Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിരീടപ്പോരാട്ടം കടുത്തു; റയലിൽനിന്ന് ഒന്നാം സ്ഥാനം ‘പിടിച്ചുവാങ്ങി’ ബാർസ

Luis-Suarez-reacts ബാർസിലോനയ്ക്കായി ഇരട്ടഗോൾ നേടിയ ലൂയി സ്വാരസിന്റെ ആഹ്ലാദം.

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗയിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. സീസൺ തീരാൻ ഏതാനും മൽസരങ്ങൾ മാത്രം അവശേഷിക്കെ, ഏതാനും മണിക്കൂർ സമയത്തേക്കു കൈവിട്ട ഒന്നാം സ്ഥാനം ബാർസ തിരിച്ചുപിടിച്ചു. മൽസരം നേരത്തേ നടന്നതിന്റെ ആനുകൂല്യത്തിൽ വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ റയൽ മഡ്രിഡിനെ, മണിക്കൂറുകൾക്കു ശേഷം നടന്ന മൽസരത്തിൽ നേടിയ വിജയവുമായാണ് ബാർസിലോന മറികടന്നത്. വലൻസിയയ്ക്കെതിരായ മൽസരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയിച്ചാണ് റയൽ ബാർസയെ പിന്തള്ളി ഒന്നാമതെത്തിയത്. എന്നാൽ, രാത്രി വൈകി നടന്ന മൽസരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുക്കി ബാർസ പോയിന്റ് പട്ടികയുടെ തലപ്പത്തേക്കു തിരിച്ചെത്തി.

വിജയത്തോടെ ബാർസയ്ക്ക് 35 മൽസരങ്ങളിൽനിന്ന് 81 പോയിന്റായി. ഒരു മൽസരം കുറച്ചു കളിച്ച റയൽ മഡ്രിഡിനും 81 പോയിന്റുണ്ടെങ്കിലും, നേർക്കുനേർ പോരാട്ടങ്ങളിലെ മേധാവിത്തം ബാർസയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. മൂന്നു മൽസരങ്ങളിലെ വിലക്കിനു ശേഷം സൂപ്പർതാരം നെയ്മർ തിരിച്ചെത്തിയ മൽസരത്തിൽ ബാർസയ്ക്കു ജയം സമ്മാനിച്ചത് യുറഗ്വായ് താരം ലൂയി സ്വാരസിന്റെ ഇരട്ടഗോൾ. 50, 87 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. ബാർസയുടെ മൂന്നാം ഗോൾ ഇവാൻ റാക്കിട്ടിച്ച് (76) നേടി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു മൽസരത്തിന്റെ വിധി നിർണയിച്ച മൂന്നു ഗോളുകളും. 

അതേസമയം, കളിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അവസാനം മാഴ്സലോയും നേടിയ ഗോളുകളിലാണ് വലെൻസിയക്കെതിരെ റയൽ മഡ്രിഡ് ജയം കുറിച്ചത്. ഡിപ്പോർട്ടീവോ ലാ കൊരുണയ്ക്കെതിരെ റയൽ വമ്പൻ ജയം കുറിച്ച കളിയിൽ നിന്ന് ഒൻപതു മാറ്റങ്ങളുമായാണ് റയൽ കോച്ച് സിനദിൻ സിദാൻ ടീമിനെ ഇറക്കിയത്. റൊണാൾഡോ, ലൂക്ക മോഡ്രിച്ച് തുടങ്ങിയവർ ആദ്യ ഇലവനിൽ മടങ്ങിയെത്തി. 27–ാം മിനിറ്റിൽ ഡാനി കർവജാലിന്റെ ക്രോസ് ഹെഡ് ചെയ്താണ് റൊണാൾഡോ ടീമിനെ മുന്നിലെത്തിച്ചത്.

പോർചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ് ലീഗുകളിലായി 367–ാം ഗോൾ കുറിച്ച റൊണാൾഡോ യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഏറ്റവും കൂടുതൽ നേടിയ താരമായി. 1957–71 കാലഘട്ടത്തിൽ 366 ഗോളുകൾനേടിയ ജിമ്മി ഗ്രീവ്‌സിന്റെ റെക്കോർഡാണ് മറികടന്നത്. രണ്ടാം പകുതിയിൽ കിട്ടിയ പെനൽറ്റി കിക്ക് റൊണാൾഡോ നഷ്ടമാക്കി. പരെജോയുടെ ഗോളിൽ വലെൻസിയ ഒപ്പമെത്തിയതോടെ റയലിനു സമനില പേടിയായെങ്കിലും 86–ാം മിനിറ്റിൽ 18 വാര അകലെ നിന്നുള്ള ഷോട്ടിൽ മാഴ്സലോ റയലിന്റെ വിജയഗോൾ കുറിച്ചു.