വീണ്ടും ‘ക്യാപ്റ്റൻ’ ധോണി!

പുണെ ∙ താൻ ഇപ്പോൾ ക്യാപ്റ്റനല്ല എന്നത് എം.എസ്. ധോണി ഒരു നിമിഷം മറന്നുവോ..? അതോ വിരാട് കോഹ്‌ലിയെ സഹായിച്ചതാണോ.. എന്തായാലും ധോണിയുടെ തീരുമാനം ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ടീം ഇന്ത്യയ്ക്കു തുണയായി. ഇംഗ്ലണ്ട് ഓപ്പണർ ജോസൺ റോയിയുടെ വിക്കറ്റിനു വേണ്ടി ഡിആർഎസ് ആവശ്യപ്പെട്ടാണ് ധോണി വീണ്ടും ‘ക്യാപ്റ്റനാ’യത്. സാധാരണ ഗതിയിൽ ടീം ക്യാപ്റ്റനാണ് ഡിആർഎസ് ആവശ്യപ്പെടേണ്ടത്.

ധോണിയുടെ തീരുമാനത്തിൽ ഉറപ്പുണ്ടായിരുന്ന ക്യാപ്റ്റൻ കോഹ്‌ലി തൊട്ടു പിന്നാലെ ഡിആർഎസ് ആവശ്യപ്പെട്ടു. റീപ്ലേ പരിശോധിച്ച മൂന്നാം അംപയർ ഔട്ട് വിളിക്കുകയും ചെയ്തു. 61 പന്തിൽ 73 റൺസോടെ മികച്ച ഫോമിൽ കളിക്കുകയായിരുന്ന റോയിയുടെ ബാറ്റിലുരസി രവീന്ദ്ര ജഡേജയുടെ പന്ത് കയ്യിലെത്തിയപ്പോൾ ധോണിക്ക് അത് ഔട്ടാണെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ അംപയർ ഔട്ട് വിളിച്ചില്ല. ഇതിനെത്തുടർന്നാണ് ധോണിയും പിന്നാലെ കോഹ്‌ലിയും ഡിആർഎസ് ആവശ്യപ്പെട്ടത്.