്തിൽ പാത നിർമിക്കുന്നത് ആലോചനയിലാണെന്നും ദേശീയ പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഗുഹയിൽ കുടുങ്ങിയത്. 11 മുതൽ 16 വരെ പ്രായമുളള 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണു കുടുങ്ങിയിരിക്കുന്നത്. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്. ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു.

ഗുഹയിലെ വെള്ളം അടിച്ചു കളയാൻ ഉയർന്ന കുതിരശക്തിയുള്ള പമ്പുകൾ സ്ഥാപിച്ചെങ്കിലും മഴ കനത്തതോടെ ജലത്തിന്‍റെ ഒഴുക്കു ശക്തമായി. വ്യോമ, നാവിക, പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു പേരാണു രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടികളും കോച്ചും ജീവനോടെയുണ്ടെന്നാണ് പ്രതീക്ഷ. ഗുഹാമുഖത്തുനിന്നു കുട്ടികളുടെ സൈക്കിളുകളും ഷൂസും ബാക്ക്പാക്കും കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളുൾപ്പെടെയുള്ള ബന്ധുക്കൾ ഗുഹയ്ക്കു മുന്നിൽ തമ്പടിച്ചിട്ടുണ്ട്. ബുദ്ധ സന്യാസികളുടെ നേതൃത്വത്തിൽ പ്രാർഥനയും നടക്കുന്നുണ്ട്.