Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകക്കുറിപ്പിലെ ജീവിതം

sketch വര: ജിഷ്ണു പി. രാജ്

വെറുമൊരു പാചകക്കുറിപ്പ്, കഥയൊന്നുമല്ല – ഇതല്ലാതെ കരിഞ്ഞ വിറകിന്റെയും മസാലക്കൂട്ടിന്റെയും വിയർപ്പിന്റെയും മണമുള്ള അടുക്കളയിൽനിന്ന് വേറെന്ത്?... 

ഉണ്ടാകും – പാകത്തിന് എരിവും ഉപ്പും പുളിയും രസമുകുളങ്ങളെ തൊട്ടുണർത്തുന്ന ഗന്ധവും––– 

ഇനി ആവശ്യമുള്ള സാധനങ്ങളെക്കുറിച്ച് – 

സവാള – ഇടത്തരം വലുപ്പമുള്ളത് രണ്ടെണ്ണം. തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഇതിന് സിംഹാസനങ്ങൾ വരെ ഇളക്കാനുള്ള കഴിവുണ്ടെന്ന് ഓർക്കണം. 

അറ്റം കൂർത്ത് നല്ല നിറമുള്ള പുറത്തെ നിറവും പോളകളുടെ മുറുക്കവും കണ്ട് തിരഞ്ഞെടുത്താൽ ചിലപ്പോൾ... 

ഒന്നും പറയണ്ട – എത്ര നോക്കിയെടുത്താലും ഉള്ളിന്റെ ഉള്ളിലായി ചീഞ്ഞ് ദുർഗന്ധം വമിക്കുന്നുണ്ടാവും – ചില മനുഷ്യരെപ്പോലെ. 

തക്കാളി – ചുവന്നു പഴുത്തത് രണ്ടെണ്ണം. തൊലിയിൽ പാടുകളില്ലാത്ത നല്ല ദശക്കട്ടിയുള്ളത്. കവികൾ സുന്ദരിമാരുടെ കവിളിനെപ്പറ്റി പാടാറുള്ളതുപോലെ. 

ഉരുളക്കിഴങ്ങ് അര കിലോ – തൂക്കം കൃത്യമായില്ലെങ്കിൽ പിന്നെ സ്വാദ് ശരിയായില്ലെന്ന് കുറ്റപ്പെടുത്തരുത്. ഗുളിക കഴിച്ചശേഷം വലത്തോട്ട് ചരിഞ്ഞു കിടക്കണം എന്നു ഡോക്ടർമാർ പറയുന്നതുപോലെ ഇക്കാലത്ത് ഏതു കാര്യത്തിനും ഒരു മുൻകൂർ ജാമ്യം നല്ലതല്ലേ–– 

മുളകുപൊടി രണ്ടു ടീസ്പൂൺ എടുക്കാം. ചുവപ്പ് ഏറിയാൽ എരിവും പൊടിയും കൂടുമെന്ന് അനുഭവപാഠം – രണ്ടു ടീസ്പൂൺ മല്ലിപ്പൊടി അറക്കപ്പൊടിയുമായി വല്ലാതെ കൂട്ടുകൂടുന്നതിനാൽ വീട്ടിൽ പൊടിച്ചെടുക്കുന്നത് ഉത്തമം. 

ഇഞ്ചിയും വെളുത്തുള്ളിയും അൻപതു ഗ്രാം വീതം. ഇവർ കൂട്ടുകെട്ടിലൂടെ മാത്രം പ്രശംസ പിടിച്ചുപറ്റുന്നവരാണേ. തനിച്ച് നിൽക്കുമ്പോൾ ഭൂരിപക്ഷം കിട്ടാനിടയില്ലാത്ത ചില രാഷ്ട്രീയ പാർട്ടികൾ പോലെ. 

ഇനി വേണ്ടത് ഗരം മസാല ഒരു സ്പൂൺ – വടക്കൻ രുചികൾ നമ്മൾ മലയാളികൾക്ക് എത്ര പ്രിയമാണെന്നോ! പലതരം മസാലകളുടെ വിപണിതന്നെ എന്തു സജീവമാണ്! തഴച്ചു വളരുകയല്ലേ... 

പാചകത്തിനുവേണ്ട എണ്ണ നാലു ടേബിൾ സ്പൂൺ. ഹൃദയത്തിന്റെ പേരുള്ളതായാൽ ഏറെ നന്ന്. പകരം മറ്റൊന്നു വയ്ക്കുമ്പോൾ––– കണ്ടിട്ടില്ലേ? അതിരാവിലെ റോഡിലൂടെ കുടവയറും കുലുക്കി തെരുവു നായ്ക്കളോട് മത്സരിച്ച് ഓടിക്കിതച്ച് ആയുസ് നീട്ടിക്കിട്ടാൻ വേണ്ടി.... 

ഉണ്ടാക്കുന്ന വിധമാണ് അടുത്തത്. സവാള നീളത്തിലും കുറുകെയും ചെറുതായി അരിയുക. അരിയുമ്പോൾ പത്ര വാർത്തകൾ ഓർമിക്കുന്നതു നന്ന്– നാലു വയസ്സായ പെൺകുട്ടിയെ മിഠായി നൽകി പ്രലോഭിപ്പിച്ച് –––, ഇസ്തിരിയിടാത്ത കോട്ടൺ ഷർട്ടുപോലെ ചുക്കിച്ചുളിഞ്ഞ് കുമ്പളങ്ങപോലെ നരച്ച് കാലന്റെ നിഴൽ കണ്ണിൽ വീണിട്ടും പെണ്ണായതോണ്ട്... 

ഇനി ഉരുളക്കിഴങ്ങ് ഓരോന്നും നാലായി മുറിക്കണം. തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ വിഭജനം– നിലനിൽപിന്റെ രാഷ്ട്രീയ രസതന്ത്രം. 

ഇഞ്ചിയും വെളുത്തുള്ളിയും അരച്ചെടുക്കുക. ഉരുട്ടിയരച്ചാൽ പെട്ടെന്നു തന്നെ പാകമായി കിട്ടും. പൊലീസ് വകുപ്പിൽ ജോലിയുള്ളവരോ വിരമിച്ചവരോ വീട്ടിൽ ഉണ്ടെങ്കിൽ ഉപദേശം തേടാം – തക്കാളിയും മല്ലിയിലയും പൊടിയായരിഞ്ഞ് ഡിസൈനർ പൂക്കളം ഒരുക്കാൻ പാകത്തിൽ... 

പാചക എണ്ണ ചൂടായാൽ ഉരുളക്കിഴങ്ങ് വറുത്തെടുക്കുംവരെ വേണമെങ്കിൽ ഒരു മൂളിപ്പാട്ടു പാടാം. പക്ഷേ അതുകഴിഞ്ഞ് സവാള വഴറ്റുമ്പോൾ ക്ഷമ കാണിക്കണം. മൂപ്പു കുറഞ്ഞാൽ സ്വാദ് കിട്ടില്ല. ഏറിയാൽ കയ്ച്ച് പോകും. ജീവിതംപോലെ!–– 

വളരെ സൂക്ഷിച്ച് ––– പൊൻനിറം വരെ – പൊന്നിനോട് നമ്മൾക്ക് വല്ലാത്തൊരാസക്തിയല്ലേ...പിന്നെ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തു പാകമായാൽ മസാലകൾ ചേർക്കാം. പിന്നെയങ്ങോട്ട് ഇടവിടാതെ ചെറുതീയിൽ ഇളക്കണം. ഒട്ടും അധ്വാനിക്കാതെ എല്ലാം പെട്ടെന്നു നേടിയെടുക്കണം എന്നുള്ളവരെ ഓർമിപ്പിക്കുകയാണ്. 

മസാല മൂത്താൽ തക്കാളി ചേർക്കാം. ഇനി ഇടവിട്ട് ഇളക്കിയാൽ മതി– വിയർപ്പു തുടയ്ക്കാൻ സമയം കിട്ടും. മധ്യവയസെത്തി ഒരു വീടൊക്കെ വച്ചുകഴിഞ്ഞതുപോലെ! 

തക്കാളി വെന്തു പാകമായാൽ എണ്ണ തിരതോട്ടം നടത്തും. അപ്പോൾ ഉരുളക്കിഴങ്ങ് വറുത്തതും ഉപ്പും പാകത്തിനു വെള്ളവും ചേർത്ത് അടച്ചുവയ്ക്കാം. മക്കളെയൊക്കെ നല്ല നിലയിൽ കെട്ടിച്ചയച്ച രക്ഷിതാക്കളെപ്പോലെ ഇനി അൽപം സമാധാനമായി...എന്നാലും ഇടയ്ക്കൊരു കണ്ണു വേണം. ഒന്നു തുറന്ന് ഇളക്കി നോക്കാം. വെന്തു പാകമായാൽ മല്ലിയില ചേർത്ത് വിളമ്പുകയേ വേണ്ടൂ. വിഭവം എന്തായാലും അതു വേണ്ടവിധം വിളമ്പിയാൽ‌ രുചിയേറുമെന്ന് പഴമൊഴി. 

വായനക്കാരാ–––നന്ദി പറയും മുൻപ് ഒന്നുകൂടി വെറുമൊരു അടുക്കളക്കാരിയുടെ കുറിപ്പെന്നു തള്ളിക്കളയാൻ വരട്ടെ. 

കഥയല്ല ജീവിതം–––ജീവിതമല്ല പാചകം...ജീവിതത്തിൽ കഥയുണ്ട്; പാചകത്തിൽ ജീവിതവും...