Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂവാകയായ്, പുത്തിലഞ്ഞിയായി മലയാളം!

Author Details
indian-literature-magazine

‘‘അവരെ പൂക്കളെന്നു വിളിക്കാനാണു ഞങ്ങൾക്കിഷ്ടം’’ 

പതിമൂന്നുകാരൻ ആശിഷ് രാജിന്റെ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്. ശരിക്കും ആശിഷ് ഉൾപ്പെടെയുള്ളവരെയാണ് പൂക്കളെന്നു വിളിക്കേണ്ടത്. എല്ലാം കൈമോശം വരുമെന്നു തോന്നിപ്പിക്കുന്ന കാലത്തും കവിതകളുടെ വസന്തം തീർക്കുന്ന കാവ്യപുഷ്പങ്ങൾ. ആശിഷ് കവിതയിൽ പൂമൊട്ടാണ്. അതുകൊണ്ടാണ് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഇന്ത്യൻ ലിറ്ററേച്ചറിൽ ആശിഷിന്റെ കവിത ചേർത്തത്. അതേ പ്രസിദ്ധീകരണത്തിൽ, പല നിറവും മണവുമുള്ള കവിതകളുമായി മലയാളികളുടെ മനസ്സിലിടം നേടിയ 74 കവികൾ കൂടിയുണ്ട്. അവരുടെ ഇഷ്ടരചനകളുടെ ഇംഗ്ലീഷ് പരിഭാഷകളുമായി. 

കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിദ്ധമായ പ്രസിദ്ധീകരണത്തിൽ, ഇത്രയധികം മലയാള കവിതകൾ ഉൾപ്പെടുത്തുക, അതും ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്ത്... മലയാളത്തിലെ പുതുതലമുറ കവികൾക്കു മാത്രമല്ല, ഭാഷയ്ക്കു തന്നെയുള്ള ആദരമാണിത്. 

എന്തുകൊണ്ട് അക്കാദമി? 

ഇംഗ്ലീഷ് ഉൾപ്പെടെ 24 ഭാഷകളെയാണ് കേന്ദ്ര സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ളത്. എല്ലാ ഭാരതീയ ഭാഷകളിലെയും കവിതകളെ ലോകത്തിനു പരിചയപ്പെടുത്താൻ അക്കാദമി ശ്രമം തുടങ്ങിയിട്ടു നാളേറെയായി. ആസാമിസ്, ബംഗാളി, ഗുജറാത്തി, മറാഠി, തെലുങ്ക്് ഭാഷകളിൽ നിന്നുള്ള കവിതകൾ നേരത്തെ പരിഭാഷപ്പെടുത്തി മുൻ പതിപ്പുകളിൽ നൽകിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് കവിതകളും പ്രസിദ്ധീകരിച്ചു. ഇവയ്ക്കു ശേഷമാണു മലയാളത്തിനു ഭാഗ്യം ലഭിച്ചത്. ഹിന്ദി, തമിഴ്, ഒഡിയ, കന്നഡ തുടങ്ങിയ പ്രധാന ഭാഷകളെ ഇനി പരിഗണിക്കാനിരിക്കുന്നതേയുള്ളൂ. 

AJ-Thomas എ.ജെ.തോമസ്

ആരാണ് കവികൾ? 

21–ാം നൂറ്റാണ്ടിലെ മലയാള കവികൾ എന്നാണ് ആമുഖമായി ചേർത്തിരിക്കുന്നത്. എന്നാൽ, 1985നു ശേഷം എഴുത്തു തുടങ്ങുകയും ഈ നൂറ്റാണ്ടിലും കവിതയിൽ സജീവമായി തുടരുകയും ചെയ്യുന്നവരുടെ കവിതകളാണ് ഉൾപ്പെടുത്തിയത്. പ്രത്യേക മേഖലകളൊന്നും നോക്കാതെയായിരുന്നു കവികളുടെ തിരഞ്ഞെടുപ്പെന്ന് എഡിറ്റർ എ.ജെ.തോമസ് പറയുന്നു. സ്ഥലപരിമിതി കൊണ്ടു പലരെയും ഉൾപ്പെടുത്താൻ കഴിയാതെ പോയിട്ടുണ്ട്. കവികളെ കണ്ടെത്തിയ ശേഷം അവരിലേക്ക് എത്തിച്ചേരുകയായിരുന്നു വെല്ലുവിളി. അനിത തമ്പി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ സഹായിച്ചു–എ.ജെ.തോമസ് പറഞ്ഞു. 

അതേസമയം, പെണ്ണെഴുത്തും ദളിതെഴുത്തും തുടങ്ങി ഇനിയും തിരിച്ചറിയപ്പെടാത്ത മേഖലകൾപോലും കവികളിലും കവിതകളിലും തെളിഞ്ഞുകാണാം. കവിതാസമാഹാരങ്ങൾ, കവിതാ ബ്ലോഗുകൾ, വെബ്സൈറ്റുകൾ, ആനുകാലികങ്ങൾ തുടങ്ങിയവയിൽ കവിതകളുമായി സ്വയം അടയാളപ്പെടുത്തിയവരാണ് തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം. 

ഒരു വർഷത്തോളം നീണ്ട പ്രയത്നങ്ങൾക്കൊടുവിലാണ് മലയാള കവിതകൾ ‘ഇന്ത്യൻ ലിറ്ററേച്ചറിന്റെ’ ഭാഗമായത്. കെ.സച്ചിദാനന്ദൻ, രവിശങ്കർ, സി.എസ്.വെങ്കിടേശ്വരൻ, ചെറി കെ.ജേക്കബ്, യമുന ബിന്ദു, പി.ശ്യാമ, ബിനു കരുണാകരൻ, എ.ജെ.തോമസ് തുടങ്ങിയവരാണ് പരിഭാഷകരായത്. 21–ാം നൂറ്റാണ്ടിലെ മലയാള കാവ്യലോകത്തെക്കുറിച്ചു കെ.സച്ചിദാനന്ദൻ, വി.കെ.സുബൈദ, എം.ആർ.രേണുകുമാർ എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. 

കംപ്യൂട്ടർ കീബോർഡിൽ മാത്രം കവിതകളെഴുതി പേരെടുത്തവരുണ്ട്. അക്കൂട്ടർതന്നെ പലവിധമുണ്ട്, ഫെയ്സ്ബുക് കവികൾ, ബ്ലോഗ്കവികൾ... അങ്ങനെ അങ്ങനെ... 

2005നു ശേഷം മലയാള കാവ്യശാഖയ്ക്കു വന്ന മാറ്റവും ജേർണലിൽ പ്രകടം. ഹ്രസ്വമെങ്കിലും സൈബർകാലത്തെ മലയാള കവിതയുടെ ചരിത്രവും ‘ഇന്ത്യൻ ലിറ്ററേച്ചറൽ’ വായിക്കാം.