ഡെംപോ ഫുട്ബോൾ ക്ലബ്ബിന് അരനൂറ്റാണ്ട്

മണ്ഡോവി നദിക്കരയിലെ ഡെംപോ ഹൗസിലേക്കു സ്വാഗതം ചെയ്യുന്നത് ബാലഗംഗാധര തിലകനാണെന്നു തോന്നും. വലിയ കവാടത്തിന് ഇരുവശങ്ങളിലുമായി രണ്ട് അർധകായ പ്രതിമകൾ. സ്വാതന്ത്ര്യസമര സേനാനിയായ തിലകനെപ്പോലെ കണ്ണടയും കപ്പടാ മീശയുമായി നിൽക്കുന്നതു ഡെംപോ കുടുംബത്തിലെ കാരണവരിലൊരാളാണ്. നേവി ബ്ലൂ നിറത്തിലുള്ള വമ്പൻ കെട്ടിടത്തിലെ ഓരോ നിലയിലേക്കും കടക്കുമ്പോഴും ഇങ്ങനെ ഡെംപോ കുടുംബത്തിലെ ആരുടെയങ്കിലും പ്രതിമയുണ്ടാകും. ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. രണ്ടാം നിലയിലേക്കു കടന്നാൽ ചില്ലു ക്യാബിനുകൾ നിറഞ്ഞ കോർപറേറ്റ് അന്തരീക്ഷം.

ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനമായിരുന്ന ഡെംപോ സ്പോർട്ടിങ് ക്ലബ്ബിന്റെ ആസ്ഥാനം ഇവിടെയാണ്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായുള്ള പ്രശ്നത്തെത്തുടർന്ന് ഐ–ലീഗിൽനിന്നു വിട്ടുനിന്നതോടെ ക്ലബ്ബിലെ പ്രധാന താരങ്ങളെല്ലാം വിട്ടുപോയതായി ഡെംപോ ടീം അഡ്മിനിസ്ട്രേറ്റർ നിക്കോളാസ് പറഞ്ഞു. എങ്കിലും ഡെംപോയ്ക്ക് ഇപ്പോഴും മോശമല്ലാത്ത ടീമുണ്ട്. അൻപതാം വാർഷികം ആഘോഷിക്കുന്ന തിരക്കിലാണ് ഡെംപോ. ട്രോഫി റൂമിലേക്കു കടന്നാൽ ഇന്ത്യൻ ഫുട്ബോളിലെ ഒരു കാലഘട്ടം കൺമുന്നിൽ. ദേശീയ ലീഗ്, ഐ–ലീഗ്, ഫെഡറേഷൻ കപ്പ്, ഡ്യൂറാൻഡ് കപ്പ്, റോവേഴ്സ് കപ്പ് എന്നിവയെല്ലാം പ്രൗഢിയോടെ പ്രദർശിപ്പിച്ചിരിക്കുന്നു.

ഏറ്റവും കൂടുതൽ ദേശീയ ലീഗ് കിരീടങ്ങൾ നേടിയ ക്ലബ്ബാണ് ഡെംപോ–അഞ്ച്. കൂട്ടത്തിൽ ഒരു കിരീടം വിഷാദഭാവത്തോടെ നിൽക്കുന്നു. 2004ലെ ഫെഡറേഷൻ കപ്പ് ഫൈനലിനിടെ കളിക്കളത്തിൽ വീണുമരിച്ച ബ്രസീൽ താരം ക്രിസ്റ്റ്യാനോ ജൂനിയറിനുള്ള സ്മാരകം. ആ താരത്തെ അനുസ്മരിപ്പിക്കുന്ന വല്ലതും ഇവിടെയുണ്ടോ എന്ന ചോദ്യത്തിന് നിക്കോളാസ് മറുപടി പറഞ്ഞു. ‘‘ഞങ്ങൾ ഇപ്പോൾ ആ പത്താം നമ്പർ ജഴ്സി ആർക്കും നൽകാറില്ല. ക്ലബ് ചെയർമാൻ ശ്രീനിവാസ് ഡെംപോയുടെ മുറിയിൽ ക്രിസ്റ്റ്യാനോയുടെ ഒരു ചിത്രം സ്ഥാപിച്ചിട്ടുമുണ്ട്.’’

ഐ–ലീഗിൽ കളിക്കാതിരുന്നിട്ടും ഡെംപോ എങ്ങനെ ടീമിനെ നിലനിർത്തുന്നു എന്നതിന് ഉത്തരം അവരുടെ ബിസിനസ് സാമ്രാജ്യമാണ്. ഗോവയിലെ ഖനന രംഗത്തെ അതികായരായ ‍ഡെംപോ ഗ്രൂപ്പ് കപ്പൽ നിർമാണവും ഭക്ഷ്യവ്യവസായവും അടക്കം പല മേഖലയിലുമുണ്ട്. 1941ൽ വസന്ത് റാവു എസ്.ഡെംപോയും സഹോദരൻ വൈകുണ്ഠ് റാവു എസ്. ഡെംപോയും ചേർന്നാണ് ക്ലബ് സ്ഥാപിച്ചത്. മൂന്നാം തലമുറക്കാരനാണ് ശ്രീനിവാസ് ഡെംപോ. സാൽഗോക്കറിനോടും സ്പോർട്ടിങിനോടും പിന്തുണ പ്രഖ്യാപിച്ചാണ് ഡെംപോ ഐ–ലീഗിൽനിന്നു പിൻമാറിയത്. ഡെംപോ ഹൗസിന്റെ വാതിൽ ഇന്നും ഫുട്ബോളിനു മുന്നിൽ തുറന്നുതന്നെ കിടക്കുന്നു. ‘‘ഐ–ലീഗിന്റെ കാര്യത്തിൽ എഐഎഫ്എഫ് വ്യക്തത നൽകുമ്പോൾ ഞങ്ങൾ തിരിച്ചുവരും.’’– മീഡിയ മാനേജർ ജോനാതൻ പറഞ്ഞു.