Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാത്തൂർ ഭൂകമ്പത്തിന് 25 വയസ്സ്; നന്മയുടെ ഓർമയ്ക്ക്, ഇവൾ മനോരമ

Author Details
manorama-Banegaon-village ബാനെഗാവിന്റെ ഇപ്പോഴത്തെ ദൃശ്യം. ചിത്രം: വിഷ്ണു വി. നായർ

1993 സെപ്റ്റംബർ 30. 

ഗണേശോൽസവത്തിന്റെ സമാപനദിനത്തിൽ വിഗ്രഹ നിമജ്ജനം കഴിഞ്ഞ് രാത്രി വൈകിയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. 

നാടാകെ ആഘോഷലഹരിയിൽ മുങ്ങിയ ദിനം. രാത്രി വൈകിയിട്ടും ചിലർ വീടുകളിൽ തിരിച്ചെത്തിയിട്ടു പോലുമില്ല. 

ഉറക്കത്തിനിടെ, ട്രെയിൻ ആർത്തലച്ചുവരുന്നതുപോലൊരു ശബ്ദം. കണ്ണു തുറന്നപ്പോൾ എല്ലാം ഇളകിമറിയുന്നു. പാത്രങ്ങളും വീടിന്റെ തകരപ്പാട്ടകൾക്കൊണ്ടുള്ള ഭിത്തിയും പലകകൊണ്ടുള്ള മേൽ‍ക്കൂരയുമെല്ലാം സെക്കൻഡുകൾക്കകം നിലംപൊത്തി. കരിങ്കൽഭിത്തിയുള്ള വീടല്ലാതിരുന്നതിനാൽ ഞങ്ങളെല്ലാം പരുക്കുകളോടെ രക്ഷപ്പെട്ടു. 

Banegaon-main-gate

ഭൂകമ്പം താണ്ഡവമാടിയ ലാത്തൂരിൽ മലയാള മനോരമയും വായനക്കാരും ചേർന്നു പുനർനിർമിച്ചു നൽകിയ ബാനെഗാവ് ഗ്രാമത്തിൽ, ഹനുമാൻ ക്ഷേത്രത്തിന്റെ നടയിലിരുന്ന് പാണ്ഡുരംഗ് ബാബുറാവു ബിരാസ്ദർ ഇതു പറയുമ്പോൾ ഭൂകമ്പം നടന്നിട്ടു കാൽ നൂറ്റാണ്ടായെന്നു വിശ്വസിക്കാൻ അദ്ദേഹത്തിനാകുന്നില്ല. 32 വയസ്സുണ്ടായിരുന്ന ബാബുറാവു ആയിരുന്നു അന്ന് ബാനെഗാവിലെ സർപഞ്ച്. ഇപ്പോൾ, 57-ാം വയസ്സിൽ കാലം നരവീഴ്ത്തിയെങ്കിലും ആ നടുക്കുന്ന ഓർമികളിലേക്കെത്താൻ കണ്ണടച്ചു തുറക്കുന്ന സമയത്തിന്റെ അകലം പോലുമില്ല. 

മഹാരാഷ്ട്ര കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ ഭൂമി മാത്രമല്ല പിളർന്നത്; പതിനായിരത്തിലേറെപ്പേരുടെ ജീവനെടുത്ത, (അനൗദ്യോഗിക കണക്ക് ഇതിലേറെ) ഒരു ലക്ഷത്തോളം പേർക്കു പരുക്കേൽപിച്ച ദുരന്തം ലാത്തൂരിന്റെ ജീവിതത്തെയും രണ്ടായി പകുത്തു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ഭൂകമ്പത്തിനു പിന്നാലെ വരൾച്ചയും മഴക്കുറവും കൃഷിനാശവും ഇന്നും ലാത്തൂരിന്റെ മണ്ണിൽ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്നു. അതിനിടയിലും ജീവിതവും പച്ചപ്പും പിടിച്ചുനിർത്താനുള്ള പോരാട്ടത്തിന്റേതാണ് ഉയിർത്തെഴുന്നേൽപ്പുകാലത്തെ ഓരോ ദിനങ്ങളും. 

ശവംതീനിയുറുമ്പുകൾ 

പുലർച്ചെ 3.56ന് ആയിരുന്നു ഭൂകമ്പം. മറാഠ്‌വാഡ മേഖലയിലെ ലാത്തൂർ, ഉസ്മാനാബാദ് ജില്ലകളിൽ 60 ഗ്രാമങ്ങൾ തകർന്നു തരിപ്പണമായി. ഏറെയും കരിങ്കൽ ഭിത്തികൾ കൊണ്ടുള്ള വീടുകളായിരുന്നതിനാലും ആളുകൾ ഗാഢനിദ്രയിലായിരുന്ന സമയത്തായിരുന്നു ഭൂചലനം എന്നതും ദുരന്തത്തിന്റെ ആക്കംകൂട്ടി. ഖില്ലാരി എന്ന ഗ്രാമം പൂർണമായും ഇല്ലാതായി. മാതാപിതാക്കളെ നഷ്ടപ്പെട്ട കുറേപ്പേർ, മക്കളെ നഷ്ടപ്പെട്ടവർ, സഹോദരങ്ങളെ നഷ്ടപ്പെട്ടവർ. ഏതാനും സെക്കൻഡുകൾക്കിടെയാണ് ഗ്രാമങ്ങൾ കൽക്കൂമ്പാരമായി മാറിയത്. 

‘‘വീടിന്റെ അവശിഷ്ടങ്ങളിൽനിന്നു രക്ഷപ്പെട്ടു പുറത്തിറങ്ങിയപ്പോൾ ചുറ്റും നിലവിളി ശബ്ദങ്ങൾ. രക്ഷപ്പെട്ടവർ അടുത്തുള്ള വീടുകളിലേക്ക് ഓടി. കല്ലിനും മണ്ണിനും അടിയിൽനിന്ന് ഒട്ടേറെപ്പേരെ പുറത്തെടുത്തു. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ അന്നന്നു വൈകിട്ടുതന്നെ കൂട്ടമായി ദഹിപ്പിക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷമാണ് ഞങ്ങളുടെ ഗ്രാമത്തിൽ രക്ഷാപ്രവർത്തകരെത്തിയത്. അതിനിടെ, ശക്തമായ കാറ്റും മഴയും ആരംഭിച്ചു. ദിവസങ്ങൾ നീണ്ടുനിന്ന മഴയിൽ മൃതദേഹങ്ങൾ അഴുകാൻ തുടങ്ങി. കൈപിടിച്ചുവലിച്ചാൽ കൈ ഉൗർന്നുവരുന്ന, കാലിൽ വലിച്ചാൽ ഒരുഭാഗം അടർന്നുവരുന്ന വിധത്തിലായി. പാതി കത്തിയ ചിതകൾ മഴയിൽ അണഞ്ഞു. അവ തേടി ശവംതീനി ഉറുമ്പുകളെത്തി. പകർച്ചവ്യാധിഭീതി പരന്നപ്പോൾ ഭൂകമ്പ മേഖലയിൽ വ്യാപകമായി ഡിഡിടി വിതറി. വീശിയടിക്കുന്ന കാറ്റും, ദഹിപ്പിക്കുന്ന മൃതദേഹങ്ങളുടെ ഗന്ധവും, മുറിവുകളും കരച്ചിലുകളുമായി ഓരോ ദിനങ്ങളും പിന്നിടുകയായിരുന്നു - മാധവ് പാട്ടീൽ ഇന്നലെയെന്ന പോലെ ഓർത്തെടുക്കുന്നു. 

പ്രഭ പരത്തി പ്രഭാവതി

സന്നദ്ധ സംഘടനാ പ്രവർത്തകയായ അൽക ലോഖണ്ഡെ അവിശ്വസനീയമായി തോന്നാവുന്ന ഒരു കഥയാണു പങ്കുവച്ചത്. ഭൂകമ്പം നടന്നതിന്റെ മൂന്നാംദിവസം ഖില്ലാരി ഗ്രാമത്തിലെ ഒരു വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ കണ്ടെത്തി. വീട്ടിലെ മറ്റെല്ലാവരെയും വിധി കവർന്നെടുത്തപ്പോൾ കുരുന്നിനോടു മാത്രം കനിവുകാട്ടി. സേവ് ഒൗർ സിസ്റ്റേഴ്സ് എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരാണ് പ്രഭാവതി മുളെ എന്ന അവളെ എടുത്തുവളർത്തിയത്. പഠനശേഷം വൊളന്റിയറായി പ്രവർത്തനം തുടങ്ങിയ അവർ അവിടെ ജോലി ചെയ്യുന്ന യുവാവിനെ വിവാഹം കഴിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. ഇപ്പോൾ 25 വയസ്സു പിന്നിട്ട പ്രഭാവതിയെപ്പോലെ ഒറ്റപ്പെട്ടുപോയ, അവിടെ നിന്നു പൊരുതി ജീവിതം കരുപ്പിടിപ്പിച്ച ഒട്ടേറെപ്പേർ ലാത്തൂർ, ഉസ്മാനബാദ് ജില്ലകളിലുണ്ടെന്ന് അൽക പറയുന്നു. 

banegaon-PHS-and-anganwadi ബാനെഗാവിലെ പ്രാഥമിക ആരോഗ്യകേന്ദ്രവും അങ്കണവാടിയും

 മലയാള മനോരമ ഗ്രാമം

തകർന്നുകിടന്ന വീടുകളുടെ അവശിഷ്ടങ്ങളും തകരപ്പാട്ടകളുമെടുത്ത് താൽകാലിക ഷെഡ്ഡുകളുണ്ടാക്കി അതിലാണ് ലാത്തൂരിൽ അവശേഷിച്ചിരുന്ന ആളുകൾ കുറേനാൾ അന്തിയുറങ്ങിയത്. വിറങ്ങലിച്ചുനിന്ന മണ്ണിലേക്ക് ഇതിനിടെ ലോകത്തിന്റെ പല മേഖലകളിൽനിന്നു സഹായമൊഴുകാൻ തുടങ്ങി. ഭൂകമ്പം തരിപ്പണമാക്കിയ ഒരു നാടും ജനതയും പറന്നുയർന്നത് ആ സാന്ത്വന സ്പർശത്തിൽ നിന്നാണ്. 

ലാത്തൂർ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ബാനെഗാവ്. തിരുവനന്തപുരത്തുനിന്ന് 1500 കിലോമീറ്റർ അകലെ, ആ വിദൂര നാട്ടിൽ ഒരു ഗ്രാമം പുനർനിർമിക്കാൻ അന്നത്തെ മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം. മാത്യു തീരുമാനിച്ചു. പത്തുലക്ഷം രൂപ മനോരമയുടെ ആദ്യവിഹിതമായി നീക്കിവച്ചതിനൊപ്പം വായനക്കാരുടെ സഹായം തേടി. 45 ദിവസംകൊണ്ട് രണ്ടു കോടി 62 ലക്ഷം രൂപയാണ് സമാഹരിച്ചത്. കാൽനൂറ്റാണ്ടു മുൻപാണിത്! 

കൽക്കൂമ്പാരമായിരുന്ന ബാനേഗാവിനെ തനതുഗ്രാമമായി മാറ്റുകയായിരുന്നു ലക്ഷ്യം. ഗ്രാമത്തിന്റെ രൂപകൽപന ലാറി ബേക്കർ ഏറ്റെടുത്തു. തുടർന്ന് മലയാളിയായ ബെന്നി കുര്യാക്കോസും സംഘവും പദ്ധതിയെ മുന്നോട്ടു നയിച്ചു. 32 ഏക്കറിൽ ഗ്രാമം പുനസൃഷ്ടിക്കുന്നത് അങ്ങിനെയാണ്.

നാലുചുറ്റും മതിൽ. പിൻമതിലിനോടു ചേർന്നാണ് മുറികൾ. ഓരോ വീട്ടിലും ശുചിമുറി, ധാന്യങ്ങൾ സൂക്ഷിക്കാനുള്ള ഇടം. മുറ്റത്ത് കാലിത്തൊഴുത്ത്, വിറകുപുര, ആട്ടിൻകൂട്ടങ്ങൾക്ക് അന്തിയുറങ്ങാനൊരിടം...163 വീടുകളാണ് വായനക്കാരുടെ സഹകരണത്തോടെ ബാനെഗാവിൽ മനോരമ ഒരുക്കിയത്. ഹനുമാൻ ക്ഷേത്രം, രണ്ട് അങ്കണവാടികൾ, സ്കൂൾ, ഗ്രാമപഞ്ചായത്ത് ഓഫിസ്, വായനശാല, മഹിളാകേന്ദ്രം, മീറ്റിങ് ഹാൾ (ചാവടി), ആരോഗ്യകേന്ദ്രം, വ്യായാമകേന്ദ്രം എന്നിവ ഗ്രാമത്തിലുയർന്നു. പുനർനിർമിക്കപ്പെട്ട മറ്റൊരിടത്തും ഇല്ലാത്ത സൗകര്യങ്ങളാണ് മനോരമ ഗ്രാമത്തെ വേറിട്ടു നിർത്തിയത്. കേരളത്തിൽ നിന്നെത്തിച്ച തെങ്ങുകൾ ഇന്നും വീടുകൾക്കു മുന്നിൽ മലയാളത്തിന്റെ നന്മയുണർത്തുന്ന കാറ്റു വീശുന്നു അവിടെ. 

മനോരമ എന്ന പെൺകുട്ടി

രണ്ടു വർഷംകൊണ്ട് ഗ്രാമത്തിന്റെ നിർമാണം പൂർത്തിയായി. ഡൽഹിയിൽ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ 1995 ഡിസംബർ എട്ടിന് ഗ്രാമവാസികളായ 50 പേർ അവിടെയെത്തി താക്കോൽ ഏറ്റുവാങ്ങി. 

ആ സമയം, ലാത്തൂരിലെ മനോരമ ഗ്രാമത്തിൽ ഒരു വിശേഷമുണ്ടായി. ഹനുമാൻ ക്ഷേത്രത്തോടു ചേർന്നുള്ള സദാശിവ് പാട്ടീലിന്റെ വീട്ടിൽ ഒരു ഉണ്ണി പിറന്നു. ഐശ്വര്യമാണവൾ എന്നു ഗ്രാമമൊന്നാകെ പറഞ്ഞു. വീടിന്റെ താക്കോലുമായി ഡൽഹിയിൽനിന്നു തിരിച്ചെത്തിയ സദാശിവ് പാട്ടീൽ ഗ്രാമവാസികളുടെ സാന്നിധ്യത്തിൽ മകളെ ഇങ്ങനെ പേരുചൊല്ലിവിളിച്ചു - മനോരമ. കാതങ്ങൾക്ക് അകലെ നിന്ന് തേടിയെത്തിയ നന്മയുടെ ഓർമയ്ക്ക്. 

Manorama-with-family ഭർത്താവ് ഗജാനൻ പവാറിനും മക്കൾക്കുമെ‍ാപ്പം മനോരമ

ഇതൊന്നും അറിയാതെ മനോരമ കളിച്ചുവളർന്നു. പത്തുവയസ്സുള്ളപ്പോഴാണ് തന്റെ പേരിന്റെ പിന്നിലെ കഥ മനസ്സിൽ പതിയുന്നതെന്ന് മനോരമ പറഞ്ഞു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണിന്നവൾ. 

ലാത്തൂരിൽനിന്നു 100 കിലോമീറ്റർ അകലെ മൽകാപുർ ഗ്രാമത്തിലാണ് ഭർത്താവ് ഗജാനൻ പവാറിന്റെ വീട്. വിശേഷങ്ങൾ പറയുന്നതിനിടെ മനോരമ ചോദിച്ചു: ‘‘കേരളത്തിൽ ഇപ്പോൾ എങ്ങനെയുണ്ട് സ്ഥിതി?’’ പ്രളയദുരിതമെല്ലാം ആശങ്കയോടെയാണ് ടിവിയിൽ കണ്ടതെന്നും അടുത്ത വിളവെടുപ്പിനു ശേഷം കേരള ദുരിതാശ്വാസത്തിന് കഴിയാവുന്ന തുക കൈമാറാനാണ് തന്റെയും ബാനെഗാവ് ഗ്രാമവാസികളുടെയും ശ്രമമെന്നും അവർ പറഞ്ഞു. 

ബന്ധങ്ങളുടെ കണ്ണികൾ, കരുണയുടെ കരങ്ങൾ, അത് എവിടെനിന്ന് എവിടേക്കാണു നമ്മെ കൂട്ടിയിണക്കുന്നത്?

Banegaon-old-hanuman-temple ഭൂകമ്പത്തിൽ തകർന്ന ഹനുമാൻ ക്ഷേത്രം
Banegaon-temple ബാനെഗാവിൽ മനോരമ നിർമിച്ച ഹനുമാൻ ക്ഷേത്രം