Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേറിട്ടു വരച്ച ജീവിതവഴി; ഇത് സജിത ശങ്കറിന്റെ അതിജീവനത്തിന്റെ ‘ചിത്ര’കഥ

sajitha സജിത ശങ്കർ. ചിത്രം: മനോജ് ചേമഞ്ചേരി

പത്തു വർഷം മുമ്പ്...
കയ്യിൽ കിട്ടിയ കുറച്ചു ചിത്രങ്ങളും വാരിപ്പിടിച്ചു തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇടറി നിന്ന ആ സ്ത്രീ വിഖ്യാതയായ ഒരു ചിത്രകാരി ആയിരുന്നില്ല. മനോബലം തകർന്ന്, ഇനിയെന്തെന്നു പോലും നിശ്ചയമില്ലാതെ, മുന്നിൽ കണ്ട ട്രെയിനിൽ അവർ ഓടിക്കയറി. അത് അവരെ ഡൽഹിയിലെത്തിച്ചു. അവിടെ അരക്ഷിതാവസ്ഥയുടെ അങ്ങേയറ്റത്തും ആ ജീവിതം നിസ്സാരമായി ഒടുങ്ങിയില്ല. കലയിലൂടെ അവർ അതിജീവിച്ചു. ഉയരങ്ങളിൽനിന്ന് ഉയരങ്ങളിലേക്കു വീണ്ടെടുക്കപ്പെട്ടു. സജിത ശങ്കർ എന്ന ചിത്രകാരിയുടെ പുനർജന്മം.

മലയാളി ചിത്രകാരികൾക്ക് ഏറെക്കുറെ അപ്രാപ്യമായ അംഗീകാരങ്ങളൊക്കെയും മുപ്പതു വയസ്സായപ്പോഴേക്കും സ്വന്തമാക്കിയ പ്രതിഭയെ അറിയണം ആദ്യം. എന്നാലേ അവരുടെ ജീവിതത്തിലെ തകർച്ചയും മടക്കവും മനസ്സിലാകൂ.

പതിനഞ്ചാം വയസ്സിൽ, കോട്ടയം കുമാരനല്ലൂരിലെ ഗ്രാമലോകത്തു നിന്നു ചിത്രമെഴുത്തു പഠിക്കാൻ ചരിത്രപ്രൗഢമായ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിലെത്തിയ പെൺകുട്ടി കണ്ടത് ആണരശു ലോകമായിരുന്നു. ഒറ്റക്കൈവിരലിൽ എണ്ണിത്തീർക്കാവുന്നത്ര പെൺകുട്ടികൾ മാത്രം. ബിരുദവിഷയം പെയ്ന്റിങ് ആയി തിരഞ്ഞെടുത്ത അവൾ ക്ലാസിലെ ഏക വിദ്യാർഥിനിയായി. പുരുഷന്മാർ വാഴ്ത്തപ്പെടുന്ന കലാലോകത്ത് തനിയെ, ഉറച്ചുനിന്നു പോരാടി, മികച്ചതെന്നു കാലം അടയാളപ്പെടുത്തേണ്ട ഒരു കാൻവാസിൽ താൻ ചായമിടാൻ തുടങ്ങുകയാണെന്നു സജിത അന്നു മനസിലാക്കിയിരിക്കില്ല.

വേറിട്ടു വരിച്ചിട്ടതായിരുന്നു എന്നും സജിതയുടെ ജീവിതവഴികൾ. വീട്ടുമുറ്റത്തെ കുടമ്പുളി മരച്ചോട്ടിലിരുന്ന് ആറു വയസ്സുകാരി കണ്ടതും വാക്കായും വരയായും കോറിയിട്ടതുമായ കരിയംപാടത്തിന്റെ‌യ‌ും പുല്ലരിക്കുന്നിന്റെയും ശംഖുപുഷ്പങ്ങളുടെയും ലോകം അക്കാലത്തിനോ പെൺബാല്യത്തിനോ ചേർന്നതായിരുന്നില്ല.

നടപ്പു നാട്ടുസമ്പ്രദായങ്ങളുടെ നെറ്റി ചുളിപ്പിച്ചു തിരുവനന്തപുരം വരെ പോയി ചിത്രംവര പഠിക്കാനുള്ള പതിനഞ്ചുകാരിയുടെ ശാഠ്യം. ബിരുദമെടുത്ത ഉടൻ 20–ാം വയസ്സിൽ കേരളം വിട്ടിറങ്ങിയതും തുടർന്നിങ്ങോട്ടു കഴിഞ്ഞ മുപ്പതോളം വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന കലാസഞ്ചാരങ്ങളും സ്വശരീരത്തെ ചിത്രപരമ്പരയാക്കിയതുമെല്ലാം അത്രതന്നെ വേറിട്ട കാഴ്ചകളാണ്. സ്വന്തം സ്ത്രീത്വത്തിന്റെയും ശരീരത്തിന്റെയും മനസിന്റെയും ആഴങ്ങളിലേക്കുള്ള അന്വേഷണത്തിൽ എത്തിനിൽക്കുന്നു ഇപ്പോൾ അവരുടെ സ്ത്രീപക്ഷ കലയും ജീവിതവും.

ചായക്കൂട്ടിനു പുറത്തേക്ക്...

കലയുമായി ഒരു ബന്ധവുമില്ലെങ്കിലും എന്നെ മനസിലാക്കിയ അധ്യാപകരിൽ വിശ്വാസമർപ്പിച്ചാണു മാതാപിതാക്കൾ ഫൈൻ ആർട്സ് കോളജിലേക്കു വിട്ടത്. കല, ലോകസാഹിത്യം, രാഷ്ട്രീയം, സൗഹൃദങ്ങൾ–അതു പുതിയൊരു ലോകമായിരുന്നു. പെൺകുട്ടി എന്ന് ആരും മാറ്റിനിർത്തിയില്ല, ഞാൻ മാറിനടന്നുമില്ല. ചിത്രകാരി ടി.കെ.പത്മിനിയുടെ സ്മരണാർഥം 1983 ൽ തൃശൂർ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ എന്റെ ചിത്രങ്ങളും ഇടംകണ്ടു! തുടക്കക്കാരിയായ പതിനാറുകാരിക്ക് അതു വലിയൊരു അംഗീകാരമായിരുന്നു.

ചെന്നൈയിലേക്ക്...

ചിത്രകല ഗൗരവത്തോടെ പഠിച്ച ശേഷം കേരളത്തിൽ ഒരു കുടുംബിനിയായി നേരംപോക്കിനു ചിത്രം വരച്ചു കാലംകഴിക്കാൻ ഒരുക്കമല്ലായിരുന്നു. മദ്രാസ് റീജനൽ സെന്റർ സ്റ്റുഡിയോസി‍ൽ കുറെക്കാലം. പിന്നീട് ആർട്ടിസ്റ്റ് (ഗ്രാഫിക് പ്രിന്റ് മേക്കർ) രവിശങ്കറെ വിവാഹം കഴിച്ചു ചോളമണ്ഡലത്തിലേക്ക്. അവിടെ ഞങ്ങൾ സ്ഥലംവാങ്ങി താമസമാക്കി.

sajitha-1

കെ.സി.എസ്.പണിക്കർ സൃഷ്ടിച്ച ചോളമണ്ഡലം സർഗപരമായി ഏറ്റവും വലിയ അനുഭവമായിരുന്നു. വ്യത്യസ്തതലങ്ങളിലുള്ള കലാകാരന്മാരുമായി സംവദിക്കാനും ഒത്തുകൂടാനുമെല്ലാം അവസരം. 19 വർഷം ഞാൻ അവിടെ ചെലവിട്ടു. കലാകാരന്മാർക്കിടയിലെ ഈഗോ പ്രശ്നങ്ങളൊക്കെ ഒരു വശത്തുണ്ടായിരുന്നെങ്കിലും സൃഷ്ടിപരമായി വസന്തകാലമായിരുന്നു അത്.

കുടുംബ ജീവിതത്തിൽ രൂപപ്പെട്ടുവന്ന അസ്വസ്ഥതകളൊക്കെ വരയിലൂടെ മറികടന്നു. ഭ്രാന്തമായ അഭിനിവേശത്തോടെ രാവെന്നോ, പകലെന്നോ ഇല്ലാതെ ചിത്രങ്ങൾ വരച്ചുകൂട്ടി. പിന്നാലെ അംഗീകാരങ്ങളും. തമിഴ്നാട് സർക്കാരിന്റെയും കേരള ലളിതകലാ അക്കാദമിയുടെയും കേന്ദ്ര സർക്കാരിന്റെയും ഉൾപ്പെടെ പുരസ്കാരങ്ങൾ, സ്കോളർഷിപ്പുകൾ, ഗ്രാന്റുകൾ... 1995–ൽ ബ്രിട്ടിഷ് കൗൺസിലിന്റെ ചാൾസ് വാലസ് ഫെലോഷിപ് കിട്ടി. അതൊരു വഴിത്തിരിവായി.

അംഗീകാരങ്ങളിലേക്ക്..

ചാൾസ് വാലസ് പുരസ്കാരത്തിന്റെ ഭാഗമായി മൂന്നു മാസം ഇംഗ്ലണ്ടിൽ താമസിച്ചു പ്രവർത്തിച്ചു. ക്ലീവ്‍ലൻഡ് റോയൽ ബിനാലെയിൽ പങ്കെടുക്കുന്നത് അങ്ങനെ. അതിൽ ഗ്രാൻപ്രി കിട്ടി. അതോടെ ജർമനി, സ്വീഡൻ, നെതർലൻഡ് തുടങ്ങി ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലെയും വിഖ്യാത പ്രദർശനങ്ങളിലൊക്കെ തുടർച്ചയായ ക്ഷണം കിട്ടി. അവിടെയെല്ലാം അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചു.

ജർമനിയിൽ ഗുന്തർഗ്രാസിന്റെ കലാസാഹിത്യ സൗഹൃദ കൂട്ടായ്മയായ വേർഡ് ആൻഡ് പിക്ചറിൽ (Wort und Bild) പ്രവർത്തിച്ചതു മറ്റൊരു മഹാഅനുഭവം. 15 വർഷം ഇടയ്ക്കിടെ അവിടെ ചെന്നു പ്രവർത്തിച്ചു. മരക്കൊത്തുവേല (വുഡ് കാർവിങ്സ്) പഠിക്കുന്നത് അന്നാണ്. ചിത്രകലയിൽ റാഫ കാറലെറോ (സ്പെയിൻ) ഉൾപ്പെടെ പ്രശസ്ത ഗുരുക്കൻമാരെ ലഭിച്ചു. 30 വയസ്സാകും മുമ്പേ രാജ്യാന്തര തലത്തിൽ ഞാൻ പ്രശസ്തയായി. സ്ത്രീ എന്ന് ആരും വേറിട്ടു കണ്ടില്ല. ഇവിടെയായിരുന്നെങ്കിൽ, പെണ്ണായതു കൊണ്ടാണ് ഇതൊക്കെ കിട്ടിയതെന്ന് ഇകഴ്ത്തിയേനെ.

വേർഡ് ആൻഡ് പിക്ചറിൽ പ്രവർത്തിക്കവേ, കേരളത്തിലെ ഒരു കലാകാരനെക്കുറിച്ചു പറയാൻ എന്നോട് ആവശ്യപ്പെട്ടു. വരച്ചു കാണിക്കുന്നതായിരുന്നു എളുപ്പം. ജോൺ ഏബ്രഹാമിന്റെ ചിത്രങ്ങൾ ഞാൻ കരിയിൽ വരച്ചിട്ടു. ഇദ്ദേഹം പാസോളിനിയെപ്പോലുള്ള ചലച്ചിത്രകാരനാണോ എന്ന് ഒരു വിഖ്യാത നിരൂപകൻ അതുകണ്ടു ചോദിച്ചു. എന്റെ വരകൾക്ക് ഇതിൽപരം എന്ത് അംഗീകാരം വേണം! അന്ന് 27 വയസേയുള്ളൂ.

രണ്ടാം ജന്മത്തിലേക്ക്..

കുടുംബബന്ധങ്ങളിലെ തകർച്ചകളിൽ ജീവിതം തന്നെ മടുത്ത അവസ്ഥയിലാണ് സജിത 2007 സെപ്റ്റംബറിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു ഡൽഹിക്കു ട്രെയിൻ കയറുന്നത്. റിസർവ് ചെയ്യാത്ത കംപാർട്ട്മെന്റിൽ നരകതുല്യമായ യാത്ര. ഡൽഹിയിൽ ചില സുഹൃത്തുക്കളുടെ കാരുണ്യത്തിലും പിന്നീടു നാടോടിയെപ്പോലെ അലഞ്ഞു തിരിഞ്ഞും ആറു മാസം. ദാരിദ്ര്യവും കടുത്ത അരക്ഷിതാവസ്ഥയും..

ആറടി നീളവും നാലടി വീതിയും മാത്രമുള്ള അടച്ചുറപ്പില്ലാത്ത താമസസ്ഥലത്ത് ഉറങ്ങാൻ ഭയന്നു ധ്യാനത്തിലിരുന്ന രാത്രികളും. യുവതിയായ കലാകാരി, ഏകയായി അലഞ്ഞുനടക്കുന്നു എന്നു കണ്ടു സമീപിച്ചവരും പ്രലോഭിപ്പിച്ചവരുമുണ്ട്. ഇടറിവീഴാവുന്ന സാഹചര്യങ്ങളിൽ എനിക്ക് ഒരു പിടിവള്ളിയേയുള്ളൂ–എന്റെ കല. ഞാൻ അതിൽ അള്ളിപ്പിടിച്ചു. മനസ്സിനെ ധ്യാനത്തിലർപ്പിച്ചു.

കർണാടകയിലെ അവധൂത കവയിത്രി അക്കാ മഹാദേവിയെക്കുറിച്ചു കേൾക്കുന്നത് അക്കാലത്താണ്. വായിക്കുന്തോറും അവരുടെ കവിതകൾ എന്നിൽ ജ്വലിക്കാൻ തുടങ്ങി, ഉള്ളിൽ ശക്തമായൊരു ഊർജപ്രവാഹം. അതോടെ യാതനകൾ യാതനകളല്ലാതായി. അക്കാ മഹാദേവി അനുഭവങ്ങളുടെ ചിത്രസാക്ഷാൽക്കാരത്തിലേക്കു ഞാൻ കടന്നു. ആത്മീയാന്വേഷണങ്ങളുടെ പുതിയ ജന്മം. ഹിമാലയം, രമണമഹർഷിയുടെ ആശ്രമം, ദലൈലാമയെത്തേടി ധർമശാല,...ഞാൻ യാത്ര ചെയ്തുകൊണ്ടേയിരുന്നു. കല എന്നെ ശുദ്ധീകരിച്ചു.

ജീവിതവും പെട്ടെന്നു മാറിമറിഞ്ഞു. കേന്ദ്ര ലളിതകലാ അക്കാദമി ഡൽഹിയിൽ സ്റ്റുഡിയോ ഇടം തരുന്നു, എന്റെ സൃഷ്ടികൾ തേടി ആസ്വാദകരെത്തുന്നു, അക്കാദമി ഫെലോഷിപ്, വനിതാദിനത്തിൽ ലോകപ്രശസ്ത ചിത്രകാരികൾക്കൊപ്പം ആദരവ്– വിസ്മയകരമായ പുനർജന്മം..!

എന്റെ കലാജീവിതത്തിലെ ഏറ്റവും നിർണായക ദിനങ്ങളായിരുന്നു അത്. കഴിഞ്ഞ മാസം ലഭിച്ച അമേരിക്കയിലെ പൊള്ളോക്ക് കാർസ്നർ ഫൗണ്ടേഷൻ രാജ്യാന്തര പുരസ്കാരം വരെ ഈ പുതുജന്മത്തിൽ കിട്ടിയത് അംഗീകാരങ്ങൾ മാത്രം. ചുമതലകളും നിറവേറ്റി. മകൾ ശിൽപിയെ പഠിപ്പിച്ചു. ചോളമണ്ഡലം മുതൽ അവളുടെ സുഹൃത്തായിരുന്ന മർക്കസുമായി വിവാഹവും നടത്തി.

വീണ്ടും തിരുവനന്തപുരത്തേക്ക് 

ചിത്രരചയിൽ പൂർണമായി മുഴുകാൻ ഞാൻ തിരുവനന്തപുരം തിരഞ്ഞെടുത്തു. ഇവിടം ശാന്തമാണ്, കലാകാരനു വേണ്ട പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്നു. വിവാഹമോചിതയായ ശേഷം വരച്ചുകൂട്ടിയ ചിത്രങ്ങളിൽ നിന്നുള്ള സമ്പാദ്യം കൊണ്ടു തിരുവനന്തപുരം–പൊന്മുടി പാതയിൽ കല്ലാറിനു തീരത്തായി കുറച്ചു സ്ഥലം വാങ്ങി. പടിപടിയായി ഒരു ആർട് ഗാലറി പണിതുയർത്തി. അമ്മയുടെ പേരുമിട്ടു– ഗൗരി ആർട് ഗാലറി. സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കും താമസിച്ചു സർഗപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള ഇടമാണിത്.

ആത്മീയാന്വേഷണങ്ങളുടെ പുതിയ പാതയിലാണു സജിത. അതിന്റെ സാക്ഷാൽക്കാരമാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഓൾട്ടർ ബോഡീസ് (മറുശരീരങ്ങൾ) ചിത്രപരമ്പര. ശരീരത്തിന്റെയും മനസ്സിന്റെയും ആഴങ്ങളും അപാരസാധ്യതകളുമാണ് ഇതിൽ തേടുന്നത്. ‘‘ഒടുവിൽ ഞാൻ എന്റെ ഗുരുവിനെ കണ്ടെത്തി. ധ്യാനത്തിന്റെ ആഴങ്ങളിൽ തെളിയുന്ന രൂപങ്ങൾ കാൻവാസിൽ പകർത്തുന്നു. തൊലിപ്പുറം വരെയേ കലാകാരൻമാർ ‘എക്സ്പ്ലോർ’ ചെയ്തിട്ടുള്ളൂ. ഞാൻ കോശങ്ങളുടെ ഉള്ളറകളിലേക്കു കടന്നുപോകുന്നു. ഇതുവരെ ചെയ്തതൊന്നും ഒന്നുമല്ലെന്നു തോന്നുന്നു.

സ്വശരീരവും മനസ്സും എന്റെ കാൻവാസിന് എന്നും വിഷയമായിരുന്നു. സ്വന്തം നഗ്നതയുടെ ചിത്രപരമ്പര തന്നെ ചെയ്തിട്ടുണ്ട്. പക്ഷേ എന്റെ നഗ്നതയിൽ രക്തവും മജ്ജയുമുണ്ട്. പുരുഷന്മാർ കാണുന്ന നഗ്നത എക്സോട്ടിക് ആണ്. അത് എന്റെ ചിത്രത്തിൽ കാണില്ല. അതിലൊരെണ്ണം ഉൾപ്പെടെ എന്റെ മൂന്നു ചിത്രങ്ങൾ ബെംഗളൂരുവിൽ നാഷനൽ ഗലേറിയ ഓഫ് മോഡേൺ ആർടിൽ സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിഖ്യാത ഗാലറികളിൽ ചിത്രങ്ങൾക്കു സ്ഥിരം വേദി കിട്ടുക വലിയ ബഹുമതിയാണ്.

സ്ത്രീയെന്ന നിലയിൽ വീടിനകത്തും പുറത്തും നേരിട്ട പ്രശ്നങ്ങളെ കലയോടുള്ള അഭിനിവേശവും വിശ്വാസവും കൊണ്ടാണു ഞാൻ മറികടന്നത്. കലയ്ക്ക് അപാരശക്തിയുണ്ട്. അക്കാലത്തു ഞാൻ ഭ്രാന്തമായി വരയ്ക്കുമായിരുന്നു. അതോടെ മനസ്സ് ശാന്തമാകും. അക്കാലത്തെ എന്റെ സൃഷ്ടികളിൽ അസ്വസ്ഥ മനസ്സിന്റെ പൊട്ടിത്തെറി കാണാം. സ്ത്രീയുടെ മന‌സ്സും കാഴ്ചകളുമാണ് എന്റെ ചിത്രങ്ങൾ.

ഉയർച്ച താഴ്ചകളിൽ എന്നും ഒപ്പം നിന്നവരാണ് ആമിയും (മാധവിക്കുട്ടി) ചുള്ളിക്കാടും കവി വിനയചന്ദ്രനും രാധച്ചേച്ചി (ഇഎംഎസിന്റെ മകൾ ഇ.എം.രാധ)യുമൊക്കെ. ലണ്ടനിലുള്ള തിയറ്റർ ഡയറക്ടറും ഫെമിനിസ്റ്റുമൊക്കെ ആയ അമൃത് വിൽസൻ ഒരു അമ്മയെപ്പോലെ എന്നും എ​ന്നെ കാക്കുന്നു. 

രാജ്യാന്തര തലത്തിൽ ഇത്രയേറെ അംഗീകാരം കിട്ടിയിട്ടും സ്വന്തം രാജ്യത്ത് അതനുസരിച്ചുള്ള പ്രശസ്തിയില്ലല്ലോ എന്നു ചോദിച്ചാൽ ശരിയാണ്. പക്ഷേ പ്രശസ്തിക്കും പണത്തിനും മാത്രമുള്ളതല്ല കല എന്നു ബോധ്യമുണ്ട്. കലാസൃഷ്ടികളുടെ ആഴത്തിലുള്ള പഠനം ഇവിടെ നടക്കുന്നില്ല എന്നതിൽ വിഷമമുണ്ട്. വിദേശത്ത് അതുണ്ട്. ന്യൂയോർക്കിലുള്ള ആർട് ക്രിട്ടിക് പ്രഫ. ഗെയ്ൽ ലെവിൻ എന്റെ ജീവചരിത്രം തയാറാക്കിക്കൊണ്ടിരിക്കുന്നു.

‘‘കലയാണ് എന്നെ രക്ഷിച്ചത്. ജീവിപ്പിച്ചതും പുനർജന്മം നൽകിയതും കലയാണ്. ഞാനതിൽ പൂർണമായി വിശ്വസിച്ചു, അഗാധമായി സമർപ്പിച്ചു. എത്രമാത്രം ആഴത്തിലേക്ക് ഞാൻ ഇറങ്ങിച്ചെന്നോ, അത്രമാത്രം കല എന്നെ ചേർത്തുപിടിച്ചു’’.

പുല്ലരിക്കുന്നോളം സുന്ദരമാണ് ഇന്നു ഗൗരിയുടെ വളപ്പിൽ നിന്നു സജിത കാണുന്ന കല്ലാറിന്റെ തെളിഞ്ഞ സൗന്ദര്യം. അന്നത്തെ ആറു വയസ്സുകാരിയുടെ അഭിനിവേശം തന്നെ ഇന്നും. അന്നു ലോകം കാണാത്ത കുട്ടിയായിരുന്നു, ഇന്നു ലോകമേറെ കണ്ട സ്ത്രീയാണ്. എല്ലാ ആശയുമറ്റ് പത്തു വർഷം മുമ്പു നിന്ന ആ സ്ത്രീ ഒരു ഓർമ മാത്രം. ഏറ്റവും സന്തോഷവതിയെന്നു നിറഞ്ഞ ചിരിയുടെ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുന്നു കലാകാരിയായ ഈ സ്ത്രീ.

സജിതയുടെ ചിത്രങ്ങൾ, അംഗീകാരങ്ങൾ

ബ്രിട്ടിഷ് കൗൺസിലിന്റെ ചാൾസ് വാലസ് സ്കോളർഷിപ്, ഫ്രഞ്ച് ഗവൺമെന്റിന്റെ സ്കോളർഷിപ്, ക്ലിവ്‍ലാൻഡ് ഇന്റർനാഷനൽ ഡ്രോയിങ് ഇൻ ബെനാലെയിൽ ഗ്രാൻഡ് പ്രൈസ്, അമേരിക്കയിലെ പൊള്ളോക്ക് കാർസ്നർ ഫൗണ്ടേഷന്റെ ജാക്സൺ പൊള്ളോക്ക് അവാർഡ്, കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്, തമിഴ്നാട് സർക്കാരിന്റെ രണ്ട് അവാർഡുകൾ, കേരള ലളിതകലാ അക്കാദമി പുരസ്കാരം, സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പുരസ്കാരം എന്നിവ കൂടാതെ സ്വദേശത്തും വിദേശത്തുമായി വേറെയും ഗ്രാന്റുകളും ഫെലോഷിപ്പുകളും.

കേരള ലളിതകലാ അക്കാദമി അംഗം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ ഭരണസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ലളിതകലാ അക്കാദമി ഭരണസമിതിയിലുണ്ട്. തിരുവനന്തപുരം കല്ലാറിലെ ഗൗരി ആർട് ഗാലറി സ്ഥാപക ഡയറക്ടറാണ്.

sajitha-3

ബെംഗളൂരുവിലെയും ഡൽഹിയിലെയും നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്, കേന്ദ്ര ലളിതകലാ അക്കാദമി, ചെന്നൈയിലെ മദ്രാസ് മ്യൂസിയം എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലെ ക്ലിവ്‍ലാൻഡ് ആർട് ഗാലറി, ജപ്പാനിലെ കത്‍സുയാമ സിറ്റി സെന്റർ ഉൾപ്പെടെ പ്രമുഖ വിദേശ ഗാലറികളിലും സജിതയുടെ ചിത്രങ്ങൾ സ്ഥിരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. 

ബ്രിട്ടിഷ് കൗൺസിലിന്റെ 2018 ലെ വേൾഡ് ഓഫ് വിമൻ ഫെസ്റ്റിലേക്കു തിരഞ്ഞെടുത്തു. ആത്മാംശം നിറഞ്ഞതായിരുന്നു സജിതയുടെ ആദ്യകാല രചനകൾ. വിമെൻ ആൻഡ് റിയാലിറ്റി, വിമെൻ ആൻഡ് മെൻ, വിമെൻ ആൻഡ് ഇമാൻസിപ്പേഷൻ, വിമെൻ ആൻഡ് നേച്ചർ, പോയം ഓഫ് ലവ് തുടങ്ങിയ ചിത്രപരമ്പരകൾ പിന്നാലെ.

അതിനുശേഷം സ്ത്രീ ആദിരൂപങ്ങളിലേക്കു കടന്നു. തുടർന്ന് മദർ ആർക്കിടൈപ്പിലേക്ക് (അമ്മ രൂപങ്ങൾ). അക്ക മഹാദേവി പരമ്പര ഇതിൽ വരുന്നു. പിന്നീടു സ്വശരീരം കേന്ദ്രീകരിച്ചുള്ള വരകൾ. ഇപ്പോൾ ഓൾട്ടർബോഡി (മറുശരീരങ്ങൾ) ചിത്രപരമ്പര ചെയ്തു കൊണ്ടിരിക്കുന്നു.

ചിത്രരചനയ്ക്കു പുറമെ, മരത്തിലും ടെറാകോട്ടയിലും ശിൽപങ്ങൾ ചെയ്യുന്നു. കുംഭകോണത്തു കുട്ടികൾ അഗ്നിക്കിരയായ ദുരന്തം മുൻനിർത്തി നിർമിച്ച മദർ ശിൽപം ശ്രദ്ധ നേടിയിരുന്നു. പ്രമുഖ തമിഴ് സാഹിത്യകാരന്മാരുടെയും മാധവിക്കുട്ടിയുടെയും പുസ്തകങ്ങൾക്ക് ഇലസ്ട്രേഷൻ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.