മെക്സിക്കൻ ഓപ്പണിൽ നദാലിന് ഫൈനലിൽ തോൽവി

അൽക്കാപ്പുൽക്കോ ∙ പരുക്കുകളും ഫോം നഷ്ടവും വിടാതെ പിൻതുടരുന്ന റാഫേൽ നദാലിന്റെ കഷ്ടകാലത്തിന് അറുതിയാവുന്നില്ല. മെക്സിക്കൻ ഓപ്പൺ ടെന്നിസ് ഫൈനലിൽ രണ്ടാം സീഡായ നദാലിനെ അൺസീഡഡ് താരമായ അമേരിക്കക്കാരൻ സാം ക്വെറി നേരിട്ടുള്ള സെറ്റിൽ കീഴടക്കി (6–3, 7–6). രണ്ടാം സെറ്റിൽ പൊരുതിനിന്നു എന്നു മാത്രം നദാലിന് ആശ്വസിക്കാം.

ലോക റാങ്കിങ്ങിലെ 40–ാം സ്ഥാനക്കാരനായ ക്വെറി, അഞ്ചു മൽസരങ്ങളിൽ നദാലിനെതിരെ നേടുന്ന ആദ്യവിജയമാണിത്. ഇവിടെ മൂന്നാം കിരീടവിജയം ലക്ഷ്യംവച്ച നദാൽ ഒരു സെറ്റുപോലും വഴങ്ങാതെയായിരുന്നു ഫൈനൽവരെ എത്തിയത്. പക്ഷേ, കലിഫോർണിയയിൽനിന്നുള്ള ഇരുപത്തൊൻപതുകാരൻ ക്വെറിയുടെ ഗ്രൗണ്ട് സ്ട്രോക്കുകൾക്കു മുന്നിൽ നദാലിനു മറുപടിയില്ലായിരുന്നു. 19 എയ്സുകളായിരുന്നു ക്വെറിയുടെ റാക്കറ്റിൽനിന്നു പിറന്നത്.