Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാകരാ... നിനക്ക് ഇതിനുള്ള ഭാഗ്യമുണ്ടായല്ലോ; ഗാന്ധി ഓർമകളിൽ ഒരു അപൂർവ യാത്ര

Author Details
Prabhakaran-Pillai തിരുവിതാംകൂർ റിസർവ് പൊലീസിൽ വയർലെസ് ഓപ്പറേറ്ററായിരുന്ന ജി. പ്രഭാകരൻ പിള്ള. ചിത്രം∙ ആർ.എസ്.ഗോപൻ

ആഷസ് റിസീവ്ഡ്, സിറ്റ്വേഷൻ നോർമൽ...’ 

കൂറ്റൻ വയർലെസ് സെറ്റിന്റെ മൗത്ത്പീസിലൂടെ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്കു തരംഗമായൊഴുകിയ പ്രഭാകരൻ പിള്ളയുടെ സ്വരം ഒട്ടു പതറിയിരുന്നു. പാടില്ലാത്തതാണ്, പക്ഷേ, പറയുന്നതു രാഷ്ട്രപിതാവിന്റെ ചിതാഭസ്മത്തെപ്പറ്റിയാണ്. 

ജി.പ്രഭാകരൻ പിള്ള – തിരുവിതാംകൂർ റിസർവ് പൊലീസിലെ 5116 നമ്പർ വയർലെസ് ഓപ്പറേറ്റർ. കന്യാകുമാരിയിൽ നിമജ്ജനം ചെയ്യാൻ കൊണ്ടുപോയ മഹാത്മാഗാന്ധിയുടെ ചിതാഭസ്മത്തിന് അരൂരിൽനിന്നുള്ള അകമ്പടിക്കാരൻ. യാത്രയിലുടനീളമുള്ള സ്ഥിതി മേലാവിൽ അറിയിക്കുകയായിരുന്നു ദൗത്യം. തൊണ്ണൂറ്റഞ്ചാം വയസ്സിലും പ്രഭാകരൻ പിള്ളയുടെ ഓർമകൾ അന്നത്തെ സന്ദേശംപോലെ വ്യക്തം. 

മൂന്നു വെടിയൊച്ചകളുടെ ശേഷിപ്പ്

രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടീഷ് സേനയിലെ വയർലെസ് ഓപ്പറേറ്ററായിരുന്നു ആലപ്പുഴ കാക്കാഴം െപരുമ്പിള്ളിൽ പ്രഭാകരൻപിള്ള. യുദ്ധം അവസാനിച്ചു. 22–ാം വയസ്സിൽ പ്രഭാകരൻ പിള്ള പട്ടാളത്തിൽനിന്നു വിരമിച്ചു. പിന്നെ തിരുവിതാംകൂർ പൊലീസിലെ വയർലെസ് ഓപ്പറേറ്ററായി ആലപ്പുഴ എആർ ക്യാംപിലെത്തി. വയലാർ വെടിവയ്പിനു ശേഷം ചേർത്തല സ്റ്റേഷനിലേക്കു പോകാൻ പ്രഭാകരൻ പിള്ളയോട് ഇൻസ്പെക്ടർ ഉണ്ണിപ്പിള്ള നിർദേശിച്ചു. 

1948 ജനുവരി 30. മഹാത്മാഗാന്ധിക്കു വെടിയേറ്റു. എവിടെയും ഉപവാസവും പ്രാർഥനയും. ചിതാഭസ്മം രാജ്യത്തെ പുണ്യതീർഥങ്ങളിൽ ലയിപ്പിക്കാൻ തീരുമാനമായി. കന്യാകുമാരിയിൽ ഗാന്ധിജിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് തിരുവിതാംകൂർ സർക്കാർ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനു കത്തയച്ചു. 

G-Prabhakaran-Pillai ജി. പ്രഭാകരൻ പിള്ള.

യാത്ര തുടങ്ങുന്നു

1948 ഫെബ്രുവരി 11 ബുധൻ. തിരുവിതാംകൂറിന്റെ വടക്കേയറ്റമായ അരൂരിൽ കൊല്ലം ഡിവിഷൻ പേഷ്കാർ (കലക്ടർ) കാസിമും പൊലീസ് മേധാവി ഉസ്മാനും ഉൾപ്പെടെ വലിയ സംഘം കാത്തുനിൽക്കുന്നു. കൈതപ്പുഴക്കായലിലൂടെ അകലെ നിന്നെത്തുന്ന ബോട്ടിലേക്കാണു ശ്രദ്ധ. കടവിൽ വെള്ളമണൽ വിരിച്ച പന്തലുണ്ട്. സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് പട്ടം താണുപിള്ള, ടി.എം.വർഗീസ്, എ.ജെ.ജോൺ ഉൾപ്പെടെ നേതാക്കളും ജനങ്ങളും കടവിൽ നിറഞ്ഞു. 

ഉച്ചയ്ക്ക് 1.30. ആകാംക്ഷയ്ക്കു വിരാമമിട്ട് ബോട്ട് അരൂർമുക്കം കടവിൽ അടുത്തു. കൊച്ചിയിലെ പ്രയാണം അവസാനിപ്പിച്ച് മദ്രാസ് സംസ്ഥാന മന്ത്രി കോഴിപ്പുറത്തു മാധവമേനോന്റെ നേതൃത്വത്തിൽ ചിതാഭസ്മം തിരുവിതാംകൂറിന്റെ കരയിലടുത്തു. പൊലീസും പട്ടാളവും തോക്ക് താഴേക്കു കുത്തിപ്പിടിച്ചു ദുഃഖസൂചകമായി സല്യൂട്ട് നൽകി. സർക്കാരിനു വേണ്ടി പേഷ്കാരും ജനപ്രതിനിധിയായി പട്ടം താണുപിള്ളയും ചിതാഭസ്മം സ്വീകരിച്ചു. 

തിരുവിതാംകൂർ ട്രാൻസ്പോർട്ട് വകുപ്പിന്റെ പ്രത്യേക രഥത്തിൽ ചിതാഭസ്മം നിറച്ച ചെമ്പുകലശം സ്ഥാപിച്ചു. മാധവമേനോനും ഭാര്യ എ.വി.കുട്ടിമാളു അമ്മയും മകൾ ലക്ഷ്മിയും രഥത്തിൽ സ്ഥാനംപിടിച്ചു. ട്രാൻസ്പോർട്ട് ഡയറക്ടർ രാമമൂർത്തി രഥത്തിന്റെ സാരഥിയായി. ജനങ്ങൾ ഗാന്ധിജിക്കു ജയ് വിളിച്ചു. പലവട്ടം പാദസ്പർശമുണ്ടായ മണ്ണില‍ൂടെ മഹാത്മാവിന്റെ അവസാനശേഷിപ്പുമായി രഥം യാത്ര തുടങ്ങി. 

എട്ടാമത്തെ വണ്ടി

രഥത്ത‍ിനു മുന്നിൽ പൊലീസ് പൈലറ്റ്. പിന്നിൽ എട്ടാമത്തെ വാഹനത്തിൽ പ്രഭാകരൻപിള്ളയും വയർലെസ് സെറ്റും. അന്നത്തെ വയർലെസ് സെറ്റിന് ഒരു ടീപോയുടെ വലുപ്പമുണ്ട്. വിവരങ്ങളോരോന്നും അപ്പപ്പോൾ വയർലെസിലൂടെ തത്സമയ വിവരണമായി പ്രഭാകരൻപിള്ള കൈമാറിക്കൊണ്ടിരുന്നു. 

യാത്രയിലുടനീളം പ്രധാന കേന്ദ്രങ്ങളിൽ ചിതാഭസ്മ യാത്രയെത്തുമ്പോൾ ദേവാലയങ്ങളിൽ മണിനാദം മുഴങ്ങി. ചേർത്തല ക്ഷേത്രത്തിലെ പൂജാരി ചന്ദനവും പുഷ്പവും ചിതാഭസ്മ പേടകത്തിൽ ചാർത്തി. 

ആലപ്പുഴ നഗരത്തിലെ കടകളിൽ കറുത്ത കൊടിയുയർന്നു. ലിയോ തേർട്ട‍ീൻത് സ്കൂളിലെ സ്കൗട്സ് ഉപചാരം അർപ്പിച്ചു. മൗണ്ട് കാർമൽ കത്തീഡ്രലിൽ ദുഃഖസൂചകമായ മണിനാദം മുഴങ്ങി. ആലപ്പുഴ നഗരസഭ പാർക്കിനു മുന്നിലെ പൂപ്പന്തലിൽ നഗരസഭാധ്യക്ഷൻ ഹാരം അണിയിച്ചു. 

ഈ ഭാഗ്യം നിനക്കു മാത്രം

‘എടോ പ്രഭ‍ാകരാ...’ എന്ന വിളികേട്ടാണു പ്രഭാകരൻപിള്ള മുഖമുയർത്തിയത്. മുന്നിൽ തകഴി ശിവശങ്കരപ്പിള്ളയും എൻ.ശ്രീകണ്ഠൻനായരും. പ്രഭാകരൻപിള്ള ജീപ്പിൽനിന്നു പുറത്തിറങ്ങി. അമ്പലപ്പുഴ കച്ചേരി മുക്കിനു സമീപം പൊതുദർശനത്തിന് എത്തിയതാണ് ഇരുവരും. ‘എടാ, നിനക്ക് ഇതിനുള്ള ഭാഗ്യമുണ്ടായല്ലോ...’ പ്രഭാകരൻ പിള്ളയുടെ തോളിൽത്തട്ടി തകഴി പറഞ്ഞു. അമ്പലപ്പുഴയിൽ നിർത്തിയത് രണ്ടു മിനിറ്റ് മാത്രം. ഹരിപ്പാട് ക്ഷേത്രക്കവലയിൽ ഭക്ഷണം കഴിക്കാൻ 10 മിനിറ്റ്. എ.പി.ഉദയഭാനു, പാണ്ഡവത്തു ശങ്കരപ്പിള്ള എന്നിവരുടെ നേതൃത്വത്തിൽ ദീപക്കാഴ്ചയും ഭജനപ്പാട്ടും പുഷ്പാർപ്പണവും ഒരുക്കിയിരുന്നു. കായംകുളത്ത് നഗരസഭാധ്യക്ഷൻ ഹസൻ യാക്കൂബ് സേട്ട് പുഷ്പഹാരം അർപ്പിച്ചു. 

വൈകിട്ട് 5.40നു കൊല്ലം കന്റോൺമെന്റ് മൈത‍ാനത്ത് നഗരസഭാധ്യക്ഷൻ പി.രാഘവന്റെ നേതൃത്വത്തിൽ വലിയ ജനാവലി യാത്രയെ സ്വീകരിച്ചു. തിരുവനന്തപുരം നഗരാതിർത്തിയായ കറ്റച്ചക്കോണത്ത് മേയർ വരദരാജൻ നായരുടെ നേതൃത്വത്തിൽ സ്വീകരണം. ഇവിടെവച്ചു പട്ടം താണുപിള്ള രഥത്തിൽ പ്രവേശിച്ചു. മ്യൂസിയം ജംക്‌ഷൻ മുതൽ വിജെടി ഹാൾ വരെ ആയിരങ്ങളുടെ അകമ്പടിയോടെയാണ് ആദ്യദിവസം യാത്ര അവസാനിച്ചത്. 

തലസ്ഥാനം ദുഃഖത്താൽ തലതാഴ്ത്തി 

‘രഘുപതി രാഘവ രാജാറാം...’ ‘വൈഷ്ണവ ജനതോ...’ ഗാന്ധിജിയുടെ പ്രിയ ഗാനങ്ങൾ വിജെടി ഹാളിൽ മുഴങ്ങി. ഗാന്ധിസ്മരണയിൽ ജനങ്ങൾ വിതുമ്പി. ഗാനങ്ങളൊഴികെ ഹാൾ മൂകമായിരുന്നു. മഹാരാജാവിന്റെ പ്രൈവറ്റ് സെക്രട്ടറിയും ദിവാൻ സർ സി.പി.രാമസ്വാമി അയ്യരും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെടെ പ്രമുഖരും സാധാരണക്കാരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. രാത്രി പന്ത്രണ്ടുമണി വരെയും ജനങ്ങൾ വന്നുകൊണ്ടിരുന്നു. അന്നുരാത്രി കാണാൻ കഴിയാതെ കാത്തുനിന്നവർ അടുത്ത ദിവസം പുലർച്ചെ 5.30നു വീണ്ടും വിജെടി ഹാളിലെത്തി. 

അടുത്ത ദിവസം രാവിലെ 7.30ന‍ു പുറപ്പെട്ട് നാഗർകോവിൽ വഴി കന്യാകുമാരിയിലെത്തി. അവിടെ ഇപ്പോൾ ഗാന്ധിമണ്ഡപം സ്ഥിതിചെയ്യുന്ന സ്ഥാനത്ത് പ്ലാറ്റ്ഫോം കെട്ടിയാണ് ചിതാഭസ്മം സൂക്ഷിച്ചത്. മൂന്നു സമുദ്രങ്ങൾ സംഗമിക്കുന്ന കന്യാകുമാരിയിൽ ചിതാഭസ്മം നിമജ്ജനം ചെയ്തു. 

ചിതാഭസ്മ നിമജ്ജന യാത്രയുടെ വിവരണം തിരുവിതാംകൂർ റേഡിയോയില‍ൂടെ പ്രക്ഷേപണം ചെയ്തു. യാത്രയുടെ ദൃശ്യങ്ങൾ മൂന്നു കളർ ഫിലിമിൽ ചിത്രീകരിച്ചിട്ടുണ്ട്. ചിതാഭസ്മ നിമജ്ജനത്തിനു ശേഷം ‍പ്രഭാകരൻപിള്ള മടങ്ങിയ വഴി വിജനമായിരുന്നു. ഗാന്ധിയില്ലാത്ത ഇന്ത്യയും വലിയൊരു വിജനതയായിരുന്നു.

തിരുവിതാംകൂറിൽ ഗാന്ധിജിയുടെ ചിതാഭസ്മത്തിനു സ്വീകരണം നൽകിയ കേന്ദ്രങ്ങൾ

അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, ചവറ, കൊല്ലം, ചാത്തന്നൂർ, പാരിപ്പള്ളി, ആറ്റിങ്ങൽ, കഴക്കൂട്ടം, കറ്റച്ചക്കോണം, വിജെടി ഹാൾ, ഫോർട്ട് ജംക്‌ഷൻ, ആണ്ടിയിറക്കം, ബാലരാമപുരം, നെയ്യാറ്റിൻകര, പ‍ാറശാല, കുഴിത്തുറ, തക്കല, നാഗർകോവിൽ, വടശേരി ജംക്‌ഷൻ, ക്ലോക് ടവർ ജംക്‌ഷൻ, കോട്ടാർ, ശുചീന്ദ്രം, കന്യാകുമാരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.