Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർധ മരണം!

man-rope

2012 ജൂലൈ നാല്. തിരുവനന്തപുരം.  പ്രസിഡന്റ് സ്ഥാനാർഥി പ്രണബ് മുക്കർജി നിയമസഭാ സാമാജികരെ കാണാൻ നഗരത്തിലുണ്ട്. കാലത്ത് 11 മണി. എവിടെയും സുരക്ഷാവലയം. ദ് ഹിന്ദു ദിനപത്രത്തിന്റെ  പ്രിൻസിപ്പൽ കറസ്പോണ്ടന്റ് എസ്. അനിൽരാധാകൃഷ്ണൻ ബൈക്കിൽ നിയമസഭയിലേക്കു പോകുകയാണ്.

ഫൈൻ ആർട്സ് കോളജിന്റെ ഭാഗത്തു നിന്നു നിയമസഭയുടെ ഭാഗത്തേക്കു തിരിഞ്ഞപ്പോൾ കുറെ പൊലീസുകാർ  ഗതാഗതം നിരോധിക്കാനായി റോഡിനു കുറുകെ ബാരിക്കേഡ് നിരത്തുന്നു. മുഴുവനായിട്ടില്ല. നൂറു മീറ്റർ മുന്നിലാണു നിയമസഭ. അനിൽ പറഞ്ഞു: ഒന്ന് കയറി പൊക്കോട്ടേ. ഞാൻ നിയമസഭാനടപടി റിപ്പോർട്ടു ചെയ്യുന്ന ഒരു പത്രക്കാരനാണ്. 

പൊലീസുകാർ പറഞ്ഞു: നിവൃത്തിയില്ല. സർ ഒരു കാര്യം ചെയ്യ്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ ഭാഗത്തുകൂടി വളഞ്ഞു കയറാമല്ലോ. ആ റോഡിൽ ഒരു തടസ്സവുമില്ല.  

ഇനിയുള്ള കഥ അനിൽ തന്നെ പറയും:

അവർ പറഞ്ഞതു പ്രകാരം ഞാൻ എൽഎംഎസ് ജംക്‌ഷൻ വഴി യൂണിവേഴ്സിറ്റി പവിലിയൻ ചുറ്റി  നീങ്ങി. ഫ്രീയായി ഇടത്തേക്ക് സഞ്ചരിക്കാവുന്ന റോഡാണ്. തടസ്സമില്ലെന്ന പൊലീസിന്റെ വാക്കും ഉള്ളിൽ കിടക്കുന്നു.  പെട്ടെന്ന് ആരോ പിടിച്ചുവലിച്ചുനിർത്തിയതു പോലെ. ഇടത്തേക്കഴുത്തിൽ അമർത്തിപ്പിടിച്ചാലെന്ന പോലെ ശ്വാസംമുട്ടൽ.  മൂന്നാലു പൊലീസ് പയ്യന്മാർ ഓടി വന്നു. വണ്ടി ചരിഞ്ഞിട്ടുണ്ട്. ആക്സിലേറ്റർ കൂടി വണ്ടി ഇരയ്ക്കുന്നു.

പൊലീസുകാർ വണ്ടിയിൽ പിടിച്ചു വീഴാതെ നിർത്തി. എന്റെ ഹെൽമറ്റും കണ്ണടയും മാറ്റി.  ബൈക്കിനു മുന്നിൽ റോഡിനു കുറുകെ ഒരു നേർത്ത കയർ നിന്നു വിറയ്ക്കുന്നു! 

വലത്തേച്ചെവിയുടെ താഴെ ചൂട് അനുഭവപ്പെട്ടു. ഞാൻ വിരൽ കൊണ്ട് തൊട്ടു. 

ചോര! 

ജീപ്പെട്..: പൊലീസുകാർ പറഞ്ഞു: വേഗം...മെഡിക്കൽ കോളജിലേക്ക്... ഞാൻ മെല്ലെ പറഞ്ഞു: വേണ്ട. നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയുടെ പേരു പറഞ്ഞു. ഒരു പൊലീസുകാരൻ പറഞ്ഞു: ഞങ്ങൾക്ക് മെഡിക്കൽ കോളജിൽകൊണ്ടു പോകാനെ നിയമമുള്ളൂ സർ. 

45–ാം വയസ്സിൽ ഞാൻ ആദ്യമായി ആശുപത്രിയിൽ അഡ്മിറ്റാകാൻ പോവുകയാണെന്ന് എന്റെ ചെവിയിലെ നിലയ്ക്കാത്ത ചോരയൊഴുക്ക് എന്നോട് വിശദീകരിച്ചു. രണ്ടു ദശാബ്ദകാലത്തെ റിപ്പോർട്ടിങ് ജീവിതത്തിനിടയിൽ ആദ്യമായി ഒരപകടത്തിൽ പെട്ടിരിക്കുന്നു. 

മെഡിക്കൽ കോളജ് കാഷ്വൽറ്റിയുടെ മുന്നിൽ. പൊലീസുകാരൻ ഡ്യൂട്ടി ഡോക്ടറോട് വിശദീകരിക്കുന്നു: ഞങ്ങൾക്കു പറ്റിയ അബദ്ധമാണ്. 

ഡോക്ടർ എന്നെയൊന്നു നോക്കി. പിന്നെ തന്നെ പറ്റിക്കാൻ നോക്കേണ്ടെന്ന മട്ടിൽ പുച്ഛത്തോടെ പറഞ്ഞു: കെട്ട് അറുത്തിട്ടു കൊണ്ടു വരികയാണ് അല്ലേ..?

ഞാൻ ഞെട്ടി. തൂങ്ങി മരിക്കാൻ തുടങ്ങിയ ഒരാളെ പകുതിയിൽ കെട്ടറുത്തു കൊണ്ടു വന്നതാണെന്ന് എന്നെ കണ്ടാൽ തോന്നുമോ?  ‌ഉടുപ്പ് ഫുൾ സ്ളീവിൽ ബട്ടൺ ചെയ്യുന്നതാണ് എന്റെ രീതി.  ഷൂസ് ഇട്ടിട്ടുണ്ട്.  പത്രലേഖകനെന്ന നിലയ്ക്കുള്ള സർക്കാരിന്റെയും എന്റെ സ്ഥാപനത്തിന്റെയും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് പോക്കറ്റിൽ തന്നെയുണ്ട്. സാക്ഷികളായി പൊലീസുകാരുണ്ട്. എന്റെ ശബ്ദം വളരെ ദുർബലമായിപ്പോയിരുന്നു. എന്നിട്ടും ഞാൻ വേദനയോടെ വിശദീകരിച്ചു: എന്റെ ഉദ്യോഗം, പേര്..

അതാരും ശ്രദ്ധിച്ചില്ല. ഒരു പാത്രത്തിലെ ഒഴിവാക്കിയ ആഹാരപദാർഥം പോലെ എന്നെ സ്ട്രെച്ചറോടെ മൂലയിലേക്കു തള്ളിമാറ്റി. ഒപി ‌ടിക്കറ്റ് ഏതോ പൊലീസുകാരൻ എന്റെ കയ്യിലേക്കു വച്ചു തന്നു. 

അതിൽ രോഗിയുടെ പേരിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നു: ‘അൺ നോൺ, വൺ മെയിൽ’. 

അജ്ഞാതനായ ഒരു പുരുഷൻ

രണ്ടാമത്തെ ഒപി റിക്കോർഡിലും ഇതു തന്നെ ടൈപ്പ് ചെയ്തു ചേർത്തു. അൺനോൺ. അതിൽ അഡ്രസും ചേർത്തിരുന്നു: അജ്ഞാതം, തിരുവനന്തപുരം.  ഞാൻ യാചിച്ചു. ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതല്ല. എന്റെ പേര് അനിൽരാധാകൃഷ്ണൻ എന്നാണ്. അർധമനസ്സോടെ അഡ്മിഷൻ കാർഡിൽ അനിൽ രാജേന്ദ്രൻ എന്നെഴുതി. ഞാൻ തിരുത്തി. രാജേന്ദ്രനല്ല, രാധാകൃഷ്ണൻ! രാജേന്ദ്രൻ വെട്ടി രാധാകൃഷ്ണനാക്കി. പക്ഷേ ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന മട്ടിൽ ഇടത്ത് ഒരു ക്വസ്റ്റ്യൻ മാർക്ക് ഇട്ടുവച്ചു. അതേ കടലാസിനു മുകളിലെ ടൈപ്പ് ചെയ്ത റെക്കോർഡിൽ അപ്പോഴും ഞാൻ അജ്ഞാതൻ തന്നെ!

ഇനി അപകടമാണ്!

അമ്മയുടെ സഹോദരൻ ഡോക്ടറാണ്. ഞാൻ അമ്മാവനെ വിളിച്ചു. അധികം ആയാസപ്പെടുത്താതെ പൊലീസുകാർ എന്റെ കൈയിൽ നിന്നു ഫോൺ വാങ്ങി കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.  ഓഫിസിലും വിളിച്ചു പറഞ്ഞു. അജ്ഞാതനായ ഞാൻ ഒരു അജ്ഞാതശവം കൂടിയാകാൻ സാധ്യതയുണ്ട്.  പഴയ വാർത്തകളുടെ  ഓർമകൾ പല്ലിളിച്ചു.

അപകടമറിഞ്ഞെത്തിയ എന്റെ ഭാര്യ സിന്ധു കലങ്ങിയ കണ്ണുമായി ഗ്രില്ലുകൾക്കു മുന്നിൽ നിന്നു. ബന്ധുക്കളും  സഹപ്രവർത്തകരും എത്തി. എന്നെ തേടി അവർ ബുദ്ധിമുട്ടിയിരുന്നു. കാരണം, മെഡിക്കൽ കോളജ് റെക്കോർഡുകളിൽ അങ്ങനൊരു ആളും സംഭവവുമില്ലല്ലോ. പൊലീസിലെ ചില സുഹൃത്തുക്കൾ പിന്നീട് പറഞ്ഞു. ‘ക്ഷമിക്കണം അനിൽ. ഞങ്ങൾ പല ആശുപത്രികളിലെയും മോർച്ചറികൾ വരെ തപ്പി.’ 

ഒന്നേകാൽ മണിയോടെ എന്നെ പ്രമുഖസ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വലിയ ഡോക്ടർസംഘം എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. 

ഡോക്ടർ പറഞ്ഞു: സ്കാനിങ്ങിൽ കുഴപ്പമില്ല.  വോക്കൽ കോഡിന് (ശബ്ദനാളി) പൊട്ടലുണ്ട്. അത് നോക്കാം. ചോര വാർന്നത് നന്നായി.  പേടിക്കേണ്ട. ഉറങ്ങിക്കോളൂ. 

രാത്രി. മൂത്രമൊഴിക്കണം. ബെഡ് പാൻ എടുത്തു തന്നു. വേണ്ട. മെല്ലെ എഴുന്നേറ്റു. 

ഐസിയുവിലെ ബാത്ത് റൂം. കണ്ണാടി.  ഒന്നേ നോക്കാനായുള്ളൂ. കഴുത്തിന്റെ ഇടത്തേഭാഗം കറുത്ത് നീലിച്ച് നീരുവച്ചിരിക്കുന്നു. മരണത്തിന്റെ പിടിത്തമായിരുന്നു അത്.  മകനെ കാണണമെന്ന് തോന്നി. എനിക്ക് അച്ഛൻ നഷ്ടപ്പെട്ടതാണ്; രണ്ടര വയസിൽ. എന്റെ മകൻ നാരായണന് അത് അവന്റെ പത്താം ക്ളാസിലാവുമോ?

തിരികെ വന്നു കിടന്നു. ആധിയിൽ ഉറങ്ങിപ്പോയി. അഞ്ചരയ്ക്ക് ഉണർന്നു. സഹപ്രവർത്തകന്റെ ബന്ധുവായ ഡോക്ടർ വന്നു നോക്കിയിട്ടു പറഞ്ഞു: ഭാഗ്യം നീരുകുറഞ്ഞു. അല്ലെങ്കിൽ ശ്വസനം തടസപ്പെടുമായിരുന്നു.  കഴുത്തിൽ ദ്വാരമിടേണ്ട തയാറെടുപ്പിലായിരുന്നു ഞങ്ങൾ.

ഡെങ്കിപ്പനിയുടെ തലസ്ഥാനം കൂടിയായി തിരുവനന്തപുരം മാറിയിരിക്കുന്ന സമയം. ഐസിയുവിൽ നിന്ന് പകരാതിരിക്കാൻ നേരത്തേ റൂമിലേക്കു മാറ്റി.

ഡോക്ടർ പറഞ്ഞു: സന്ദർശകർ പാടില്ല. അണുബാധ ആദ്യം ബാധിക്കുന്ന അവയവങ്ങളിലൊന്ന് തൊണ്ടയാണ്. ടിവി കാണണ്ട. എന്നാലും ന്യൂസ് കേട്ടേ പറ്റൂവെന്ന് തോന്നി.  ടിവി ഇട്ടപ്പോൾ ചെന്നൈയിൽ നിന്നുള്ള ഒരു വാർത്ത ഓടുന്നു: പട്ടം പറത്തൽ മൽസരത്തിനിടെ നൂൽ കഴുത്തിൽ കുരുങ്ങി, ഒരാളുടെ ശിരസ്സറ്റു പോയി. ഞെട്ടി. ടിവി ഓഫ് ചെയ്തു. നിന്നെ ഞങ്ങൾ വെറുതെ വിട്ടിരിക്കുന്നുവെന്ന് പറയാനായി മാത്രം ദൈവം ടേപ്പ് ചെയ്തു കാണിച്ചതു പോലെ. 

ഡോക്ടർ പിന്നീട് വന്ന് ആ സത്യം പറഞ്ഞു: നിങ്ങളുടെ വലത്തേ ശബ്ദനാളി പൊട്ടിപ്പോയിരിക്കുന്നു.  

ഞാൻ പറഞ്ഞു: ഡോക്ടർ ഞാനൊരു റിപ്പോർട്ടറാണ്! ശബ്ദമില്ലാതെ ഞാനെങ്ങനെ.. ഞാനെങ്ങനെ ചോദ്യങ്ങൾ ചോദിക്കും.. ?

പിന്നിൽ അതു വരെ ഉലയാതിരുന്ന ഭാര്യ സിന്ധുവിന്റെ തേങ്ങൽ!

ഡോക്ടർ പറഞ്ഞു: ഇനി സംസാരിക്കാൻ ശ്രമിക്കരുത്. വോയ്സ് റെസ്റ്റ്! എത്ര കാലമെന്ന് പറയാം. 

രണ്ടു മാസം! എനിക്കു ശബ്ദമില്ലായിരുന്നു.  തകർന്നു പോകേണ്ടതായിരുന്നു. സഹപ്രവർത്തകർ ഒപ്പം നിന്നു. വീട്ടിലിരുന്നു ജോലി ചെയ്യാൻ സ്ഥാപനം അനുവദിച്ചു.  സ്നേഹവും നന്മയെയും ആഴത്തിൽ തിരിച്ചറിഞ്ഞ നാളുകൾ. സ്ഥിരം വാർത്ത തന്നു കൊണ്ടിരുന്നവർ വിളിച്ചു. തിരികെ മൂളാനല്ലാതെ  നിവൃത്തിയുണ്ടായിരുന്നില്ല.   അവർ കാര്യം മനസ്സിലാക്കി, വിവരങ്ങൾ കൃത്യമായി മെയിൽ ചെയ്തു തന്നു. സംശയങ്ങൾ തിരികെ മെയിലിൽ അന്വേഷിച്ചു. അങ്ങനെ അപകടത്തിന്റെ തൊട്ടടുത്ത ആഴ്ച മുതൽ എന്റെ പേരു വച്ചുള്ള റിപ്പോർട്ടുകൾ വന്നു തുടങ്ങി. നിശ്ശബ്ദം; ഞാൻ അക്ഷരങ്ങളിലൂടെ ശബ്ദമായി തുടർന്നു.  സംഭവിച്ചത് പലരും അറിഞ്ഞില്ല.ഞാൻ കളത്തിൽ തന്നെയുണ്ടല്ലോ! 

കഴുത്തിലെ നീരു കുറഞ്ഞു. നീലിമ മങ്ങി. പക്ഷേ ഒരു സംശയം. ഒരു ചെവിക്ക് കേൾവിയുടെ അൽപം പ്രശ്നമുണ്ടോ?  ഏയ്. അത് ബാലൻസുമായി ബന്ധപ്പെട്ട നിസ്സാരപ്രശ്നമാണെന്ന് ഡോക്ടർ പറഞ്ഞു. ഗുളിക കഴിച്ചപ്പോൾ മാറി. ‌ആശ്വാസം. ആഴ്ച തോറും ടെസ്റ്റുകൾ. ഞാൻ ജീവിതത്തിലേക്ക് മടങ്ങിവന്നു.  

ഡോക്ടർ പറഞ്ഞു: ഇനി നിങ്ങൾക്ക് സംസാരിക്കാം. അധികം സംസാരിക്കാത്തതാണ് നിങ്ങളുടെ പ്രകൃതം.. അതു പാടില്ല. ഇനി ഒരുപാട് സംസാരിക്കണം. നിങ്ങൾക്ക് 90% ശബ്ദവും തിരികെ കിട്ടിക്കഴിഞ്ഞു. 

ബാക്കി പത്തോ?

അതിന് ശസ്ത്രക്രിയ വേണ്ടി വരും. വയറിൽ നിന്നോ തുടയിൽ നിന്നോ കുറച്ചു കൊഴുപ്പെടുക്കും. അത് മൂക്കിലൂടെ തൊണ്ടയിൽ കൊണ്ടു വരണം. കയറു മുറുകിയ സ്ഥലത്ത് ചെറിയൊരു ഇടിവു വന്നിട്ടുണ്ട്. അതു നികത്തണം. 

ഞാൻ ചോദിച്ചു:  പിന്നീട് എന്റെ ശബ്ദം എന്റേതു തന്നെയായിരിക്കുമോ?

ഡോക്ടർ ചിരിച്ചു: അതാണ് പ്രശ്നം. അതിന് ഉറപ്പില്ല. 

ഞാൻ പറഞ്ഞു: എനിക്ക് എന്റെ ശബ്ദം മതി. ഇതു കൊണ്ട് തൃപ്തിപ്പെട്ടോളാം. മറ്റ് ന്യൂനതകൾ?

നിങ്ങൾക്ക് പാട്ടു പാടാനാകില്ല. കൂവാനാകില്ല. 

കുഴപ്പമില്ല ഡോക്ടർ. ‍ഞാൻ പാട്ടുകാരനല്ല. കോളജിൽഅവസരം കിട്ടിയിട്ടും കൂവിയിട്ടില്ല. 

പക്ഷേ, എന്റെ ശബ്ദം ഇനി കുറയുമോ?

ഡോക്ടർ തോളിൽ തട്ടി. 

ഇല്ലെന്ന് പ്രതീക്ഷിക്കാം. 

അപകടത്തിന് മുമ്പ് എന്റെ സംഭാഷണം മകൻ തമാശയ്ക്ക് മൊബൈലിൽ ശേഖരിച്ചു വച്ചിരുന്നു. അതും  പുതിയ ശബ്ദവുമായി അമേരിക്കയിലെ ചില ഡോക്ടർ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു. ചോദിച്ചു. എന്തെങ്കിലും വ്യത്യാസമുണ്ടോ? അവർ പറഞ്ഞു: രണ്ടാമത്തെ ശബ്ദത്തിൽ നിനക്ക് ചെറിയൊരു ജലദോഷം വന്നിട്ടുണ്ട്. 

ആശ്വാസമായി.

കയറു കെട്ടിയ പൊലീസുകാർ വന്നു കണ്ടു. അവർക്കെതിരെ കേസ് വരുമോയെന്ന് ഭയം. ഞാൻ പറഞ്ഞു: ഞാൻ കേസിന് പോകില്ല. ജീവൻ തിരിച്ചുകിട്ടിയതു തന്നെ ഭാഗ്യം. പക്ഷേ എന്തിനാണീ കാലപാശം? പൊലീസ് എന്നെഴുതിയ ചുവന്ന പ്ളാസ്റ്റിക് കോൺ രണ്ടെണ്ണം റോഡിൽവച്ചാൽ ഏതെങ്കിലും മനുഷ്യൻ ഭേദിക്കുമോ? 

പൊലീസുകാർ പറഞ്ഞു: ഞങ്ങളെന്തു ചെയ്യാനാണ് സർ. കാലങ്ങളായി ഇതാണ്  നിർദേശം. 

സാധാരണ ജീവിതത്തിലേക്കു മടങ്ങി. വിധി പക്ഷേ വെറുതെയിരിക്കുകയായിരുന്നില്ല. ഒരു ദിവസം വലത്തേക്കാലിന്റെ താഴെ വേദന. നീരുണ്ട്. ഡോക്ടർ അമ്മാവനെ വീട്ടിൽ പോയി കണ്ടു. ബ്ളഡ് ടെസ്റ്റ് നോക്കിയിട്ട് അദ്ദേഹം തലയിൽ കൈ വച്ച് കുനിഞ്ഞിരുന്നു. എന്ത് പറ്റി? ഞാൻ ചോദിച്ചു.  

പോയി സ്കാൻ ചെയ്യണം. ഡീപ് വെയ്ൻ ത്രോംബോസിസ് ആണ്. 

സ്കാനിൽ നാലിടത്ത് കുത്തു പോലെ കട്ട പിടിച്ച രക്തം. ബിപി, ഷുഗർ, കൊളസ്ട്രോൾ ഒന്നുമില്ല. എന്റെ ചരിത്രമറിയാത്തു കൊണ്ട് ഡോക്ടർ നിസ്സാരമായിപറഞ്ഞു: വ്യായാമം ചെയ്യാറുണ്ടായിരുന്നോ? 

ഉവ്വ്. 

പെട്ടെന്ന് നിർത്തിയതു കൊണ്ടാണ്.  

പക്ഷേ, ഇടത്തേ കഴുത്തിൽ കയർ മുറുകി തലച്ചോറിലേക്ക് രക്തയോട്ടത്തെ ബാധിച്ചാൽ പിന്നീട് ബാധിക്കുക വലത്തേ ഭാഗത്തെ അവയവങ്ങളെയാകുമെന്ന് എനിക്കറിയാമായിരുന്നു.  

അക്കൊല്ലം ഓണം ആശുപത്രിയിൽ. അട്ടയുടെ സത്താണ് മരുന്ന്. ചോര കട്ട പിടിക്കാതിരിക്കാൻ. 

സാന്ത്വനം പോലെ ഓഫിസിൽ നിന്ന് സ്ഥാനക്കയറ്റം. ഇനി ‘പ്രത്യേക ലേഖകൻ’. 

ഡോക്ടർമാർ വിധിയെഴുതി. ഇനി ബൈക്ക് പാടില്ല. കാൽ നൂറ്റാണ്ട് ബൈക്കിൽ കറങ്ങിയ ഒരു റിപ്പോർട്ടർ ഇനി കാറിൽ. തൽക്കാലം ഡ്രൈവറെ വച്ച്... ഓഫിസിൽ നിന്ന് കൈത്താങ്ങ് വീണ്ടും: രണ്ടു നേരമായി വരേണ്ട. ഏതെങ്കിലും ഒരു നേരം എത്തിയാൽ മതി. ബാക്കി റിപ്പോർട്ടിങ് വീട്ടിലിരുന്ന്. സ്വയം പറഞ്ഞു: തളരരുത്. 

ഞാൻ വലത്തേഭാഗത്തിനു ശ്രദ്ധ കൊടുത്തു തുടങ്ങി. മരണത്തിന്റെ സ്പർശം ആ ഭാഗത്തേക്കാണ്. ഒരു ദിവസം പേടിച്ചതു സംഭവിച്ചു. കുളിച്ചിട്ടു വരുമ്പോൾ വലത്തേ കണ്ണിൽ ചുവപ്പ് പാട പോലെ. സോപ്പു വീണതാണെന്ന് കരുതി. 

കണ്ണുഡോക്ടറെ കണ്ടു. കാഴ്ച പരിശോധിച്ചപ്പോൾ വലത്തേവശത്ത് ചെറിയ മങ്ങൽ. മറ്റൊരു സ്പെഷലിസ്റ്റിനെ കാണണം. ഞാൻ ചോദിച്ചു: ഇന്ന് ശനിയാഴ്ചയല്ലേ. തിങ്കളാഴ്ച പോരെ. പോര. ഇപ്പോൾ..ഉടൻ വേണം. സ്പെഷലിസ്റ്റ് പറഞ്ഞു: റെറ്റിനയിൽ ഒരു പാച്ച് ഉണ്ട്.  ശസ്ത്രക്രിയ വേണം. വീട്ടിൽ പോയിട്ട് വരാമെന്ന് പറഞ്ഞു. അമ്മയോട് കാര്യം പറഞ്ഞു. ഇത്തവണ എല്ലാവരും തളർന്നു പോയി.  അമ്മയും മോനും എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. 

ശസ്ത്രക്രിയ ചെയ്തു. കണ്ണിനകത്ത് ഒരു ചുവന്ന കുമിള ബാക്കിക്കിടന്നു. കമിഴ്ന്നു കിടക്കണം. അതാണ് ചികിൽസ. എന്നിട്ടും ആ കുമിള പോയില്ല. അതിന് രണ്ടാമതും ശസ്ത്രക്രിയ. ഇപ്പോഴും ജെൽ ഇട്ടു കൊണ്ടിരിക്കുന്നു. കാഴ്ച പൂർണമായും നേരെയായിട്ടില്ല. ഇത്ര കൊണ്ട് തീരണമേ എന്ന് പ്രാർഥനയാണ്. 

തലസ്ഥാനത്ത് വീണ്ടും നിയമസഭ ചേർന്നിരിക്കുന്നു. എനിക്ക് റിപ്പോർട്ട് ചെയ്യാനുണ്ട്. നഗരത്തിൽ ഇപ്പോഴും പ്രകടനങ്ങൾക്ക് പലയിടത്തും കയറു കെട്ടി ഗതാഗതം ഒഴിവാക്കുന്ന പണി പൊലീസ് തുടരുന്നു. ബോർഡില്ല. യാത്രികർക്ക് മുന്നറിയിപ്പില്ല. 

നിയമസഭയുടെ മുന്നിലെ ചുവന്ന പ്ളാസ്റ്റിക് കോണിൽ കയർ കെട്ടി വച്ചിരിക്കുന്നത് ഇപ്പോഴുംഅവിടെ തന്നെയുണ്ട്. 

പൊലീസിന് എളുപ്പം കയറു ചുറ്റാനുള്ള സൗകര്യത്തിനാണത്. എന്റെ ഗതി ഇനിയാർക്കും വരരുതെന്നുണ്ട്്! പൊലീസോ സർക്കാരോ ഈ കയറുകെട്ടുന്ന പ്രാകൃതമായ ഇടപാട് നിർത്തുമോ?

90-AnilRadhakrishnan-assembly-4col നിയമസഭാ മന്ദിരത്തിനു മുന്നിൽ റിപ്പോട്ടിങ്ങിനായി എത്തിയ എസ്. അനിൽ രാധാകൃഷ്ണൻ. ചിത്രം: ബി. ജയചന്ദ്രൻ