അപ്രതീക്ഷിതം പോർച്ചുഗൽ

ബേസൽ ∙ രണ്ടു വർഷമായി ഒരു കളി പോലും തോൽക്കാത്തവർ എന്ന പോർച്ചുഗലിന്റെ വിഖ്യാത റെക്കോർഡ് സ്വിറ്റ്സർലൻഡിന്റെ പോരാട്ടവീര്യത്തിനു മുന്നിൽ തകർന്നു. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ സ്വന്തം നാട്ടിലെ കളിയിൽ സ്വിറ്റ്സർലൻഡ് കഴിഞ്ഞ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗലിനെ 2–0ന് വീഴ്ത്തി.

കോച്ച് ഫെർണാണ്ടോ സാന്റോസിന്റെ കീഴിൽ രണ്ടുവർഷമായി ഒരു കളി പോലും തോൽക്കാതെ മുന്നേറിയ പീരങ്കിപ്പടയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയായി ഈ തോൽവി. പത്തൊൻപതുകാരൻ ബ്രീൽ എംബോളോയാണ് 23–ാം മിനിറ്റിൽ പോർച്ചുഗലിന്റെ വലയിലേക്ക് ആദ്യഹെഡർ പായിച്ചത്. ആറുമിനിറ്റിനു ശേഷം അഡ്മിർ മെഹ്മെദിയുടെ ഗോളിൽ സ്വിസ് വിജയമുറപ്പിച്ചു (2–0). സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡ‍ോയുടെ അഭാവം പോർച്ചുഗലിന്റെ കളിയിൽ ഉടനീളമുണ്ടായിരുന്നു.

രണ്ടു ഗോൾ വീണ ശേഷം പറങ്കിവീര്യം സടകുടഞ്ഞെണീറ്റെങ്കിലും മുന്നേറ്റനിരയിൽ ഗോളിലേക്കു പന്തെത്തിക്കാൻ ആളില്ലാതെ പോയി. 82–ാം മിനിറ്റിൽ പോസ്റ്റിനു തൊട്ടരികിൽനിന്നു റിക്കാർഡോ ക്വാരിസ്മയുടെ പന്ത് ഹെഡ് ചെയ്ത നാനിയായിരുന്നു ഏറ്റവും വലിയ വില്ലൻ. ലക്ഷ്യത്തിലെത്താതെ പോയ നീക്കങ്ങൾ അനേകം. ഗോളിലേക്ക് 27 ശ്രമങ്ങളാണു പോർച്ചുഗൽ നടത്തിയത്. സ്വിറ്റ്സർലൻഡാവട്ടെ കേവലം എട്ടെണ്ണവും. അതിൽ രണ്ടു ഗോളു വീഴുകയും ചെയ്തു. 2014 സെപ്റ്റംബറിൽ പോർച്ചുഗൽ പരിശീലകനായ സാന്റോസിന്റെ തോൽവിയറിയാത്ത 14 മൽസരക്കളികളിലെ കുതിപ്പിനാണ് ഇതോടെ കടിഞ്ഞാൺ വീണത്.

ഹോളണ്ടിനെ സ്വീഡൻ 1–1 സമനിലയിൽ തളച്ചതും യുറോപ്പിലെ ഞെട്ടലുകളിലൊന്നായി. സ്വന്തം ഗ്രൗണ്ടിൽ 43–ാം മിനിറ്റിൽ മാർക്കസ് ബെർഗ് സ്വീഡനു ലീഡ് നൽകി. രണ്ടാംപകുതിയിൽ വെസ്‌ലി സ്നൈഡറിലൂടെ ഹോളണ്ട് സമനില നേടി തടിതപ്പി. ബെലാറസിനെ തോൽപിക്കാനാവാതെ യൂറോകപ്പ് രണ്ടാം സ്ഥാനക്കാരായ ഫ്രാൻസും സമനില സമ്മതിച്ചു. ബെലാറസിൽ നടന്ന കളിയിൽ ഇരുടീമിനും ഗോളടിക്കാനായില്ല. സൈപ്രസിനെ ബെൽജിയത്തിന്റെ സുവർണ തലമുറ 3–0ന് തോൽപിച്ചു. റൊമേലു ലുകാകു (രണ്ട്), യാനിക് കരാസ്കോ എന്നിവരാണു ഗോൾ നേടിയത്.