റഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് വിലക്കുതന്നെ

ലൊസാൻ ∙ റിയോ ഒളിംപിക്സിൽ റഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്കുള്ള വിലക്ക് നീക്കില്ലെന്ന് രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷൻ. താരങ്ങളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ അതത് കായിക ഫെഡറേഷനുകൾക്കു തീരുമാനമെടുക്കാം എന്ന് രാജ്യാന്തര ഒളിംപിക് സമിതി തീരുമാനം എടുത്തതിനെത്തുടർന്നാണ് ഐഎഎഫ് വീണ്ടും നയം വ്യക്തമാക്കിയത്.

ഐഒസി തീരുമാനത്തിനു ശേഷം വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് റഷ്യൻ കായികമന്ത്രി ഐഎഎഫിനു കത്ത് നൽകിയിരുന്നു. വ്യാപകമായ ഉത്തേജക ഉപയോഗത്തെത്തുടർന്ന് കഴിഞ്ഞ നവംബറിലാണ് ഫെഡറേഷൻ റഷ്യൻ താരങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ വാരം ലോക കായിക ആർബിട്രേഷൻ കോടതിയും വിലക്ക് ശരിവച്ചു.

അതേ സമയം പ്രത്യേക അപേക്ഷ നൽകിയ ഏഴു സെയ്‌ലിങ് താരങ്ങളിൽ ആറു പേർക്ക് രാജ്യാന്തര സെയ്‌‌ലിങ് ഫെഡറേഷൻ പ്രവേശനം അനുവദിച്ചു. എന്നാൽ റോവിങ് താരങ്ങളിൽ 17 പേരുടെ അപേക്ഷ തള്ളി. ആറു പേർക്ക് അനുമതി ലഭിച്ചു.