Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെസ്സി ഡബിളിൽ ബാർസ; ബയണിനു തോൽവി

SOCCER-CHAMPIONS-CEL-FCB/ ആദ്യഗോൾ നേടിയപ്പോൾ മെസ്സിയുടെ ആഹ്ലാദം

ഗ്ലാസ്ഗോ ∙ ബാർസയുടെ വിജയസമവാക്യങ്ങൾക്കു മാറ്റമില്ല! മെസ്സിയോ നെയ്മറോ സ്വാരെസോ, ആരെങ്കിലുമൊരാൾ അവസരം ഒരുക്കും. മറ്റൊരാൾ അതു ഗോളാക്കും. ഇത്തവണ ഗോളടിക്കാനുള്ള ഊഴം മെസ്സിക്കായിരുന്നു. അസുഖം മാറി തിരിച്ചുവന്ന സൂപ്പർ താരത്തിന്റെ ഡബിളിൽ സെൽറ്റിക്കിനെ 2–0നു തോൽപിച്ച് ബാർസിലോന ഗ്രൂപ്പ് ജേതാക്കളായി. ചാംപ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ‌ കടന്നു. ഇരു പകുതികളിലും ഓരോ തവണയായിരുന്നു ഗോൾ. രണ്ടാമത്തേതു പെനൽറ്റി ഗോൾ. ആദ്യ ഗോളിനു നെയ്മർ വഴിയൊരുക്കി. രണ്ടാം ഗോളിന് അവസരം സൃഷ്ടിച്ചത് സ്വാരെസ്.

ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ ഇതേ സ്കോറിനു തോൽപിച്ച് അത്‌ലറ്റിക്കോ മഡ്രിഡ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. അത്‌ലറ്റിക്കോ നേരത്തേ നോക്കൗട്ടിൽ കടന്നിരുന്നു. ജർമൻ ക്ലബ് ബോറൂസിയ മോൺചെൻഗ്ലാഡ്ബാഷിനോടു 1–1 സമനില വഴങ്ങിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയും അവസാന പതിനാറിലെത്തി. നേരത്തേ തന്നെ നോക്കൗട്ട് ഉറപ്പിച്ച ബയൺ മ്യൂണിക്ക്, റഷ്യൻ ക്ലബ് റോസ്റ്റോവിനോടു തോറ്റതായിരുന്നു (2–3) മൽസര ദിനത്തിലെ ഞെട്ടൽ. ആർസനൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ പിഎസ്ജിയോട് സമനില വഴങ്ങി (2–2). ബെസിക്റ്റാസ്–ബെൻഫിക്ക (3–3), ലുദോഗോറെറ്റ്സ്–എഫ്സി ബേസൽ (0–0), നാപ്പോളി–ഡൈനമോ കീവ്(0–0) മൽസരങ്ങളും സമനിലയിൽ തീർന്നു.

തുടർച്ചയായ 13–ാം വർഷമാണ് ബാർസിലോന ചാംപ്യൻസ് ലീഗ് നോക്കൗട്ടിൽ കടക്കുന്നത്. സ്പാനിഷ് ലീഗിൽ മലാഗയ്ക്കെതിരെ ബാർസ ഗോളില്ലാ സമനില വഴങ്ങിയ കളിയിൽനിന്ന് അസുഖം മൂലം മെസ്സി വിട്ടുനിന്നിരുന്നു. എന്നാൽ നൂകാംപിലെ ഹോം മൽസരത്തിൽ സെൽറ്റിക്കിനെ 7–0നു തോൽപിച്ചപ്പോൾ ഹാട്രിക് കുറിച്ചിരുന്ന മെസ്സി ഗ്ലാസ്ഗോയിലും അതേ ഫോം തുടർന്നു. 24–ാം മിനിറ്റിൽ നെയ്മർ നൽ‌കിയ സുന്ദരമായ പാസിനെ വട്ടംതിരിഞ്ഞ് ഗോളിലേക്കു തിരിച്ചു വിട്ടാണ് മെസ്സി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനൽറ്റി കിക്കിലൂടെ പട്ടിക പൂർത്തിയാക്കി. ലൂയി സ്വാരെസിനെ സെൽറ്റിക് താരം എമിലിയോ ഇസാഗ്വിർ ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. ബാർസയ്ക്കു വീണ്ടും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ വീണില്ല. ആദ്യപാദത്തിലെ നാണക്കേട് ആവർത്തിക്കാതെ സെൽറ്റിക് രക്ഷപ്പെട്ടു.

രണ്ടാം പകുതിയിൽ കെവിൻ ഗമെയ്റോയും അന്റോയ്ൻ ഗ്രീസ്മനും നേടിയ ഗോളുകളിലാണ് അത്‌ലറ്റിക്കോ പിഎസ്‌വിയെ തോൽപിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചു കളികളും ജയിച്ച് രാജകീയമായിട്ടാണ് സിമിയോണിയുടെ ടീമിന്റെ നോക്കൗട്ട് പ്രവേശം. ബയൺ മ്യൂണിക്കുമായുള്ള മൽസരമാണ് ഇനി ബാക്കിയുള്ളത്. എന്നാൽ ഗ്രൂപ്പിലെ സ്ഥാന നിർണയത്തിൽ ആ മൽസരം അപ്രസക്തം. ബയൺ അപ്രതീക്ഷിതമായി റഷ്യൻ ക്ലബ് റോസ്റ്റോവിനോട് തോറ്റതാണ് (2–3) അത്‌ലറ്റിക്കോയ്ക്കു നേട്ടമായത്. ഗ്രൂപ്പ് സി പോരാട്ടത്തിൽ, റാഫേലിന്റെ ഗോളിലൂടെ ബോറൂസിയ മോൺചെൻഗ്ലാഡ്ബാഷ് മുന്നിലെത്തിയെങ്കിലും ഡേവിഡ് സിൽവയിലൂടെ സിറ്റി തിരിച്ചടിച്ചു. സമനിലയോടെ ബാർസിലോനയ്ക്കു പിന്നിലായി രണ്ടാം സ്ഥാനവും ഉറപ്പിച്ചു.

ഗ്ലാഡ്ബാഷ് താരം ലാർസ് സ്റ്റിൻഡിലും സിറ്റി താരം ഫെർണാണ്ടീഞ്ഞോയും രണ്ടാം പകുതിയിൽ ചുവപ്പു കാർഡ് കണ്ട് പുറത്തു പോയി. ലണ്ടനിൽ പിഎസ്ജിക്കെതിരെ അലക്സ് ഇവോബിയുടെ സെൽഫ് ഗോളാണ് ആർസനലിനെ ചതിച്ചത്. 18–ാം മിനിറ്റിൽ എഡിൻസൺ കവാനിയുടെ ഗോളിൽ പിഎസ്ജി മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഒളിവർ ജിരൂദ് ഗണ്ണേഴ്സിനെ ഒപ്പമെത്തിച്ചു. മാർക്കോ വെറാറ്റിയുടെ സെൽഫ് ഗോളിൽ ആർസനൽ മുന്നിൽ കയറിയെങ്കിലും ഇവോബിയും അതേ പിഴവ് വരുത്തിയതോടെ മൽസരം സമനില.

Your Rating: