Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ, വടകരയിലെ സൂര്യഗായത്രി; 15 കോടിയിലേറെ ആസ്വാദകരുള്ള കൊച്ചുഗായിക

Author Details
Singer Suryagayathri സൂര്യഗായത്രി. ചിത്രങ്ങൾ: അബു ഹാഷിം

കേരളത്തിന്റെ ജനസംഖ്യ മൂന്നരക്കോടിയിൽ താഴെയാണ്. പക്ഷേ, വടകരയ്ക്കടുത്തുള്ള പുറമേരിയിലെ 12 വയസ്സുകാരി സൂര്യഗായത്രി പാടിയ പാട്ടുകൾ യുട്യൂബിൽ ആസ്വദിച്ചവർ 15 കോടിയിലേറെ വരും! ജനപ്രിയ സിനിമാഗാനങ്ങൾ പാടി കിട്ടിയ ആസ്വാദകരുടെ കണക്കല്ലിത്. സൂര്യഗായത്രി പാടി ഹിറ്റാക്കിയത് ജിമിക്കി കമ്മലോ അഡാർ ലവ്വോ അല്ല. ഭക്തിരസം തുളുമ്പുന്ന ഭജനകളും കീർത്തനങ്ങളുമാണ് !

വിശ്വാസം വരാത്തവർക്ക് ഈ കണക്കുകൾ ഒന്നു നോക്കാം. ഭക്തകവി തുളസീദാസിന്റെ ‘ഹനുമാൻ ചാലീസ’ സാക്ഷാൽ എം.എസ്. സുബ്ബലക്ഷ്മി പാടി ഹിറ്റാക്കിയ സ്തോത്രഗീതമാണ്. സൂര്യഗായത്രി തന്റെ കുട്ടിശബ്ദത്തിൽ ഹനുമാൻ ചാലീസ പാടിയപ്പോൾ കണ്ടത് 2.4 കോടി ആളുകളാണ്. സുബ്ബലക്ഷ്മിയുടെ ഹനുമാൻ ചാലീസയുടെ യുട്യൂബിലെ ഏറ്റവും പ്രചാരമുള്ള വിഡിയോയ്ക്ക് ആസ്വാദകർ ആറു ലക്ഷത്തിൽ താഴെ!

Singer Surya Gayathri മാതാപിതാക്കളായ ദിവ്യ, അനിൽ, കുഞ്ഞനുജൻ ശിവസൂര്യ എന്നിവർക്കൊപ്പം സൂര്യഗായത്രി.

സുബ്ബലക്ഷ്മി പാടിയ ‘ജയ ഗണേശ ജയ ഗണേശ...’ എന്നു തുടങ്ങുന്ന ‘ഗണേശ പഞ്ചരത്നം’ യുട്യൂബിൽ ആസ്വദിച്ചവർ 10 ലക്ഷം മാത്രമാണെങ്കിൽ സൂര്യഗായത്രി അതു പാടിയപ്പോൾ കണ്ടവർ 1.8 കോടി! സൂര്യഗായത്രിയുടെ മറ്റു സൂപ്പർഹിറ്റുകളെപ്പറ്റിയും കോടിക്കണക്കിലാണു പറയാനുള്ളത്. പുരന്ദരദാസ കൃതിയായ ‘ഭാഗ്യാത ലക്ഷ്മി ബാരമ്മ...’യ്ക്ക് ആസ്വാദകർ 1.7 കോടി. തുളസീദാസിന്റെ ‘ശ്രീരാമചന്ദ്ര കൃപാലു...’ 1.3 കോടി... കൊച്ചു ഗായികമാർക്കൊപ്പം സംഘം ചേർന്നു പാടിയ ‘അയിഗിരി നന്ദിനി...’ 3.7 കോടി!!!

ഒരു പാട്ടു തന്നെ പല തവണ കേൾക്കുന്നവരും എല്ലാ പാട്ടുകളും കേൾക്കുന്നവരും 15 കോടി എന്ന കണക്കിൽ ചേർന്നിട്ടുണ്ടാവും. പക്ഷേ, സൂര്യഗായത്രിയുടേതായി യുട്യൂബിലുള്ള എല്ലാ പാട്ടുകളുടെയും കണക്കുകൾ കൂട്ടിയെടുത്താൽ അതു കേട്ടവർ ഇതിലുമേറെയുണ്ടാവും. യുട്യൂബല്ലാതെയുള്ള സമൂഹ മാധ്യമങ്ങളിൽ കേട്ടവർ വേറെ. ലോകമൊട്ടാകെ ഇത്രയധികം ആസ്വാദകരെ നേടി മലയാളത്തിന്റെ അഭിമാനമായി മാറുന്ന ഈ ഗായികയെ ‘ഇതാ ഭാവിയുടെ താരം’ എന്നു പറഞ്ഞല്ല മലയാള മനോരമ വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നത്. കാരണം, ഭാവിയുടെയല്ല, വർത്തമാനകാലത്തിന്റെ തന്നെ താരമാണ് ഈ എട്ടാംക്ലാസ് വിദ്യാർഥിനി.

മുന്നൂറോളം ഭജനസന്ധ്യകൾ
നടത്തിയ എട്ടാം ക്ലാസുകാരി

പുറമേരി കടത്തനാട്ട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒരു സാധാരണ വിദ്യാർഥിനിയായി കൂട്ടുകാർക്കൊപ്പം കളിച്ചുചിരിച്ചുല്ലസിച്ചു നടക്കുന്ന സൂര്യഗായത്രി ഇന്ത്യ മുഴുവൻ ആരാധകരുള്ള ഗായികയാണെന്ന കാര്യം പല സഹപാഠികൾക്കും അറിയില്ല. സുബ്ബലക്ഷ്മിയുടെ പിൻതുടർച്ചക്കാരിയെന്നും ‘ജൂനിയർ എംഎസ്’ എന്നുമൊക്കെ ഈ പ്രതിഭയെ വിശേഷിപ്പിക്കുന്നുവെന്ന കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല.

ഒരു റിയാലിറ്റി ഷോയിലും സൂര്യഗായത്രി പങ്കെടുത്തിട്ടില്ല. അവാർഡ് നൈറ്റുകളിലോ സ്റ്റേജ് ഷോകളിലോ പാടിയിട്ടുമില്ല. മൽസരിക്കാനില്ലെന്നു തീരുമാനിച്ച് സ്കൂൾ കലോൽസവങ്ങളിലും പങ്കെടുക്കാറില്ല. (അതിനുള്ള കാരണം പിന്നാലെ പറയാം) പുതിയ ഗായകർ സൃഷ്ടിക്കപ്പെടുന്നത് ഇത്തരം വേദികളിലാണെന്നു കരുതുന്നവർക്കു മുന്നിൽ ഇക്കാരണങ്ങൾ കൊണ്ടുതന്നെ സൂര്യഗായത്രി സുപരിചിതയാവണമെന്നില്ല.

Surya Gayathri Singer കടത്തനാട്ട് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ കൂട്ടുകാർക്കൊപ്പം സൂര്യഗായത്രി.

പക്ഷേ, കേരളത്തിനു പുറത്തുള്ള ലക്ഷക്കണക്കിനു ഭക്തിസംഗീതാസ്വാദകർക്ക് അങ്ങനെയല്ല. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനത്തുമായി മുന്നൂറോളം ഭജനസന്ധ്യകളാണ് ഈ ചെറുപ്രായത്തിനിടയിൽ സൂര്യഗായത്രി നടത്തിയിട്ടുള്ളത്. ഇവയിൽ പതിനഞ്ചിൽ താഴെ സംഗീതപരിപാടികൾ മാത്രമേ കേരളത്തിൽ നടന്നിട്ടുള്ളൂ എന്നതു വിചിത്രമായി തോന്നിയേക്കാം. അതിലുമേറെയുണ്ട് വിദേശത്ത്. ദുബായ്, സിംഗപ്പുർ, ദക്ഷിണാഫ്രിക്ക, ട്രിനിഡാഡ് തുടങ്ങിയ രാജ്യങ്ങളിലായി ഇരുപതോളം സൂര്യസംഗീത വേദികൾ. 

രണ്ടു മണിക്കൂറോളം നീളുന്നതാണ് ഈ സംഗീതപരിപാടികളൊക്കെയും. മൃദംഗം കലാകാരനായ അച്ഛൻ പി.വി. അനിൽകുമാറാണ് മകൾക്കു സ്റ്റേജിലെ കൂട്ട്. വയലിനിൽ ഇളയച്ഛൻ സനിൽകുമാറുമുണ്ടാവും. തബല വായിക്കുന്നത് പ്രശാന്ത് നിട്ടുർ. റിഥം പാഡുമായി ശൈലേഷ് മാരാർ...

പാടാൻ സൂര്യഗായത്രി മാത്രം.

ആന്ധ്രക്കാരിയും തമിഴത്തിയുമായ
മലയാളി ബാലിക

‘മാവേലി നാടു വാണിടും കാലം...’ പാടി, ഊഞ്ഞാലാടി, പൂക്കളമിട്ടു നടക്കുന്ന വിഡിയോ ഹിറ്റായി മുന്നേറുന്നുണ്ടെങ്കിലും സൂര്യഗായത്രി ഒരു മലയാളി പെൺകുട്ടിയാണെന്ന് അധികമാരും തിരിച്ചറിയുന്നില്ല.  പതിനഞ്ചാം നൂറ്റാണ്ടിലെ തെലുങ്ക് കവിയും സന്യാസിയുമായിരുന്ന അന്നമാചാര്യ എഴുതിയ ‘ബ്രഹ്മം ഒകടേ പര ബ്രഹ്മം ഒകടേ...’ (ബഹ്മം ഒന്നു മാത്രം...) എന്ന തെലുങ്കു കീർത്തനം കണ്ടവർക്ക് സൂര്യ ആന്ധ്രക്കാരിയാണെന്നതിൽ ഒരു സംശയവുമുണ്ടാവില്ല. 

(അന്നമാചാര്യരുടെ കൃതിയായ ‘ബ്രഹ്മം ഒകടെ....’ പാടുന്ന സൂര്യഗായത്രിയും രാഹുൽ വെള്ളാലും. ഇതിനകം എഴുപതു ലക്ഷത്തിലേറെ ആസ്വാദകർ ഈ ഗാനം യുട്യൂബിൽ കേട്ടുകഴിഞ്ഞു. സൂര്യയെക്കാളും ചെറുപ്പമായ രാഹുൽ വെള്ളാൽ ബെംഗളൂരു സ്വദേശിയാണ്. ആരുടെയും മനംകവരുന്നതാണ് ഈ കൊച്ചുഗായകരുടെ ഊർജവും പ്രസരിപ്പും ആലാപന മികവും.)

സി. രാജഗോപാലാചാരിയുടെ ‘കുറൈ ഒൻട്രും ഇല്ലൈ മറൈ മൂർത്തി കണ്ണാ...’ എന്ന തമിഴ് ഗാനം സൂര്യ പാടുന്നതു കേട്ടാൽ ഉറപ്പിക്കും, ഇവൾ ഒരു തമിഴ്ബാലിക തന്നെയെന്ന്. നിറഞ്ഞ  ഭക്തിയോടെ സൂര്യഗായത്രി പാടുന്ന ഈ പാട്ടാണ് ഏറ്റവുമൊടുവിൽ യുട്യൂബിലെത്തിയത്. രണ്ടു മാസംകൊണ്ട് അതു കേട്ടവർ 10 ലക്ഷം കവിഞ്ഞു.  ഈ പാട്ടിനു കിട്ടിയിട്ടുള്ള ആയിരത്തിലേറെ കമന്റുകളിൽ ഇന്ദിര പ്രിയദർശിനി എന്നൊരാൾ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘‘എന്റെ ജീവിതം എനിക്കു തിരിച്ചുനൽകിയത് ഈ ഗാനമാണ്. തുടർച്ചയായി അൻപതിലേറെ തവണ ഇതു ഞാൻ കേട്ടു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ‘കുറൈ ഒൻട്രും ഇല്ല...’ (എനിക്കു പരാതിയൊന്നുമില്ല കണ്ണാ...) എന്ന വരികളും സൂര്യഗായത്രിയുടെ ആലാപനവും എന്നെ എങ്ങനെ മാറ്റിയെടുത്തു എന്ന് വിവരിക്കാനാവുന്നില്ല...’’

മറ്റൊരാൾ, വിജയലക്ഷ്മി നാരായണന്റെ കമന്റ് ഇങ്ങനെ: ‘‘സൂര്യഗായത്രിയുടെ ഈ പാട്ടു കേട്ട് എന്നെപ്പോലെ എത്രപേർ കരഞ്ഞിട്ടുണ്ടാവും. ഈ ആനന്ദം ഏതു വാക്കുകളിലാണ് വിവരിക്കാനാകുക?’’

ഇതിനു മറുപടിയായി എസ്.സെൻ എന്നൊരാൾ എഴുതി: ‘‘ഞാനൊരു ബംഗാളിയാണ്. പക്ഷേ, ഈ പാട്ടിന്റെ ആഴത്തിലേക്കു കടക്കാൻ എനിക്കാവുന്നുണ്ട്. എന്നെപ്പോലുള്ള ആയിരക്കണക്കിനാളുകൾക്ക് ആത്മീയാനന്ദത്തിന്റെ തേൻ പകരാൻ സൂര്യഗായത്രിക്ക് ഇനിയും കഴിയട്ടെ.’’

സൂര്യഗായത്രിയെ കാണാൻ
പുറമേരിയിലെത്തുന്നവർ

സൂര്യഗായത്രിയുടെ പ്രശസ്തി എത്രത്തോളമുണ്ടെന്നറിയണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്നു പുറമേരിയിലെ വീട്ടിലേക്ക് എത്തുന്നവരുടെ കണക്കെടുത്താൽ മാത്രം മതി. ഏതാണ്ട് എല്ലാ ആഴ്ചയിലും ഈ കൊച്ചുവീട്ടിൽ സന്ദർശകരുണ്ടാവും. സൂര്യഗായത്രി പാടുന്നതു നേരിട്ടു കേൾക്കാനായാണ് ഏറെപ്പേരും വരുന്നത്. ചിലർക്ക് നേരിട്ട് അഭിനന്ദിക്കണം, സമ്മാനങ്ങൾ കൊടുക്കണം. ചിലർക്ക് കണ്ടാൽ മാത്രം മതി! 

‘‘സൂര്യയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു വിളിക്കുന്നവരോട് അടുത്തുനടക്കുന്ന ഏതെങ്കിലും സംഗീതപരിപാടികൾക്കു വരാനാണു പറയാറ്. അപരിചിതരായവർക്കു വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുക്കാറില്ല. പക്ഷേ, അവർ എങ്ങനെയെങ്കിലും വഴി കണ്ടുപിടിച്ചു വരും.’’– സൂര്യയുടെ അമ്മ ദിവ്യ പറയുന്നു.

Singer-Suryagayathri-2 സൂര്യഗായത്രി. ചിത്രം: അബു ഹാഷിം

‘‘ഒരു ദിവസം, ഇരുട്ടിത്തുടങ്ങിയ സമയത്ത് ചെന്നൈയിൽ നിന്നൊരാൾ വന്നു. അറുപതു വയസ്സിനടുത്തു പ്രായം വരും. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ടാക്സി പിടിച്ച് എങ്ങനെയൊക്കെയോ വീടു തപ്പിപ്പിടിച്ച് ഇവിടെ എത്തി. തന്റെ കൊച്ചുമകളാണ് സൂര്യയെന്നാണ് അദ്ദേഹം പറഞ്ഞത്! അടുത്ത് ഹോട്ടലുണ്ടാവുമെന്നു പ്രതീക്ഷിച്ചാണ് ആളു വന്നത്. ഒടുവിൽ ഇവിടെത്തന്നെ താമസിപ്പിക്കേണ്ടി വന്നു.’’

‘‘യുഎസിൽ നിന്നു വന്ന ദമ്പതികൾ പറഞ്ഞത് ഇത്തവണ അവർ അവധിക്കു വന്നത് സൂര്യഗായത്രിയെ കാണാൻ വേണ്ടി മാത്രമാണെന്നാണ്. കഴിഞ്ഞ മാസം ബെംഗളൂരുവിൽ നിന്നു വന്നത് 12 അംഗ സംഘമാണ്. ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാക്കൾ. ഈ സ്നേഹത്തിന് എന്താണു ഞങ്ങൾ പകരം കൊടുക്കുക?’’ – ദിവ്യ ചോദിക്കുന്നു.

കുൽദീപ് എം പൈ
എന്ന ഗുരുവും വഴികാട്ടിയും

ഒരു പാട്ടിന്റെ മൂളൽ എപ്പോഴും സൂര്യഗായത്രിക്കൊപ്പമുണ്ട്. പുറമേരിയിലെ സൂര്യകാന്തമെന്ന കൊച്ചുവീട്ടിൽ ഒന്നാംക്ലാസുകാരനായ കുഞ്ഞനുജൻ ശിവസൂര്യയുമൊത്ത് കളിചിരി തമാശകളുമായി ഓടിച്ചാടി നടക്കുമ്പോഴും, കളിക്കുമ്പോഴും, പഠിക്കുമ്പോഴും, ഉറങ്ങാൻ കിടക്കുമ്പോഴുമെല്ലാം ഒരു ജപമോ മന്ത്രമോ എന്നപോലെ ഈ മൂളൽ കൂടെയുണ്ടാവും. എൽകെജി ക്ലാസിലെ അധ്യാപികയാണ് ഈ പാട്ടുമൂളൽ ആദ്യം കണ്ടെത്തിയത്. ക്ലാസിലിരുന്നു പാട്ടുപാടുന്ന കുട്ടിയെ വഴക്കുപറയുകയല്ല, പ്രോത്സാഹിപ്പിക്കുകയാണ് ആ ടീച്ചർ ചെയ്തത്. മകളെ പാട്ടുപഠിപ്പിക്കണമെന്നും മാതാപിതാക്കൾ തീരുമാനിക്കുന്നതും അങ്ങനെയാണ്. 

അനിലിന്റെ സുഹൃത്തുകൂടിയായ സംഗീത അധ്യാപകൻ നിഷാന്ത് നാദാപുരം നാലുവയസ്സുകാരിയുടെ ആദ്യ ഗുരുവായി. കോഴിക്കോടുള്ള സംഗീത അധ്യാപിക എസ്. ആനന്ദിയാണു മറ്റൊരു ഗുരു. കുൽദീപ് എം. പൈ എന്ന സംഗീതജ്ഞന്റെ ശ്രദ്ധയിൽപെടുന്നതോടെയാണ് സൂര്യഗായത്രിയിലെ ഗായികയെ പുറംലോകം അറിയുന്നത്. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ കലാപ്രതിഭയായിരുന്ന കുൽദീപ് ഭക്തിസംഗീതരംഗത്ത് പേരെടുത്ത സംഗീതസംവിധായകനാണ്. ഒരു മൊബൈൽ കമ്പനിക്കു വേണ്ടി ‘ഹനുമാൻ ചാലീസ’ ഒരുക്കാ‍ൻ അവസരം കിട്ടിയപ്പോൾ വ്യത്യസ്തതയ്ക്കു വേണ്ടി അതൊരു കുട്ടിയെക്കൊണ്ട് പാടിക്കാൻ കുൽദീപ് തീരുമാനിച്ചു. അങ്ങനെയാണു സൂര്യഗായത്രിക്ക് ആദ്യ അവസരം കിട്ടുന്നത്.

ഒരു സാധന പോലെ 108 ദിവസം തുടർച്ചയായി പാടിയ ശേഷമായിരുന്നു റെക്കോർഡിങ്. റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോൾ ഒരു ചെറിയ പരസ്യത്തിൽ അവസാനിക്കേണ്ടതല്ല ആ സുന്ദര ആലാപനമെന്നു കുൽദീപിനു തോന്നി. അങ്ങനെയാണ്, പാടുന്നതിന്റെ വിഡിയോ കൂടി ഉൾപ്പെടുത്തി യുട്യുബിലെ സ്വന്തം ചാനലിൽ ‘ഹനുമാൻ ചാലീസ’ കുൽദീപ് അപ്‌ലോഡ് ചെയ്യുന്നത്. തൊട്ടുപിന്നാലെ ഗണേശപഞ്ചരത്നം കൂടി യുട്യൂബിലെത്തിയതോടെ സൂര്യഗായത്രിയെന്ന കുഞ്ഞുഗായികയെ ആസ്വാദകർ ശ്രദ്ധിച്ചുതുടങ്ങി.

സൂര്യയെ കൂടാതെ രാഹുൽ വെള്ളാൽ, ഭവ്യ ഗണപതി, മലയാളിയായ രഘുറാം മണികണ്ഠൻ തുടങ്ങി ‌‌‌നിരവധി കുട്ടികളെ കുൽദീപ് യുട്യുബിലൂടെ അവതരിപ്പിച്ചു. എല്ലാ പാട്ടുകളും വൻ ജനപ്രീതി നേടിയെങ്കിലും സൂര്യഗായത്രിയുടെ പാട്ടുകളാണ് കൂടുതൽ ചലനം സൃഷ്ടിച്ചത്. 

എന്തുകൊണ്ട് കലോൽസവങ്ങളിൽ 
മൽസരിക്കാനില്ല?

ഒരു കലാകുടുംബത്തിലാണ് സൂര്യഗായത്രി പിറന്നത്. അനിൽകുമാറിന്റെ അച്ഛൻ ബാലചന്ദ്രൻ നൃത്ത അധ്യാപകനായിരുന്നു. അമ്മ തങ്കമണി ഗായികയും. സൂര്യയുടെ അമ്മ പി.കെ. ദിവ്യ കവിതകളെഴുതും. അമ്മയെഴുതി, അച്ഛൻ ഈണംകൊടുത്ത പാട്ടുകളെല്ലാം സൂര്യയ്ക്കു പ്രിയപ്പെട്ടതാണ്. തിരിച്ചറിവുണ്ടാകുന്ന പ്രായമെത്തുംമുൻപുതന്നെ, തന്റെ കുഞ്ഞുകൈകളിൽ പിടിച്ച്, വഴിതെറ്റാതെ നടത്തി ഇവിടെ വരെയെത്തിച്ച അച്ഛനെയും അമ്മയെയും ദൈവങ്ങളെപ്പോലെയാണു സൂര്യഗായത്രി കാണുന്നത്. മാതാപിതാക്കളുടെ കാൽ തൊട്ടുനമസ്കരിച്ചശേഷം മാത്രം വീടിനു പുറത്തേക്കിറങ്ങുന്ന എത്ര കുട്ടികൾ ഈ കാലത്ത് വേറെയുണ്ടാവും?

സ്വന്തമായി ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പ്രാപ്തിയും ചെറുപ്രായത്തിൽ തന്നെ സൂര്യഗായത്രിക്ക് സ്വന്തമായിട്ടുണ്ട്. സ്കൂൾ കലോൽസവങ്ങളിൽ മൽസരിക്കാനില്ല എന്നത് അങ്ങനെയൊരു തീരുമാനമാണ്. ആറാം ക്ലാസ് വരെ കലോൽസവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്ന സൂര്യ പെട്ടെന്നൊരു ദിവസം മൽസരങ്ങളിൽനിന്നു വിട്ടുനിൽക്കാൻ തീരുമാനിച്ചു. എപ്പോഴും എല്ലാപിന്തുണയും നൽകി കൂടെ നിൽക്കുന്ന അധ്യാപകർക്കും കൂട്ടുകാർക്കും കാരണം പിടികിട്ടിയില്ല. 

ഒരിക്കൽ തിരുവണ്ണാമലയിൽ രമണാശ്രമത്തിൽ സൂര്യഗായത്രി പാടാനായി പോയി. അവിടെ പരിചയപ്പെട്ട ഒരു സ്വാമിയെ പിന്നീടൊരിക്കൽ ചെന്നൈയിൽ വീണ്ടുംകാണാനിടയായി. വിശേഷങ്ങൾ ചോദിച്ച സ്വാമിയോടു സ്കൂൾ കലോൽസവത്തിലും സംസ്കൃത കലോൽസവത്തിലുമായി ഒൻപതിനങ്ങളിൽ പങ്കെടുത്തെന്നും സമ്മാനം കിട്ടിയെന്നും പറഞ്ഞു, സൂര്യഗായത്രി.

കൂട്ടുകാർക്കു സമ്മാനം കിട്ടാനുള്ള അവസരം കളയാൻവേണ്ടി മാത്രമാണോ കലോൽസവത്തിൽ പങ്കെടുക്കുന്നതെന്ന ചോദ്യമായിരുന്നു അപ്പോൾ സ്വാമിയുടെ മറുപടി. ‘ഒരുപാട് അവസരങ്ങൾ ദൈവം തന്നു. ലോകം മുഴുവൻ സൂര്യയുടെ പാട്ട് എത്തിക്കഴിഞ്ഞു. ഇനി സമ്മാനത്തിനായല്ല പാടേണ്ടത്’ എന്നും പറഞ്ഞു സ്വാമി.

മൽസരത്തിനായും സമ്മാനത്തിനായും ഇനി പാടില്ലെന്ന ഉറച്ച തീരുമാനം അന്നത്തെ ആ ആറാം ക്ലാസുകാരിയുടേതാണ്!

മഴ പോലെ പെയ്യുന്ന
അനുഗ്രഹങ്ങൾ

സമ്മാനങ്ങൾ കിട്ടിക്കൊണ്ടേയിരിക്കുകയാണ്. ചോദിക്കാതെ, മൽസരിക്കാതെ കിട്ടുന്ന സമ്മാനങ്ങൾ. ഒരു നിയോഗം എന്നപോലെ നേട്ടങ്ങളെല്ലാം സൂര്യഗായത്രിയെ തേടിവന്നുകൊണ്ടേയിരിക്കുന്നു. ‘ഭാഗ്യംകൊണ്ടാണോ ഈ നേട്ടങ്ങൾ?’ എന്നു ചോദിച്ചപ്പോൾ  സൂര്യഗായത്രി ഒരു സംഭവം പറഞ്ഞു.

ഗുരു ആനന്ദി ടീച്ചർ കഴിഞ്ഞദിവസം ഒരു പുതിയ കീർത്തനം പഠിപ്പിച്ചു. എന്നെങ്കിലുമൊരിക്കൽ വലിയ ഗായികയായി മാറുമ്പോൾ തിരുപ്പതി ക്ഷേത്രത്തിൽ പാടാൻ വിളിക്കും. അന്നു പാടാൻ വേണ്ടിയെന്നു പറഞ്ഞാണ് അന്നാമാചാര്യരുടെ കൃതിയായ ഭാവമു ലോന... പഠിപ്പിച്ചത്. ‘തിരുപ്പതി ക്ഷേത്രത്തിൽ അന്നമാചാര്യരുടെ പാട്ടുകൾ മാത്രമേ പാടാൻ പറ്റു. വലിയ ഗായകർക്കു മാത്രമാണ് അവിടെ പാടാൻ അവസരം കിട്ടാറ്’ എന്നും പറഞ്ഞു ടീച്ചർ. പാട്ടുപഠിച്ച് സൂര്യ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ഫോൺ. തിരുപ്പതിയിൽ നിന്നാണ്! ബ്രഹ്മോൽസവത്തിനു പാടാൻ സൂര്യഗായത്രിയെ ക്ഷണിച്ചു കൊണ്ട് തിരുപ്പതി ക്ഷേത്രം ഭാരവാഹികൾ വിളിച്ചിരിക്കുന്നു!!

‘‘ഇതിനെ ‘ഭാഗ്യം’ എന്നല്ല, അനുഗ്രഹമെന്നു വിളിക്കാനാണെനിക്കിഷ്ടം’’ – സൂര്യ പറയുന്നു.

സെപ്റ്റംബർ 18ന് തിരുപ്പതിയിൽ സൂര്യഗായത്രി അന്നാമാചാര്യരുടെ പാട്ടുകൾ പാടും. അങ്ങനെ ടീച്ചർ ആഗ്രഹിച്ച പോലുള്ള ‘വലിയ’ ഗായികയായി സൂര്യഗായത്രി മാറും.

E-mail: sooryagayathriofficial@gmail.com