വിക്കറ്റ് നേടാൻ ഇഷാന്തിനാവണം: കപിൽദേവ്

ന്യൂഡൽഹി ∙ കഴിവേറെ ഉണ്ടായിട്ടും വിക്കറ്റ് നേടാനുള്ള പന്തുകൾ തുടർച്ചയായി എറിയുന്നതിൽ പേസ് ബോളർ ഇഷാന്ത് ശർമ പരാജയപ്പെടുന്നതായി മുൻ ഇന്ത്യൻ നായകൻ കപിൽദേവ്. ചിക്കുൻഗുനിയ പിടിപെട്ട് ടീമിൽനിന്നു കുറച്ചുകാലം വിട്ടുനിന്ന ഇഷാന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തി. ഒൻപതിനു രാജ്കോട്ടിലാണ് ആദ്യ ടെസ്റ്റ്.

ഇഷാന്ത് 72 ടെസ്റ്റുകളിൽനിന്ന് 66.6 സ്ട്രൈക്ക് റേറ്റിൽ 209 വിക്കറ്റ് നേടിയിട്ടുണ്ട്. എന്നാൽ സ്ഥിരതയുള്ള പ്രകടനത്തിന് ഇഷാന്ത് ഇനിയുമേറെ ശ്രമം നടത്തേണ്ടതുണ്ടെന്നു കപിൽ പറയുന്നു. ‘‘ ഇഷാന്ത് മിടുക്കനായ ബോളറാണ്. ഉയരക്കൂടുതൽ നന്നായി ഉപയോഗിക്കുന്ന ഇഷാന്തിനു നല്ല വേഗം കണ്ടെത്താനും കഴിയുന്നുണ്ട്. നിർണായക സമയത്തു വിക്കറ്റ് നേടാനുള്ള മികവാണ് ഇനി വേണ്ടത്. ആ മേഖലയിലാണ് ഇഷാന്ത് പിന്നാക്കം പോകുന്നത്. മികവിലോ പ്രതിഭയിലോ കുറവില്ല. എന്നാൽ വിക്കറ്റെടുക്കാനുള്ള മിടുക്കിൽ കുറവുണ്ട്.’’– ഇന്ത്യയിൽ 83 ടെസ്റ്റിൽനിന്നു 300 വിക്കറ്റ് നേടിയ കപിൽ പറ‍ഞ്ഞു.

ബാറ്റിങ് വിക്കറ്റുകളിൽ വിക്കറ്റെടുക്കാൻ ഇഷാന്ത് കൂടുതൽ അച്ചടക്കം കാട്ടിയേ മതിയാകൂ എന്നു കപിൽ പറഞ്ഞു. ‘‘ കൂടുതൽ മികവോടെയും സ്ഥിരതയോടെയും എറിഞ്ഞേ മതിയാകൂ. ഒരോവറിൽ ഒന്നോ രണ്ടോ പന്തുകൾ നന്നായി എറിഞ്ഞതുകൊണ്ടായില്ല. അഞ്ചു പന്തുകളെങ്കിലും നന്നായി ചെയ്യണം.’’