ചെന്നൈയ്ക്കു ജയം; അഞ്ചാം സ്ഥാനത്ത്

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ മുംബൈയ്ക്കെതിരെ ചെന്നൈ താരം ജെജെ ലാ‍ൽ പെഖുല ഹെഡ്ഡറിലൂടെ ഗോൾ നേടുന്നു ചിത്രം: വിബി ജോബ്

ചെന്നൈ∙ ഐഎസ്എലിൽ നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്സിക്കു ജയം. പുണെ സിറ്റി എഫ്‌സിയെ 2–0നു തോൽപിച്ച അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു. ആദ്യ പകുതിയിൽ ഇന്ത്യൻ താരം ജെജെ ലാൽപെഖുല, രണ്ടാം പകുതിയിൽ ഇറ്റാലിയൻ താരം ഡേവിഡ് സൂക്കി എന്നിവരാണ് ചെന്നൈയുടെ ഗോളുകൾ നേടിയത്. രണ്ടും ഹെഡർ ഗോളുകൾ. പുണെയ്ക്കെതിരെ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോർഡും ചെന്നൈ കാത്തു. ചെന്നൈ ആക്രമണങ്ങളുടെ സൂത്രധാരൻ റാഫേൽ അഗസ്‌റ്റോയാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. ജയത്തോടെ ചെന്നൈ 10 മത്സരങ്ങളിൽ നിന്നും 13 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്കുയർന്നു. 12 പോയിന്റോടെ പുണെ ആറാമത്‌. നോർത്ത്‌ ഈസ്‌റ്റും എഫ്‌സി ഗോവയും അവസാന സ്ഥാനങ്ങളിൽ.

കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ പകരക്കാരനായി ഇറങ്ങിയ സൂക്കിയും ഹാൻസ്‌ മൾഡറും ഇന്നലെ ചെന്നൈയുടെ ആദ്യ ഇലവനിൽ എത്തി. ജോൺ ആർനെ റീസ്സെയുടെ പൊസിഷനിൽ ബ്രസീൽ താരം എദർ‌ ഫെർണാണ്ടസും ഇറങ്ങി. ബ്ലാസ്‌റ്റേഴ്‌സിനെതിരെ അറ്റാക്കിങ്‌ മിഡ്‌ഫീൽഡിൽ കളിച്ച ബെർണാഡ്‌ മെൻഡി ഇന്നലെ സ്ഥിരം സെന്റർ ബാക്ക്‌ പൊസിഷനിലേക്കു മടങ്ങിയെത്തി.

മറുവശത്ത്‌ അന്റോണിയോ ലോപസ്‌ ഹബാസ്‌ ഒരു മാറ്റം മാത്രമാണ് വരുത്തിയത്. രാഹുൽ ഭെകെയ്‌ക്കു പകരം രാജു യുംനാം ഇറങ്ങി. ആദ്യപകുതി ഗോൾ രഹിതമായി സമാപിക്കുമെന്നു കരുതിയ നിമിഷത്തിലായിരുന്നു ചെന്നൈയുടെ ഗോൾ. റാഫേൽ അഗസ്റ്റോയിൽ നിന്നു പന്ത് ഹാൻസ്‌ മൾഡറിലേക്കും സൂക്കിയിലേക്കും. സൂക്കിയുടെ ഹാഫ്‌ വോളി ലക്ഷ്യമാക്കി പറന്നുയർന്ന ജെജെ ഹെഡ്ഡറിലൂടെ വലയിലേക്ക് പന്തു തിരിച്ചുവിട്ടു (1-0). ഐഎസ്‌എല്ലിൽ ജെജെയുടെ 13–ാം ഗോൾ.