Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയം കൊണ്ടൊരു സല്യൂട്ട്

Author Details
chetan-cheetah ചേതൻ കുമാർ ചീറ്റ ഡൽഹി സിആർപിഎഫ് ക്യാംപിലെ വസതിയിൽ. ചിത്രം: ജെ. സുരേഷ്

‘ഉമ; ഒരു വലിയ കോളു കിട്ടിയിട്ടുണ്ട്. ഞാൻ അതിനുള്ള തയാറെടുപ്പിലാണ്. നീ സുഖമായി ഉറങ്ങുക. ഗുഡ് നൈറ്റ്, സ്വീറ്റ് ഡ്രീംസ്.’’ ഇത്രയും പറഞ്ഞു ചേതൻ ഫോൺ കട്ട് ചെയ്തു. അങ്ങേത്തലയ്ക്കൽ ഭാര്യ ഉമ നേർത്തൊരു മൂളലിൽ പ്രതികരണം ഒതുക്കി. ചേതന്റെ ‘കോളു’കളെ ഉമയ്ക്കു ഭയമായിരുന്നു. കശ്മീർ താഴ്‌വരയിലെ കൊടുംഭീകരരെ നേരിടാനിറങ്ങുമ്പോൾ സിആർപിഎഫ് കമൻഡാന്റ് ചേതൻ കുമാർ ചീറ്റ എപ്പോഴും അങ്ങനെയാണു പറഞ്ഞിരുന്നത്; ഒരു കോളു കിട്ടിയിട്ടുണ്ട്! 2017 ഫെബ്രുവരി 13നു രാത്രി 11നു കശ്മീരിലെ സിആർപിഎഫ് ക്യാംപിൽനിന്നു ഡൽഹിയിൽ ഉമയെ ഫോണിൽ വിളിച്ചപ്പോൾ‍ ചേതൻ ഒരുകാര്യം മനഃപൂർവം പറഞ്ഞില്ല. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഭീകരരെ നേരിടാൻ പോകുന്നുവെന്ന വിവരം ചേതൻ മറച്ചുവച്ചു; അവൾ സുഖമായി ഉറങ്ങാൻ.

മരിക്കാൻ മനസ്സില്ല!

ഫോൺ വച്ചശേഷം, പിറ്റേന്നു നേരം പുലരും മുൻപ് ചേതൻ പോയതു ഭീകരരുടെ താവളത്തിലേക്കാണ്. സിആർപിഎഫിന്റെ 45–ാം ബറ്റാലിയന്റെ കമാൻഡിങ് ഓഫിസറായ ചേതൻ ഭീകരരെ ചങ്കുറപ്പോടെ നേരിട്ടു. മുന്നിൽനിന്നു പൊരുതിയ ചേതന്റെ ശരീരം തുളച്ചു ഭീകരർ നിറയൊഴിച്ചു; ഒന്നല്ല; ഒൻപതു തവണ! ചേതൻ വെടിയേറ്റു വീഴുമ്പോൾ അകലെ ഉമ ഒന്നുമറിയാതെ ഉറങ്ങുകയായിരുന്നു. ശരീരം തുളച്ച് ഒൻപതു വെടിയുണ്ടകൾ; എന്നിട്ടു ചേതനെന്തു സംഭവിച്ചു? മരിക്കാൻ എനിക്കു മനസ്സില്ലായിരുന്നു; ഒരു വർഷത്തിനിപ്പുറം ഡൽഹിയിലെ വീട്ടിൽ ഉമയെ ചേർത്തു നിർത്തി ഉറക്കെച്ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ശരീരമാസകലം വെടിയേറ്റ ചേതൻ മരണത്തെ തോൽപിച്ചതെങ്ങനെ എന്നു ചോദിച്ചാൽ ഡൽഹി എയിംസ് (All India institute of Medical Sciences) ആശുപത്രിയിലെ ഡോക്ടർമാർ ഇങ്ങനെ പറയും; ഞങ്ങൾക്കിന്നും അതൊരു അദ്ഭുതമാണ്; മെഡിക്കൽ മിറക്കിൾ! കശ്മീരിലെ ഭീകരർക്കു മുന്നിൽ വീറോടെ പൊരുതിയ ചേതനു രാജ്യം ഈയിടെ അമൂല്യമായ സമ്മാനം നൽകി – ധീരതയ്ക്കുള്ള അംഗീകാരമുദ്ര; കീർത്തിചക്ര!

ഉമ; നീ ഉറങ്ങുക

2017 ഫെബ്രുവരി 14, പുലർച്ചെ: ഉമ മാത്രമല്ല, രാജ്യം മുഴുവൻ അപ്പോൾ നിദ്രയിലായിരുന്നു. വടക്കൻ കശ്മീരിൽ ബന്ദിപുര ജില്ലയിലെ ഹാജിനിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം തലേന്നാണു സുരക്ഷാ സേനയ്ക്കു ലഭിക്കുന്നത്. ഭീകരരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സേന നിയോഗിച്ച ചാരൻ കൈമാറിയ വിവരം ചേതനെ ആവേശഭരിതനാക്കി. അഞ്ചു ഭീകരർ പാർക്കുന്ന ഒളിത്താവളം സംബന്ധിച്ച വ്യക്തമായ വിവരം ചാരൻ കൈമാറി. കരസേനാ വിഭാഗമായ രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും സംയുക്ത ഓപ്പറേഷനു തയാറെടുത്തു. ഉമയ്ക്കുള്ള പതിവു രാത്രി വിളിയിൽ സ്നേഹം സമ്മാനിച്ചു ചേതൻ കർമനിരതനായി ദൗത്യത്തിനിറങ്ങി. രാത്രിയുടെ മറവിൽ സിആർപിഎഫ് ഒളിത്താവളത്തിലെത്തുമ്പോഴേക്കും സൈന്യം ഏറ്റുമുട്ടലിനു തുടക്കമിട്ടിരുന്നു. പ്രദേശമാകെ വെടിയൊച്ചകളിൽ പ്രകമ്പനംകൊണ്ടു. ചേതന്റെ ഭാഷയിൽ പറഞ്ഞാൽ, ദീപാവലി!

cartoon

നെഞ്ചുവിരിച്ച്

സ്ഥലത്തെത്തിയ ചേതനെ തേടി സൈന്യത്തിന്റെ സന്ദേശമെത്തി – മൂന്നു സൈനികർ മരിച്ചു വീണിരിക്കുന്നു! സുരക്ഷാ സേനയുടെ വരവ് മുൻകൂട്ടി അറിഞ്ഞ ഭീകരർ നിനച്ചിരിക്കാത്ത നിമിഷത്തിൽ നടത്തിയ ആക്രമണം സേനയെ ഞെട്ടിച്ചു. ഏറ്റുമുട്ടൽ മേഖലയിൽ മുൻനിരയിൽ സൈന്യവും ഭീകരർ രക്ഷപ്പെടാതിരിക്കാൻ പ്രദേശം വലയം ചെയ്തു പിന്നിൽ സിആർപിഎഫും അണിനിരക്കുക എന്നതായിരുന്നു ഇരു സേനകളും തമ്മിലുള്ള ധാരണ. സൈനികർ മരിച്ചു വീണതോടെ മുൻനിരയിലേക്കു നീങ്ങാൻ ചേതൻ തീരുമാനിച്ചു.

ഞങ്ങൾ പ്രതീക്ഷിച്ചതിലും ശക്തമായിരുന്നു അവരുടെ ആക്രമണം. കൂരിരുട്ടിൽ ഭീകരരുടെ കൃത്യമായ സ്ഥാനം കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥിതി. എതിരെനിന്നു വന്ന വെടിയുണ്ടകളുടെ ദിശ മനസ്സിലാക്കി ഞങ്ങൾ വെടിയുതിർത്തു. ഇരുട്ടിനെ കീറിമുറിച്ചു വെടിയുണ്ടകൾ ചീറിപ്പാഞ്ഞു. ബറ്റാലിയന്റെ മുന്നിലായിരുന്നു ഞാൻ. പെട്ടെന്നാണു ഞാനത് തിരിച്ചറിഞ്ഞത്; എനിക്കു വെടിയേറ്റിരിക്കുന്നു. വിദഗ്ധമായി സ്ഥാനം മാറിയ ഭീകരർ മൂന്നു ദിശകളിൽ നിന്ന് എനിക്കു നേരെ നിർത്താതെ വെടിയുതിർത്തു. കയ്യിൽ വെടിയേറ്റിട്ടും പിൻമാറില്ലെന്നുറച്ചു ഞാൻ നിന്നു. മുറിവേറ്റ ചേതൻ നടത്തിയ പ്രത്യാക്രമണത്തിൽ ലഷ്കറിലെ കൊടുംഭീകരൻ അബു മുസൈബ് മരിച്ചു വീണു.

തൊട്ടടുത്ത നിമിഷം; അതിന്റെ ബാക്കി പൂർത്തിയാക്കാനാവാതെ ചേതന്റെ വാക്കുകൾ മുറിഞ്ഞു. ഭീകരരുടെ വെടിയുണ്ടകൾ ചേതന്റെ വലതുകണ്ണ് ചിതറിച്ചു! തലയിലും നട്ടെല്ലിലും വയറ്റിലും വെടിയേറ്റ് ചേതൻ വീണു. ഫെബ്രുവരിയുടെ രാവിൽ പെയ്തിറങ്ങിയ മഞ്ഞിൽ കിടന്ന് അദ്ദേഹം പിടഞ്ഞു. ശ്രീനഗറിലെ സേനാ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഹെലിക്കോപ്റ്ററിലേക്കു കയറ്റുമ്പോൾ ശരീരത്തിലെ 60 ശതമാനത്തോളം രക്തം വാർന്നു പോയിരുന്നു.

ചേതനിലേക്കു പറന്ന്

അന്നു രാവിലെ ഉറക്കമുണർന്ന ഉമ, ചേതന്റെ പതിവു പ്രഭാത ഫോൺ വിളിക്കായി കാത്തിരുന്നു. ഫോൺ ശബ്ദിച്ചു. ചേതനായിരുന്നില്ല അത്. ദുരന്ത വാർത്ത കേട്ട് ഉമ ഞെട്ടിത്തരിച്ചു നിന്നു. ഡൽഹി സിആർപിഎഫ് ക്യാംപിലെ മറ്റു സേനാംഗങ്ങളുടെ ഭാര്യമാർ അപ്പോഴേക്കും അവിടെയെത്തി. അലമുറയിട്ടു കരയുന്നതിനിടെ ഉമ പറഞ്ഞു: എനിക്ക് ഈ നിമിഷം ശ്രീനഗറിലേക്കു പോകണം. ശ്രീനഗറിലേക്ക് അന്നുള്ള വിമാനങ്ങളിലൊന്നും സീറ്റ് ഒഴിവില്ലായിരുന്നു. എനിക്കു ചേതനെ കണ്ടേ പറ്റൂ; ഉമ അലറി. തൊട്ടുപിന്നാലെ കാറിൽ വിമാനത്താവളത്തിലേക്കു കുതിച്ചു. അവിടെയെത്തിയപ്പോൾ വിമാനത്തിൽ സീറ്റില്ല. ശ്രീനഗറിലേക്കുള്ള അവസാന വിമാനം പുറപ്പെടാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഞാൻ അവിടെ തളർന്നിരുന്നു. ആ നിമിഷം എന്റെ മൊബൈലിലേക്കൊരു വിളി എത്തി. താങ്കൾക്കുള്ള ടിക്കറ്റ് റെഡിയാണ് എന്ന് മറുതലയ്ക്കൽ നിന്നുള്ള പുരുഷ ശബ്ദം പറഞ്ഞു. വിമാന കമ്പനിയിൽ അന്വേഷിച്ചപ്പോൾ ശരിയാണ്. എന്റെ പേരിൽ ആരോ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നു! വിളിച്ചയാളുടേത് ഒരു മുസ്‍ലിം പേരായിരുന്നു. ഫോൺ നമ്പർ പിന്നീട് എനിക്കു നഷ്ടമായി. അയാൾ ആരാണെന്ന് ഇന്നും എനിക്കറിയില്ല. അത് അള്ളാഹുവാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം!

uma-and-chetan ഭാര്യ ഉമയ്ക്കൊപ്പം ചേതൻ കുമാർ ചീറ്റ (ഫയൽ ചിത്രം)

കൈവിടില്ല നിന്നെ ഞാൻ

ഉച്ചകഴിഞ്ഞു ശ്രീനഗറിലെ ആശുപത്രിയിലേക്ക് ഉമ എത്തുമ്പോൾ ചേതൻ അബോധാവസ്ഥയിലേക്കു മറഞ്ഞിരുന്നു. വെടിയേറ്റു ചിതറിയ ഭർത്താവിനു മുന്നിൽ ഉമ കരഞ്ഞില്ല. നീയാണ് എന്റെ കരുത്ത് എന്നു ചേതൻ എപ്പോഴും പറയുമായിരുന്നു. ആ കരുത്ത് കാട്ടേണ്ട സമയമായിരുന്നു അത്. ചേതന്റെ ശരീരത്തിൽ ഒൻപതു വെടിയുണ്ടകളുണ്ടെന്നു ഡോക്ടർമാർ ഉമയോടു പറഞ്ഞു. തൊട്ടടുത്തു കിടന്ന ചേതന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലേറ്റ വെടിയുണ്ടകൾ ഉമ എണ്ണി നോക്കി; പത്ത്! ആ ശരീരത്തിലേക്കു പാഞ്ഞത് 19 വെടിയുണ്ടകൾ. ചേതനെ എയിംസ് ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റുക എന്ന സന്ദേശം സേനാ ആസ്ഥാനത്തുനിന്നു പിന്നാലെയെത്തി. ഹെലിക്കോപ്റ്ററിൽ ചേതനൊപ്പം ഉമ ഡൽഹിയിലേക്കു പറന്നു. ആകാശത്തുവച്ച് ഏതോ ഒരു നിമിഷത്തിൽ ബോധം തിരികെ ലഭിച്ച ചേതൻ കൈകാലുകൾ ആഞ്ഞു വീശി. പുളയുന്ന വേദനയിൽ വീണ്ടും ബോധം കൈവിട്ടു. കൈവിടാതെ ഉമ ഒപ്പമിരുന്നു. അഞ്ചരയോടെ അവർ ഡൽഹിയിൽ പറന്നിറങ്ങി.

മെഡിക്കൽ മിറക്കിൾ

ഡീപ് കോമ; ചേതന്റെ അവസ്ഥയെ എയിംസ് ഡോക്ടർമാർ വിശേഷിപ്പിച്ചത് അങ്ങനെയാണ്. വേടിയുണ്ടകൾ തലയ്ക്കേൽപ്പിച്ച ക്ഷതം അത്രയ്ക്കു വലുതായിരുന്നു. രക്ഷപ്പെടാനുള്ള സാധ്യത ആയിരത്തിലൊരംശം മാത്രം. മാംസ പിണ്ഡമായി കിടന്ന ചേതനെ 24 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. വെടിയുണ്ടയേറ്റ തലയോട്ടിയുടെ ഒരു ഭാഗം നീക്കി. വിദഗ്ധ ഡോക്ടർമാരുടെ വൻ നിര രാപകലില്ലാതെ പ്രയത്നിച്ചു. ശരീരമാസകലമേറ്റ ആഴത്തിലുള്ള മുറിവുകളിൽ പലതവണ ശസ്ത്രക്രിയ നടത്തി. ചിതറിത്തെറിച്ച ചേതനിലേക്കു ഡോക്ടർമാർ പതിയെ ജീവൻ പകർന്നു. ഭർത്താവിനു താങ്ങായി ഉമ ഇമചിമ്മാതെ കൂട്ടിരുന്നു; മനമുരുകി പ്രാർഥിച്ചു. ചേതനൊരു ഫൈറ്ററാണ് (പോരാളി). അദ്ദേഹം തിരിച്ചുവരും; ആരോഗ്യ വിവരമന്വേഷിച്ചു വിളിച്ച പ്രിയപ്പെട്ടവരോട് ഉമ പറഞ്ഞു.

ഡോക്ടർമാരുടെ പ്രയത്നവും പ്രാർഥനയും ഫലം കണ്ടു; ഒന്നര മാസത്തിനു ശേഷം ചേതൻ ആദ്യമായി കണ്ണു തുറന്നു; കൺമുന്നിലുണ്ടായിരുന്നു നിറകണ്ണുകളോടെ ഉമ! അന്നുവരെ ചെയ്തിട്ടുള്ളതിൽ വച്ചേറ്റവും സങ്കീർണമായ ശസ്ത്രക്രിയകൾ ഫലം കണ്ടതിന്റെ ആഹ്ലാദത്തിൽ എയിംസ് ഡോക്ടർമാർ പറഞ്ഞു; ഇത് മെഡിക്കൽ മിറക്കിൾ അല്ലാതെന്ത്! 2017 ഏപ്രിൽ ആദ്യവാരം വീൽചെയറിലിരുന്നു ചേതൻ എയിംസിൽ നിന്നിറങ്ങി. ധീര പോരാളിയുടെ രണ്ടാം ജൻമം ആഘോഷമാക്കാൻ ഒത്തുകൂടിയ മാധ്യമപ്പടയ്ക്കു മുന്നിൽ ഉമയെ ചേർത്തു നിർത്തി അദ്ദേഹം പറഞ്ഞു: ഇവൾ; ഇവളാണെന്റെ ശക്തി!

ഞാൻ സല്യൂട്ട് ചെയ്യില്ല

കഴിഞ്ഞ സ്വാതന്ത്ര്യദിന തലേന്നു കേന്ദ്ര സർക്കാരിന്റെ അറിയിപ്പെത്തി – ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം ചേതൻ കുമാർ ചീറ്റയ്ക്ക്. രാജ്യരക്ഷയ്ക്കായി ജീവൻ മറന്നു പോരാടിയ ധീരതയ്ക്കുള്ള അംഗീകാരം. മാർച്ച് അവസാനമായിരുന്നു പുരസ്കാര വിതരണ ചടങ്ങ്. സല്യൂട്ട് ചെയ്യാൻ കൈ പൊക്കാൻ അപ്പോഴും േചതനു കഴിയുമായിരുന്നില്ല. എനിക്കു രാഷ്ട്രപതിയെ സല്യൂട്ട് ചെയ്യാനാവില്ല; ചേതൻ മേലുദ്യോഗസ്ഥരെ അറിയിച്ചു. സാരമില്ല എന്ന് അവർ മറുപടി നൽകി. രാഷ്ട്രപതി ഭവനിൽ തന്റെ പേര് വിളിച്ചപ്പോൾ തലയുയർത്തി ഉറച്ച ചുവടുകളോടെ ചേതൻ നടന്നു നീങ്ങി. മുന്നിൽ അറ്റൻഷനായി നിന്ന ചേതന്റെ യൂണിഫോമിലേക്കു രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാജ്യത്തിന്റെ ആദര മുദ്ര ചേർത്തുവച്ചു. സല്യൂട്ട് ചെയ്യാതെ ചേതൻ തിരിഞ്ഞു നടന്നു. ചേതൻ, രാജ്യം താങ്കൾക്കാണ് അന്ന് സല്യൂട്ട് നൽകിയത്!

Chethan-recieving-Keertichakra രാഷ്ട്രപതി റാം നാഥ് കോവിന്ദിനു സല്യൂട്ട് നൽകാതെ കീർത്തിചക്ര സ്വീകരിക്കുന്ന ചേതൻ കുമാർ ചീറ്റ.

പ്രണയ കീർത്തിചക്ര

ഏതാനും ആഴ്ച മുൻപ് ഡൽഹിയിലെ സിആർപിഎഫ് ആസ്ഥാനത്തേക്കു ചേതൻ എത്തി. ജോലിയിൽ തിരികെ പ്രവേശിക്കാൻ. ഒപ്പം തന്റെ ആവശ്യവും അറിയിച്ചു – എനിക്കു കോബ്രയിൽ ചേരണം! മാവോയിസ്റ്റ്, വടക്കു കിഴക്കൻ വിഘടനവാദ പോരാളികളെ നേരിടുന്നതിനുള്ള സിആർപിഎഫിന്റെ കമാൻഡോ സംഘമാണു കോബ്ര. രാജ്യത്തെ ഏറ്റവും ദുർഘട സേനാ ദൗത്യങ്ങളിലൊന്നിന്റെ മുന്നണി പോരാളികൾ.

കസേരയിലിരുന്നുള്ള ജോലിയിൽ ഇരിപ്പുറയ്ക്കില്ല ചേതന്. കാഞ്ചി വലിച്ച കൈകളിൽ പേന ചേരില്ല. ഇന്ത്യ എനിക്ക് അമ്മയാണ്. ആപത്ഘട്ടത്തിൽ അമ്മ വിളിച്ചാൽ, ആ വിളി ഞാൻ കേൾക്കും; നെഞ്ചുവിരിച്ചു ഞാനിറങ്ങും. തിരികെ യുദ്ധമുന്നണിയിലേക്കു പോകണം. സേന അതിന് അനുമതി നൽകുന്ന നിമിഷം ഞാൻ പോകും; ഉമയ്ക്കരികിലിരുന്നു ചേതൻ പറഞ്ഞു. അതിനുള്ള ഉമയുടെ പ്രതികരണം എന്താണ്? ഞാൻ നിന്നെ വെടിവയ്ക്കും ചേതൻ! – ചിരിയിൽ പൊതിഞ്ഞ ഉമയുടെ വാക്കുകളിൽ ചേതൻ കുലുങ്ങിച്ചിരിച്ചു. ചിരിക്കിടയിൽ ഉമയുടെ മനസ്സു മന്ത്രിച്ചു; ചേതൻ, നീ രാജ്യത്തിനായി പൊരുതുക; നിനക്കായ് പൊരുതാൻ ഞാനുണ്ട്! വെടിയുണ്ടകളെക്കാൾ ആഴത്തിൽ ഹൃദയം തുളയ്ക്കുന്നതാണ് ഇവരുടെ പ്രണയം. ഉമ, ചേതൻ... പ്രണയത്തിനൊരു കീർത്തിചക്രയുണ്ടെങ്കിൽ അതു നിങ്ങൾക്കുള്ളതാണ്!