Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷത്തിരുന്ന വാജ്പേയ് വരെ ഇന്ദിരയെ അഭിനന്ദിച്ചു; ‘ദുർഗ! ശക്തിയുടെ ദുർഗ’

indira

1971 ഏപ്രിലിനു ഇന്ത്യയുടെ സമകാലീന ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. മൃഗീയഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി രാജ്യത്തിന്റെ അധികാരത്തിൽ തിരിച്ചെത്തിയ കാലം. കിഴക്കും പടിഞ്ഞാറുമായി കിടക്കുന്ന പാക്കിസ്ഥാനിലും രാഷ്ട്രീയമായ അനിശ്ചിതാവസ്ഥ കൊടുമ്പിരി കൊള്ളുകയായിരുന്നു. മുജിബുർ റഹ്മാൻ നയിക്കുന്ന അവാമി ലീഗിന്റെ തിരഞ്ഞടുപ്പു വിജയം അംഗീകരിക്കാൻ വിസമ്മതിച്ച പട്ടാള ഭരണാധികാരി ജനറൽ യാഹ്യാഖാൻ കിഴക്കൻ പാക്കിസ്ഥാനിലെ (ഇപ്പോഴത്തെ ബംഗ്ലദേശ്) ജനമുന്നേറ്റം അടിച്ചമർത്താൻ സൈന്യത്തെ അയച്ചു. ഇന്ത്യയിലെ ചില നദികൾ ബംഗ്ലദേശിലൂടെ ഒഴുകിയാണു ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത്. എന്നാൽ അന്നു ബംഗ്ലദേശിൽ നിന്നൊരു പുഴ ഇങ്ങോട്ടൊഴുകി. പാക്കിസ്ഥാന്റെ യുദ്ധഭീകരതയിൽ എല്ലാം വിട്ടെറിഞ്ഞോടിയ അഭയാർഥിപ്പുഴ. 

indira-Sam-Manekshaw സാം മനേക്‌ഷാ ഇന്ദിരാഗാന്ധിയോടൊപ്പം

അതിർത്തിയിൽ തീപടർന്ന കാലം

പ്രശ്നം തീർക്കാൻ ഇന്ത്യ സൈനിക ഇടപെടൽ നടത്തണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ഇതിന്റെ സാധ്യതകൾ വിലയിരുത്താൻ കരസേനാമേധാവി സാം മനേക്‌ഷാ വിളിക്കപ്പെട്ടു. സൈനികനടപടി തൽക്കാലം സാധ്യമല്ലെന്നായിരുന്നു ആ യുദ്ധവീരന്റെ വെടിയുണ്ട പോലുള്ള മറുപടി. കാരണങ്ങൾ പലതായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സൈനികർ തിരിച്ചെത്തിയിരുന്നില്ല. അവർ മടങ്ങുമ്പോഴേക്കും മഴക്കാലം വന്നുചേരും. മഴക്കാലത്തു ബംഗാളിലെങ്ങും വെള്ളക്കെട്ടുകൾ രൂപപ്പെടും. സൈനികനീക്കത്തിനു തീർത്തും പ്രതിസന്ധി തീർക്കുന്ന സാഹചര്യം. തീവണ്ടി വാഗണുകളുടെ ദൗർലഭ്യത, പഴഞ്ചൻ ആയുധങ്ങൾ, പാക്ക് അനുകൂലികളായ അമേരിക്കയോ ചൈനയോ ഇടപെടുന്നതു തടയാനുള്ള നയതന്ത്രനീക്കത്തിന്റെ അഭാവം– മനേക്‌ഷായുടെ മറുപടി വ്യക്തമായിരുന്നു.

indira-war ഇന്ത്യ–ബംഗ്ലദേശ് യുദ്ധകാലത്ത് ഇന്ദിരാഗാന്ധി പഞ്ചാബിലെ സൈനികമേഖല സന്ദർശിച്ചപ്പോൾ (1971)

‘പറയൂ, എന്തുവേണം?’

എന്നാൽ ഷായ്ക്കെതിരെ മുറുമുറുപ്പ് ഉയരാൻ അധികം വേണ്ടിവന്നില്ല. സൈനിക മേധാവിയെ മാറ്റണമെന്നായി മന്ത്രിമാരിൽ പലരും. യോഗം പിരിച്ചുവിട്ട പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനറലിനോടു ചോദിച്ചു: ‘‘പറയൂ, എന്തുവേണം?’’

‘‘ഞാൻ രാജിവയ്ക്കാം. അല്ലെങ്കിൽ എനിക്കു സ്ഥിരബുദ്ധിയില്ലെന്നു പറഞ്ഞ് മാഡത്തിന് എന്നെ പിരിച്ചുവിടാം’’– മനേക്‌ഷായ്ക്കു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.

india-pakistan 1971ലെ യുദ്ധത്തിൽ ഇന്ത്യയ്ക്കു മുന്നിൽ പൂർണമായി അടിയറവു പറഞ്ഞതായി കുറിപ്പ് എഴുതി ഒപ്പിടുന്ന പാക്കിസ്ഥാൻ ലഫ്.ജനറൽ എ.എ.കെ നിയാസി. ഇന്ത്യയുടെ ലഫ്റ്റനന്റ് ജനറൽ അറോറ സമീപം.

എന്നാൽ ഇന്ദിര തൽക്കാലം മന്ത്രിസഭയെ ഗൗനിച്ചില്ല, സമയമെടുത്തു സൈന്യത്തെ സ‍‍‍ജ്ജമാക്കാൻ ഷായ്ക്കു സ്വാതന്ത്ര്യം നൽകി. സോവിയറ്റ് യൂണിയനുമായി നിലനിന്നിരുന്ന പഴയ സൗഹൃദക്കരാർ പുതുക്കി സുരക്ഷാ കരാറാക്കി. കിഴക്കൻ ബംഗാളിലെ വെള്ളക്കെട്ടു തരണം ചെയ്യുന്ന കവചിത വാഹനങ്ങൾ സൈന്യത്തിനു വാങ്ങി നൽകി. പുതിയ ആയുധങ്ങൾ സംഭരിച്ചു. എന്നാൽ രാജ്യാന്തര തലത്തിലെ പൊതുജനാഭിപ്രായം ഇന്ത്യയ്ക്ക് അനുകൂലമാക്കണമായിരുന്നു. ഇതിനായി വിദേശയാത്രകൾ നടത്തി, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി. യുദ്ധം ബംഗാളികളുടേതാണ്, ഇന്ത്യയുടെ അട്ടിമറിയല്ല എന്നു ലോകത്തെ ബോധ്യപ്പെടുത്താൻ, ‘മുക്തിബാഹിനി’ എന്ന കിഴക്കൻ ബംഗാളികളുടെ ഗറിലാസൈന്യം രൂപീകരിച്ചു.

indira-army ലേയിലെ സൈനിക ക്യാംപ് സന്ദർശിച്ചപ്പോൾ (1980 ജൂൺ 22)

മഞ്ഞുകാലത്തുള്ള സൈനികനീക്കത്തിന്റെ ഗുണങ്ങൾ നടത്തിയാൽ സൈനികനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാലയളവിൽ ഹിമാലയത്തിലെ അതിശൈത്യം മറികടന്ന് ചൈനീസ്പട എത്താൻ സാധ്യതയില്ല .എങ്കിലും പ്രധാനമന്ത്രി മോസ്കോയെ ആശങ്ക അറിയിച്ചു. ചൈന പ്രശ്നമുണ്ടാക്കിയാൽ സൈനിക ഇടപെടൽ നടത്താമെന്നു സോവിയറ്റ് യൂണിയൻ ഇന്ദിരയ്ക്ക് ഉറപ്പുനൽകി.

അഭിമാനമായി മാറിയ യുദ്ധം

നവംബറിൽ മനേക്‌ഷാ പ്രധാനമന്ത്രിയെ കാണാനെത്തി. പ്രചരിക്കുന്ന കഥ ഇതാണ്. സ്ത്രീകളെ തമാശയായി ‘സ്വീറ്റി’, ‘ഡാർലിങ്’ എന്നു സംബോധന ചെയ്തിരുന്ന സാം, വാതിലടച്ച് കുറ്റിയിട്ടശേഷം ഒരു കള്ളച്ചിരിയോടെ പറഞ്ഞു: ‘‘സ്വീറ്റി, ഞാൻ റെഡി.’’

indira-rajiv-nehru ഇന്ദിരയും രാജീവും നെഹ്റുവും

തന്റെ ഓഫിസിൽനിന്നു വിവരങ്ങൾ ചോരാനിടയുണ്ടെന്നു ശങ്കിച്ചിരുന്ന പ്രധാനമന്ത്രി മിണ്ടരുതെന്ന് ആംഗ്യം കാട്ടി, തുടർന്ന് ഒരു കടലാസുതുണ്ട് നീട്ടി. അതിൽ ജനറൽ ഒരു തീയതി എഴുതി. വായിച്ചശേഷം കടലാസുതുണ്ട് അവർ കത്തിച്ചുകളഞ്ഞു. എന്നാൽ ജനറൽ എഴുതിക്കൊടുത്ത തീയതിക്കു മുൻപുതന്നെ പാക്ക് വ്യോമസേന പഞ്ചാബിലെ വ്യോമതാവളങ്ങൾ ആക്രമിച്ചു. ഇന്ദിര ആഗ്രഹിച്ചിരുന്നതും അതായിരുന്നു. അന്നേദിവസം കൊൽക്കത്തയിലായിരുന്ന പ്രധാനമന്ത്രി ഒരു പുഞ്ചിരിയോടെ കിഴക്കൻ കരസേനാതലവൻ ലഫ്റ്റനന്റ് ജനറൽ അറോറയുടെ കരംഗ്രഹിച്ചുകൊണ്ട് പറഞ്ഞു: ‘ഇനിയെല്ലാം ഈ കയ്യിൽ. ഗുഡ് ലക്ക് ടു യൂ, മൈ ജനറൽ!’

indira-nixon ഇന്ദിര യുഎസ് വൈസ് പ്രസിഡന്റ് റിച്ചർഡ് നിക്സനും ഭാര്യ പാറ്റ് നിക്സനും ജവാഹർലാൽ നെഹ്റുവിനുമൊപ്പം വൈറ്റ്‌ഹൗസ് പടവുകളിൽ. (1956 ഡിസംബർ 18)

രണ്ടാഴ്ചയ്ക്കുള്ളിൽ പാക്ക് സൈന്യത്തെ അറോറ തകർത്തു. രണ്ടായിരം കൊല്ലത്തിനിടയിൽ‌ ഇന്ത്യൻ ഉപഭൂഖണ്ഡം സാക്ഷിയായ ഏറ്റവും വലിയ കീഴടങ്ങൽ നടന്നു; ഒരുലക്ഷം പാക്ക് സൈനികർ. തങ്ങൾ ഇന്ത്യയ്ക്കു മുന്നിൽ പൂർണമായി അടിയറവു പറഞ്ഞതായുള്ള കുറിപ്പ് പാക് ലഫ്.ജനറൽ എ.എ.കെ നിയാസി എഴുതി ഒപ്പിടുന്ന ചിത്രം രാജ്യാന്തര തലത്തിൽ പ്രചരിച്ചു. ഇന്ത്യയ്ക്കു യശസ്സും പാക്കിസ്ഥാനു തീരാത്ത നാണക്കേടും സമ്മാനിച്ച ഒരു യുദ്ധത്തിന്റെ പര്യവസാനം.

ഇന്ത്യയുടെ ഇന്ദിര

നിശബ്ദമായ നയതന്ത്രം, വൻശക്തികളുടെ രാഷ്ട്രീയനീക്കങ്ങളെപ്പോലും ഇന്ത്യൻ താൽപര്യത്തിന് ഉപയോഗിക്കാനുള്ള ബുദ്ധി. സൈന്യത്തിലെയും നയതന്ത്രത്തിലെയും പ്രതിഭാശാലികളെ കണ്ടെത്താനുള്ള കഴിവ്. അവർക്ക് സ്വാതന്ത്യം നൽകാനുള്ള മനസ് – ഇതെല്ലാമായിരുന്നു ഇന്ദിരാഗാന്ധി.

അധികാരമോഹം, ഏകാധിപത്യ പ്രവണത തുടങ്ങിയ കുറ്റങ്ങൾ ഇന്ദിരയിൽ ചാർത്തുന്നവർ‌ പോലും രാജ്യസുരക്ഷയ്ക്കു വേണ്ടിയുള്ള അവരുടെ പ്രയത്നങ്ങളെ മാനിച്ചിട്ടുണ്ട്. 1971ലെ യുദ്ധവിജയകാലത്തു പ്രതിപക്ഷത്തിരുന്ന അടൽ ബിഹാരി വാജ്പേയി അവരെ അഭിനന്ദിച്ചു: ‘ദുർഗ! ശക്തിയുടെ ദുർഗ.’

Indira-Gandh-weds ഫിറോസ് ഗാന്ധിയുമായുള്ള വിവാഹവേളയിൽ ഇന്ദിര. സമീപം നെഹ്റു

1971ലെ യുദ്ധത്തിൽ ഹാജിപീർ മലനിര പിടിച്ചെടുക്കാൻ അവർ സൈന്യത്തിനു നിർദേശം നൽകി. ഇന്നും പാക്ക് സൈന്യത്തിനു കശ്മീരിൽ കാര്യമായ കാലാൾപ്പടയാക്രമണം നടത്താനാവാത്തത് ഈ മലനിര ഇന്ത്യയുടെ കൈവശമായതുകൊണ്ടാണ്.

1965ലെയും 1971ലെയും യുദ്ധങ്ങളിൽ ഇന്ത്യൻ ടാങ്ക്‌വ്യൂഹങ്ങൾ പാക്ക് പഞ്ചാബിലേക്കു ദ്രുതഗതിയിൽ ആക്രമിച്ചുകയറുന്നതു ശ്രദ്ധിച്ച ഇന്ദിര മറ്റൊന്നുകൂടി മനസ്സിലാക്കി. അതേവേഗത്തിൽ പാക്ക് ടാങ്കുകൾക്കു സിന്ധിൽനിന്ന് രാജസ്ഥാനിലേക്കു കയറിവരാൻ സാധിച്ചേക്കും. തലങ്ങും വിലങ്ങും നദികളും ജലസേചനകനാലുകളുമുള്ള പഞ്ചാബിൽ ഇതു സാധ്യമായെന്നു വരില്ല. അങ്ങനെ രാജ്യസുരക്ഷകൂടി ഉദ്ദേശിച്ച് സൈനികോപദേശം ചെവിക്കൊണ്ടാണ് ‘രാജസ്ഥാൻ കനാൽ’ എന്ന ജലസേചനശൃംഖല നിർമിക്കാൻ അവർ അനുമതി നൽകിയത്. ഇന്നതിനെ ഇന്ദിരാഗാന്ധി കനാൽ എന്നു വിളിക്കുന്നു.

1971ലെ യുദ്ധം കഴിഞ്ഞയുടൻ ഇന്ത്യയെ അണുശക്തിയാക്കാനായിരുന്നു അവരുടെ തീരുമാനം. ആണവനിർവ്യാപനവുമായി പാശ്ചാത്യശക്തികളെത്തും മുൻപ് 1974ൽ ഇന്ത്യ ആണവപരീക്ഷണം നടത്തി. പിന്നാലെ നിർവ്യാപനക്കരാറിനു സമ്മർദ്ദം ചെലുത്തിയവരോട് അവർ പറഞ്ഞു: ‘‘നിങ്ങളോടൊപ്പം അണ്വായുധശക്തിയായി ഇന്ത്യയെ അംഗീകരിച്ചാൽ ഇന്ത്യ കരാറിൽ ഒപ്പിടാം.’’ അതിനവർ തയാറായില്ല. ഇന്നും നിർവ്യാപനകരാറിൽ ഒപ്പിടാതെ ഇന്ത്യ  നിൽക്കുന്നു.

bose ഇന്ദിരയും നെഹ്റുവും സുഭാഷ് ചന്ദ്ര ബോസിനൊപ്പം ഹരിപുരയിൽ.

പിടിച്ചു ചേർത്ത സിക്കിം

ഇന്ദിരയുടെ നയതന്ത്രവിജയങ്ങളില്‍ സവിശേഷസ്ഥാനം അര്‍ഹിക്കുന്നതാണു സിക്കിമിനെ ഇന്ത്യയില്‍ ലയിപ്പിച്ചത്. 1970കളിൽ ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തിയ അമേരിക്ക അന്നു പ്രത്യേക രാജ്യമായി നിന്ന സിക്കിമിലെ കൊട്ടാരരാഷ്ട്രീയത്തിൽ ഇടപെട്ടുതുടങ്ങി. ഇന്ദിരയെ ഒരുപാട് അസ്വസ്ഥയാക്കിയ നീക്കമായിരുന്നു ഇത്. സിക്കിമിലെ റാണിയായി എത്തിയ അമേരിക്കൻ വനിതയിലൂടെയായിരുന്നു യുഎസ് നീക്കങ്ങൾ.

gandhiji ഇന്ദിര ഗാന്ധിജിക്കൊപ്പം.

 സിക്കിം ചൈനയുടെയോ അമേരിക്കയുടെയോ ചൊൽപ്പടിയിലാകുന്നതിന്റെ അപകടം മനസ്സിലാക്കിയ ഇന്ദിര അവിടത്തെ ജനാധിപത്യപ്രസ്ഥാനത്തിനു രഹസ്യസഹായം നൽകാൻ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് അനുമതി നൽകി. രാജവാഴ്ച അവസാനിപ്പിച്ച് സിക്കിം ഇന്ത്യയിൽ ലയിക്കണമെന്ന് സിക്കിം ജനസഭയെക്കൊണ്ടു പ്രമേയം പാസാക്കിപ്പിക്കാൻ അവർക്കു സാധിച്ചു. രായ്ക്കുരാമാനം സിക്കിം ഇന്ത്യയുടെ ഭാഗമായി. ചൈനീസ് അതിർത്തിയിലെ ഇന്ത്യൻ ഭൂമിയുടെ വിസ്തൃതി അതോടെ വർധിച്ചു. ചൈന മിന്നലാക്രമണം നടത്തിയാൽ ആ മേഖലയിൽ തടയാമെന്നായി.

അടിയന്തരാവസ്ഥയുടെ നിഴലിനുശേഷം

ആഭ്യന്തരസുരക്ഷയുടെ പേരിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരയുടെ രാഷട്രീയജീവിതത്തിലെ തീരാക്കളങ്കമായി. അതിന്റെ പേരിൽ തിരഞ്ഞെടുപ്പു പരാജയവും നേരിട്ടു. പിന്നീട് 1979–80ൽ തിരിച്ചെത്തിയ ഇന്ദിരയുടെ ശ്രദ്ധ വീണ്ടും രാജ്യസുരക്ഷയിലായി; പ്രത്യേകിച്ച് ചൈനീസ് അതിർത്തിയിൽ! അധികം അറിയപ്പെടാത്ത ഓപ്പറേഷൻ ഫാൽക്കൺ ഇക്കാലത്താണു തുടങ്ങിയത്.വളരെ ധീരമായ ഒരു നടപടിയായിരുന്നു ഫാല്‍ക്കണ്‍.

family നെഹ്റു കുടുംബം. ഇരിക്കുന്നവർ (ഇടത്തുനിന്ന്)– സ്വരൂപ് റാണി, മോത്തിലാൽ നെഹ്റു, കമല നെഹ്റു. നിൽക്കുന്നവർ (ഇടത്തുനിന്ന്)– ജവാഹർലാൽ നെഹ്റു, വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹതീ സിങ്, ഇന്ദിര, രഞ്ജിത് പണ്ഡിറ്റ്.

1962നു ശേഷം, ചൈനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ അതിർത്തിയിൽ നിർമാണങ്ങള്‍ നടത്തരുതെന്നായിരുന്നു ഇന്ത്യയുടെ നയം. ചൈനയോടുള്ള ഈ പേടി അവസാനിപ്പിക്കണമെന്നുള്ള തീരുമാനവുമായി  ഇന്ദിര സേനാമേധാവി ജനറൽ കൃഷ്ണറാവുമായി ചർച്ചചെയ്തു. ചൈനീസ് അതിർത്തിയിൽ സൈനികനിർമാണനടപടികൾക്കു ക‍‍ൃഷ്ണറാവു തയാറായി. ചൈന തടസമുയർത്തിയാൽ നേരിടാനുള്ള സൈനികവിന്യാസവും ഒരുക്കിയിരുന്നു. ഇതിനപ്പുറം നയതന്ത്രതലത്തില്‍ ചൈനയുമായി ഇടപെടണമെന്ന് ഇരുവരും തീരുമാനിച്ചു.

1980 മേയിൽ ബൽഗ്രേഡിൽ യുഗോസ്ലാവ് നേതാവ് മാർഷൽ ടിറ്റോയുടെ മരണാനന്തരചടങ്ങിൽ കിട്ടിയ അവസരം ഇന്ദിര ഉപയോഗിച്ചു. ചൈനീസ് പ്രധാനമന്ത്രി ഹുവാ കുവോ ഫെങ്ങുമായി അവിടെ അവർ രഹസ്യകൂടിക്കാഴ്ച നടത്തി. താൽക്കാലിക തെറ്റിധാരണകൾ പറഞ്ഞുതീർക്കാൻ മന്ത്രിതലത്തിൽ ഒരു വാർഷികചർച്ച നടത്താൻ തീരുമാനമായി. ഇന്ത്യൻ സൈനികനേതൃത്വത്തിലും നയതന്ത്രജ്ഞർക്കിടയിലും നിലനിന്നിരുന്ന ചൈനപ്പേടി മാറ്റിയത് ഇന്ദിര–കൃഷ്ണറാവുമാരുടെ ഈ നടപടികളാണെന്നാണു പറയപ്പെടുന്നത്.

ദീര്‍ഘദര്‍ശി

ലോകരാഷ്ടീയത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി കാണാനുള്ള ദീർഘദൃഷ്ടിയും കൂർമബുദ്ധിയുമാണ് ഇന്ദിരയെ രാജ്യാന്തരതലത്തിൽ നേതാവാക്കിയത്. 1970കളിൽ സോഷ്യലിസ്റ്റ് ചേരിയുടെ ഉറ്റചങ്ങാതിയായിരുന്ന അവർ 1980ൽ അധികാരത്തിൽ വന്നപ്പോൾ ചില മാറ്റിച്ചവിട്ടലുകൾ നടത്തി. ബ്രിട്ടനിൽനിന്നു ജഗ്വാർ ബോംബർ വിമാനങ്ങൾ വാങ്ങിയത് ഒരു ഉദാഹരണം. 

സോവിയറ്റ് യൂണിയനുമായുള്ള ചങ്ങാത്തം നിലനിർത്തിക്കൊണ്ടുതന്നെ പാശ്ചാത്യലോകത്ത് സുഹൃത്തുക്കളെ അക്കാലത്ത് അവർ തേടിപ്പിടിച്ചു. അമേരിക്ക സന്ദർശിച്ചതും പ്രസിഡന്റ് റോണൾഡ് റെയ്ഗനുമായും ബ്രിട്ടിഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുമായും കൂടിക്കാഴ്ചകള്‍ നടത്തിയതുമെല്ലാം ഇങ്ങനെയാണ്.

1979ലെ സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ ഇടപെടൽ ഇന്ദിരയ്ക്ക് ഒട്ടും രസിച്ചില്ല. ആ സമയത്ത് അവർ അധികാരത്തിലില്ലാതിരുന്നതിനാൽ പരസ്യപ്രസ്താവനകളൊന്നും വേണ്ടിവന്നില്ല. പക്ഷേ, പിന്നീട് സോവിയറ്റ് നേതാവ് ബ്രഷ്നേവുമായുള്ള കൂടിക്കാഴ്ചയിൽ അവർ വെട്ടിത്തുറന്നു പറഞ്ഞു: ‘‘നിങ്ങൾ നിങ്ങളുടെ ശീതയുദ്ധം ഞങ്ങൾ ദക്ഷിണേഷ്യക്കാരുടെ പടിവാതിലിൽ വരെ കൊണ്ടുവന്നു.’’

India-in-Pakistan പാക്കിസ്ഥാൻ പ്രസിഡന്റ് സുൾഫിക്കർ അലി ഭൂട്ടോയുമായി ഹസ്തദാനം. ബേനസീർ ഭൂട്ടോ സമീപം. (1972 ജൂൺ 28)

അഫ്ഗാൻ പ്രശ്നത്തിലും ഇന്ദിരയുടെ ആശങ്ക ഇന്ത്യയുടെ സുരക്ഷയായിരുന്നു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് പടയോട് പൊരുതാൻ അമേരിക്ക പാക്കിസ്ഥാന് ആയുധങ്ങൾ നൽകി. 1971ൽ തകർന്നടിഞ്ഞ പാക്കിസ്ഥാൻ അതോടെ ഉണർന്നെഴുന്നേറ്റു. അഫ്ഗാൻ ഇടപെടലിനിടയിലും പാകിസ്ഥാന് സിയാച്ചിൻ മലമുകളിൽ നോട്ടമുണ്ടെന്നു ചില പർവതാരോഹകചാനലുകളിലൂടെ അറിഞ്ഞ ഇന്ത്യൻ സൈന്യം പ്രധാനമന്ത്രിയെ വിവരമറിയിച്ചു. ഇന്ത്യ ആക്രമണകാരിയായി ചിത്രീകരിക്കപ്പെടാമെന്ന ബോധ്യത്തോടെതന്നെ രായ്ക്കുരാമാനം ഒരു ബ്രിഗേഡ് സൈന്യത്തെ സിയാച്ചിനുമേലുള്ള സാൾടോറോ മലമുകളിലേക്ക് അയയ്ക്കാൻ അവർ അനുമതി നൽകി. അന്നത് അവർ ചെയ്തില്ലായിരുന്നെങ്കിൽ ഇന്നും സിയാച്ചിൻ പാക്ക് നിയന്തണത്തിലാകുമായിരുന്നു.

വിദേശായുധം ഉപയോഗിച്ചു സൈനികശക്തിയാകാനാവില്ലെന്ന് ഇന്ദിരയ്ക്ക് എന്നും ബോധ്യമുണ്ടായിരുന്നു. ഈ കാലയളവിലാണ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, മിസൈൽ പദ്ധതി, അതീവരഹസ്യമായ ആണവമുങ്ങിക്കപ്പൽ പദ്ധതി, തുടങ്ങി ഒട്ടേറെ ആയുധവികസന പദ്ധതികൾക്ക് അവർ തുടക്കമിട്ടത്. അവയിൽ മിസൈൽ പദ്ധതിയും ആണവമുങ്ങിക്കപ്പൽ പദ്ധതിയും വൻവിജയമായി.

indira-tagore ശാന്തിനികേതനിൽ രബീന്ദ്രനാഥ ടഗോറിനൊപ്പം. വലത്തുനിന്ന് അഞ്ചാമതായി നിൽക്കുന്നതാണ് ഇന്ദിര. (1934–35 കാലഘട്ടം)

മായ്ക്കാനാകാത്ത കൈയ്യൊപ്പ് 

രാജ്യത്തിന്റെ വികസനം ശാസ്ത്രസാങ്കേതിക വിദ്യയിലൂടെയാണെന്ന് ഇന്ദിരയ്ക്കു നല്ല തിരിച്ചറിവുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ഇലക്ട്രോണിക്സ് കമ്മിഷൻ രൂപീകരിക്കുന്നത്. ദക്ഷിണധ്രുവത്തിലെ സാധ്യതകള്‍ മനസ്സിലാക്കി അന്റാർടിക് മിഷൻ ആരംഭിച്ചു. ഒപ്പം ബഹിരാകാശമേഖലയിലും മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. ഇതിന്റെ ആദ്യപടിയായി  ബഹിരാകാശവകുപ്പ്, ആണവോർജ വകുപ്പിൽനിന്ന് അടർത്തിമാറ്റി സതീഷ് ധവാനെ അതിന്റെ തലവനാക്കി. എസ്എസ്എൽവി റോക്കറ്റുകൾ വിജയമായതോടെ ഇതിനു പിന്നിൽ പ്രവർത്തിച്ച എപിജെ അബ്ദുൽ കലാം, എ. ശിവതാണുപിള്ള തുടങ്ങിയ  യുവ എൻജിനീയർമാരെ അടർത്തിയെടുത്ത് പ്രതിരോധഗവേഷണത്തിൽ കൊണ്ടുവന്ന് ഗൈഡഡ് മിസൈൽ വികസനപദ്ധതിക്കു രൂപം നൽകി. ഈ പദ്ധതിയിൽ നിന്നാണ് ഇന്ന് ഇന്ത്യയുടെ അഭിമാനമായ അഗ്നി, പ്രിഥ്വി തുടങ്ങിയ മിസൈലുകൾ രൂപംകൊണ്ടത്.

Indira-Gandhi-body ഇന്ദിരയുടെ ചിതയ്ക്കു തീകൊളുത്തിയപ്പോൾ. മകൻ രാജീവ് ഗാന്ധി, സോണിയ, പ്രിയങ്ക തുടങ്ങിയവർ സമീപം. (1984 നവംബർ 3)

അണ്വായുധം വഹിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിനായി ബാലിസ്റ്റിക് മിസൈലുകൾ, അരിഹന്ത് അന്തർവാഹിനി എന്നിവയും നിര്‍മിച്ചു.

ഏഷ്യയിലെ പ്രബലശക്തിയായി ഇന്ത്യ ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ആണവ, മിസൈൽ ഏയ്റോസ്പേസ് തുടങ്ങിയ രംഗങ്ങളിലെല്ലാം രാജ്യം വളർന്നിരിക്കുന്നു. ഈ നേട്ടങ്ങൾക്ക് അടിത്തറയിട്ടത് ഇന്ദിരയുടെ പ്രവർത്തനങ്ങളാണെന്നു നിസ്സംശയം പറയാം.